ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡര്‍ നാടോടി നര്‍ത്തകി മഞ്ജമ്മ ജോഗതിയെ കലാരംഗത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രതിസന്ധികളോട് പോരാടിയാണ് ഇവരെത്തേടി പത്മ പുരസ്‌കാരമെത്തിയത്. മഞ്ജുനാഥ് ഷെട്ടി എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീടാണ് മഞ്ജമ്മയായി മാറിയത്. കൗമാരത്തിലാണ് താന്‍ ഒരു സ്ത്രീയാണെന്ന് അവര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യെല്ലമ്മ ദേവിയെ ആരാധിക്കുന്ന ക്ഷേത്രത്തില്‍ കുടുംബാംഗങ്ങള്‍ ഇവരെ എത്തിച്ചു. ജോഗപ്പ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ഇവിടെയാണുള്ളത്. ഈ സമൂഹത്തിലെ അംഗങ്ങള്‍ യെല്ലമ്മ ദേവിയെ വിവാഹം കഴിച്ചവരായിട്ടാണ് കരുതുന്നത്.
ദാരിദ്ര്യത്തിനും സാമൂഹിക ബഹിഷ്‌കരണത്തിനും അക്രമങ്ങള്‍ക്കും ഇരയായി. ഈ പ്രതിസന്ധികളെയെല്ലാം നേരിട്ട് ജോഗതി കലാരൂപങ്ങള്‍, നാടോടി സംഗീതം, മറ്റ് നൃത്തരൂപങ്ങള്‍, ജനപദ ഗാനങ്ങള്‍, സ്ത്രീദേവതകളെ സ്തുതിക്കുന്ന കന്നട ഭാഷയിലെ ഗീതകങ്ങള്‍ ഇവയെല്ലാം അഭ്യസിച്ചു. 2006 ല്‍ കര്‍ണാടക ജനപദ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2010 ല്‍ കര്‍ണാടക സര്‍ക്കാര്‍ കന്നട രാജ്യോത്സവ പുരസ്‌കാരം നല്‍കി ആദരിച്ചു. കര്‍ണാടക ജനപദ അക്കാദമിയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയാണ് മഞ്ജമ്മ ജോഗതി.

