മുംബൈ: കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കാത്തവർക്ക് ഇനിമുതൽ റേഷനും പാചകവാതകവും ഇന്ധനവുമില്ല. ഔറംഗബാദ് ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവർക്ക് ഇനിമുതൽ റേഷനും പാചകവാതകവും ഇന്ധനവും നൽകരുതെന്ന് കളക്ടറുടെ പുതിയ ഉത്തരവ്. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ ജില്ലയിലെ വ്യാപാരികൾക്ക് നൽകിയതായി ജില്ലാ കളക്ടർ സുനിൽ ചവാൻ അറിയിച്ചു.
മഹാരാഷ്ട്രയിൽ വാക്‌സിനേഷന്റെ കാര്യത്തിൽ 26-ാം സ്ഥാനമാണ് ഔറംഗബാദിനുള്ളത്. 36 ജില്ലകളാണ് മഹാരാഷ്ട്രയിലുള്ളത്. അർഹരായ 55 ശതമാനം ആളുകൾ മാത്രമേ നിലവിൽ കുത്തിവെയ്പ്പ് സ്വീകരിച്ചിട്ടുള്ളൂവെന്നും എന്നാൽ സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ മുഴുവൻ വാക്‌സിനേഷൻ ശതമാനം 74 കടന്നതായും കളക്ടർ വ്യക്തമാക്കി.
കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ വാക്‌സിൻ സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം മാത്രം സാധനങ്ങൾ നൽകിയാൽ മതിയെന്നാണ് കളക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. നിർദ്ദേശം പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.

