ചൈനീസ് ബന്ധം ഒഴിവാക്കി; പുതിയ പബ്ജി ഗെയിം ഇന്ത്യയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: പുതിയ പബ്ജി ഗെയിം ഇന്ത്യയിൽ അവതരിപ്പിച്ചു. ചൈനീസ് ബന്ധം ഒഴിവാക്കിയാണ് രാജ്യത്ത് പുതിയ പബ്ജി ഗെയിം അവതരിപ്പിച്ചത്. പബ്ജി ന്യൂ സ്റ്റേറ്റ് എന്നാണ് പുതിയ ഗെയിമിന്റെ പേര്. ധക്ഷിണ കൊറിയൻ വിഡിയോ ഗെയിം ഡെവലപ്പറും പബ്ജിയുടെ നിർമാതാക്കളുമായ ക്രാഫ്റ്റനാണ് ഗെയിം ആഗോളതലത്തിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും പുതിയ ഗെയിം ഡൗൺലോഡ് ചെയ്യാം. നവംബർ 12 മുതൽ ആപ്പിൾ പ്ലേ സ്റ്റോറിൽ ഗെയിം ലഭ്യമാകും.

2020 സെപ്റ്റംബറിലാണ് ചൈനീസ് കമ്പനിയായ ടെൻസറിന്റെ കീഴിലുള്ള പബ്ജി മൊബൈൽ ഗെയിമിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയത്. പിന്നീടാണ് ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ രീതിയിൽ മാറ്റം വരുത്തി ചൈനീസ് ബന്ധം ഉപേക്ഷിച്ചുകൊണ്ട് ക്രാഫ്റ്റൺ ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യ (ബി.ജി.എം.ഐ) എന്ന പേരിൽ മറ്റൊരു ഗെയിം അവതരിപ്പിച്ചത്. ബി.ജി.എം.ഐയുടെ വികസനത്തിനായി ചൈന ആസ്ഥാനമായ ടെൻസന്റുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി ക്രാഫ്റ്റൺ വ്യക്തമാക്കിയിരുന്നു.

ഏകദേശം 1.4 ജി.ബിയാണ് ഗൂഗിൾ പ്ലേ സ്റ്റോറിലെ പബ്ജി ന്യൂ സ്റ്റേറ്റിന്റെ സൈസ്. വിവിധ ഫോണുകളിൽ വ്യത്യസ്ത സൈസുകളിലായിരിക്കും ഗെയിം ലഭ്യമാകുക. ആൻഡ്രോയ്ഡ് വേർഷൻ 6 അല്ലെങ്കിൽ അതിന് മുകളിലുള്ള ഫോണുകളിൽ ഗെയിം സൗജന്യമായി ഡൗൺലോഡ് ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി.