സെമിയിലേക്കില്ല…മടക്കം ജയത്തോടെ

ടി-20 ലോകകപ്പില്‍ സെമിയിലേക്കില്ലാതെ നമീബിയക്കെതിരെ വിജയവുമായി ഇന്ത്യ. സൂപ്പര്‍ ട്വല്‍വ് ഗ്രൂപ്പ് രണ്ടിലെ അഞ്ചാമത്തെയും അവസാനത്തെയുമായ മത്സരത്തില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റിനാണ് നമീബിയയെ തകര്‍ത്തത്. നമീബിയ ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 28 പന്ത് ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

തിരിയുന്ന പന്തുകളുമായി നമീബിയയെ വിറപ്പിച്ച അശ്വിനും ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അശ്വിന്‍ നാല് ഓവറില്‍ 20 റണ്‍സും ജഡേജ നാല് ഓവറില്‍ പതിനാറ് റണ്‍സുമാണ് വിട്ടുകൊടുത്തത്. പേസര്‍ ജസ്പ്രീത് ബുംറ നാല് ഓവറില്‍ 19 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. രോഹിത് ശര്‍മയും കെ എല്‍ രാഹുലും അര്‍ധസെഞ്ച്വറികള്‍ നേടി. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്ത നമീബിയയുടെ ടോപ് സ്‌കോറര്‍ 26 റണ്‍സെടുത്ത ഡേവിഡ് വീസെയാണ്.

ലോകകപ്പിലെ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് മറ്റന്നാള്‍ തുടക്കമാകും. ആദ്യ സെമിയില്‍ ഇംഗ്ലണ്ട് ന്യൂസിലണ്ടിനെ നേരിടും. രണ്ടാം സെമിയില്‍ പാകിസ്ഥാന് ഓസ്‌ട്രേലിയയാണ് എതിരാളി. ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ നേരത്തെ തന്നെ പുറത്തായിരുന്നു. പാകിസ്ഥാന്‍, ന്യൂസിലണ്ട് ടീമുകളാണ് ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്നും സെമിയിലെത്തിയത്. നവംബര്‍ 14നാണ് ഫൈനല്‍.