തിരുവനന്തപുരം: മോഹൻലാൽ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. ഡിസംബർ 2 നാണ് ചിത്രത്തിന്റെ റിലീസ്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. തിയേറ്റർ ഉടമകളിൽ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിർമാതാവ് ആന്റണി പെരുമ്പാവൂർ വേണ്ടെന്നു വച്ചെന്നും ഉപാധികളില്ലാതെയാകും ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ആന്റണി് പെരുമ്പാവൂരിന് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.
സിനിമാരംഗത്തെ എല്ലാ സംഘടനകളേയും ഒരുമിച്ച് നിർത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മരയ്ക്കാർ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. തിയേറ്ററിലെ സീറ്റിങ് കപ്പാസിറ്റി വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. ദീലിപിന്റെ ചിത്രം ഉൾപ്പെടെ പ്രധാന സിനിമകളെല്ലാം തിയറ്ററിലേക്ക് എത്തും. ഒടിടിയിലേക്ക് സിനിമകൾ പോകരുതെന്നും ചിത്രങ്ങൾ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
സിനിമകൾ തിയേറ്ററുകളിൽ തന്നെ സിനിമ റിലീസ് ചെയ്യാമെന്ന് നിർമ്മാതാക്കളെല്ലാം അറിയിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ വിശദമാക്കി. ഡിസംബർ 31 വരെ സിനിമകളുടെ വിനോദനികുതി ഒഴിവാക്കാൻ മുഖ്യമന്ത്രി ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനിച്ചതായും അദ്ദേഹം വിശദീകരിച്ചു.

