Highlights (Page 163)

തിരുവനന്തപുരം: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഏരിയാ സമ്മേളനങ്ങൾ ആരംഭിച്ച് സിപിഎം. പുതിയ ഏരിയാ കമ്മിറ്റികളിൽ രണ്ട് വനിതകളെങ്കിലും വേണമെന്നാണ് സിപിഎമ്മിന്റെ നിർദ്ദേശം. മതന്യൂനപക്ഷ പ്രാതിനിധ്യം നിർബന്ധമായും വേണമെന്നും നിർദ്ദേശമുണ്ട്. ഏരിയാ സെക്രട്ടറിമാർ സഹകരണബാങ്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കരുത്. പൂർണസമയം പാർട്ടിക്കായി പ്രവർത്തിക്കുന്നവരാകണം സെക്രട്ടറിമാർ. സർക്കാരുമായി ബന്ധപ്പെട്ട് മുഴുവൻ സമയം പ്രവർത്തിക്കുന്നവരെ സെക്രട്ടറിമാരാക്കേണ്ടെന്നും സിപിഎം നിർദ്ദേശിച്ചു.

കണ്ണൂരിലാണ് ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ് നടക്കുന്നത്. കഴിഞ്ഞ ആഴ്ച്ച തന്നെ ഇവിടെ ഏരിയാ സമ്മേളനങ്ങൾ ആരംഭിച്ചു. എറണാകുളത്താണ് സംസ്ഥാന സമ്മേളനം. ഇവിടെയും ഏരിയാ കമ്മിറ്റികൾ ആരംഭിച്ചിട്ടുണ്ട്. ഏരിയാ കമ്മിറ്റി അംഗങ്ങൾ കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കാൻ സമയമുള്ളവരാകണമെന്ന് മാർഗരേഖയിൽ സി.പി.എം വിശദമാക്കുന്നുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ ജോലിയെടുക്കേണ്ടി വരുന്നയാൾ ഏരിയാ കമ്മിറ്റി അംഗമായാൽ പാർട്ടി പ്രവർത്തനത്തിന് സമയം മാറ്റിവയ്ക്കാൻ കഴിയാതെ വരുന്നു, വൈകിട്ട് ആറ് മണി മുതൽ മാത്രം പാർട്ടി പ്രവർത്തനത്തിന് സമയം ചെലവഴിക്കാനാവുന്നവർ ഏരിയാ കമ്മിറ്റിയിൽ കൂടുതലാവുന്നത് കമ്മിറ്റിയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാതിരിക്കുകയും, ഒരു പ്രവർത്തനത്തിലും ഭാഗമാകാതിരിക്കുകയും ചെയ്യുന്നവരെ ഒഴിവാക്കി പ്രവർത്തന സന്നദ്ധതയുള്ളവരെ ഉൾപ്പെടുത്തണമെന്നും സിപിഎം നിർദ്ദേശിച്ചു. ഏരിയാ, ലോക്കൽ കമ്മിറ്റികളിലുള്ളവർ രാത്രിയേറെ വൈകിയും കീഴ്ഘടകങ്ങളുടെ യോഗങ്ങളിൽ പങ്കെടുക്കാൻ ബാദ്ധ്യതപ്പെട്ടവരാണ്. പ്രായാധിക്യം, ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയാൽ യോഗങ്ങളിൽ പങ്കെടുക്കാനാവാത്തവർ കമ്മിറ്റികളിൽ തുടരുന്നുണ്ട്. ദീർഘകാലം അവർ പാർട്ടിക്കായി സേവനം നടത്തിയതിനെ ആദരിച്ചു കൊണ്ടു തന്നെ അവരെ കമ്മിറ്റിയിൽ നിന്നൊഴിവാക്കണമെന്ന നിർദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. കമ്മിറ്റികളിൽ കൂടുതൽ ചെറുപ്പക്കാരെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. അനുഭവസമ്പത്തുള്ളവരും പുതുതലമുറയിലുള്ളവരും ഉൾക്കൊള്ളുന്ന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിൽ മേൽകമ്മിറ്റി വ്യക്തമായ മാർഗനിർദ്ദേശം നൽകണമെന്നും മാർഗ രേഖയിൽ പറയുന്നു.

അടുത്ത മാസം പകുതിയോടെയാണ് ജില്ലാ സമ്മേളനങ്ങൾ ആരംഭിക്കുന്നത്. ഓരോ ജില്ലയിലും വിവിധ ഏരിയകൾക്ക് കീഴിൽ നിന്ന് ശരാശരി പത്ത് ശതമാനം പേരെ വീതം ജില്ലാ സമ്മേളനങ്ങളിൽ പ്രതിനിധികളാക്കാനാണ് നിർദ്ദേശം. കൂടുതൽ അംഗബലമുള്ള കമ്മിറ്റികളിൽ നിന്ന് 13 ശതമാനം വരെ പ്രാതിനിദ്ധ്യമുണ്ടാകണമെന്നും നിർദ്ദേശമുണ്ട്.

ഓസ്ട്രിയ: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഓസ്ട്രിയ. കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വാക്സിൻ എടുത്തില്ലെങ്കിൽ ഇനി വീട്ടിൽനിന്നും പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് ഈ ലോക്ക് ഡൗണിലൂടെ അർത്ഥമാക്കുന്നത്.

കോവിഡ് വ്യാപനം തുടരുകയും വാക്‌സിൻ വിരുദ്ധർ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഓസ്ട്രിയയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. 12 വയസ്സിനു മുകളിലുള്ള വാക്സിൻ എടുക്കാത്ത ആരും വീട്ടിൽനിന്നിറങ്ങരുത് എന്നാണ് ഓസ്ട്രിയൻ സർക്കാരിന്റെ ഉത്തരവ്. എന്നാൽ അത്യാവശ്യകാര്യങ്ങൾക്ക് ഇവർക്ക് പുറത്തിറങ്ങാം. ഓസ്ട്രിയയിലെ ജനസംഖ്യ 89 ലക്ഷമാണ്. പത്തു ദിവസത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്ന് ചാൻസലർ അലക്സാണ്ടർ ഷാലൻബർഗ് പറഞ്ഞു. പുറത്തിറങ്ങുന്നവർ വാക്സിൻ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാക്സിൻ എടുക്കാതെ പുറത്തിറങ്ങുന്നവർ 1450 യൂറോ (1.23 ലക്ഷം രൂപ) പിഴ അടക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

യൂറോപ്പിൽ വാക്‌സിനേഷനിൽ പിന്നിലുള്ള രാജ്യമാണ് ഓസ്ട്രിയ. ഞായറാഴ്ച്ച 11,522 പുതിയ കേസുകളാണ് ഓസ്ട്രിയയിൽ റിപ്പോർട്ട് ചെയ്തത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജനാധിപത്യ ചേരിയെ ശാക്തീകരിക്കാനുള്ള സിപിഎം ദേശീയ നേതൃത്വത്തിന്റെ ശ്രമങ്ങളെ പതിവുപോലെ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടുന്ന കേരള സംഘം അട്ടിമറിച്ചെന്ന് അദ്ദേഹം ആരോപിച്ചു. ദേശീയതലത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ കോൺഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്ന തീരുമാനം പോളിറ്റ് ബ്യൂറോ എടുത്തത് കേരള ഘടകത്തിന്റെ സമ്മർദ്ദം മൂലമാണോയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം നിലപാട് അങ്ങേയറ്റം ബുദ്ധിശൂന്യതയും വിവേകമില്ലായ്മയുമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളം മാത്രമാണ് സിപിഎമ്മിന് തുരുത്തായുള്ളത്. കേരള സിപിഎം നേതാക്കളുടെ നിലപാട് ബിജെപിക്ക് അനുകൂലമാണ്. കാലങ്ങളായി കേരളത്തിൽ സിപിഎമ്മും ബിജെപിയും തുടരുന്ന രഹസ്യ സഖ്യമാണ് ഇത്തരം ഒരു നിലപാട് പിബിയിൽ സ്വീകരിക്കാൻ കേരള നേതാക്കൾക്ക് ഇന്ധനം പകർന്നത്. അന്ധമായ കോൺഗ്രസ് വിരോധം വച്ചുപുലർത്തുന്ന കേരളത്തിലെ സിപിഎം നേതാക്കളുടെ മൃദുഹിന്ദുത്വ സമീപനത്തിന് തെളിവാണ് പിബിയിലെ നിലപാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വർഗീയ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ ജനാധിപത്യ മതേതര ശക്തികളെ സിപിഎം ഒറ്റിക്കൊടുക്കുകയാണ്. നരേന്ദ്ര മോദിയുടെ നയങ്ങളോടും നിലപാടുകളോടും യോജിക്കുന്ന നടപടികളാണ് അധികാരത്തിൽ എത്തിയത് മുതൽ കേരള മുഖ്യമന്ത്രി പിന്തുടരുന്നത്. ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് ഭീഷണിയെ ചെറുത്ത് തോൽപ്പിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യകക്ഷികളുടെ ദേശീയ ബദൽ രൂപപ്പെട്ടുവരുന്ന ഘട്ടത്തിലാണ് സിപിഎം കേരള ഘടകം പിന്നിൽ നിന്നും കുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ലാവ്‌ലിൻ കേസും സ്വർണ്ണക്കടത്ത് കേസും ബിജെപി നേതാക്കൾ പ്രതികളായ കുഴൽപ്പണക്കേസും എങ്ങനെ തെളിവുകളില്ലാതെ ആവിയായിപ്പോയി എന്ന് തിരിച്ചറിയാൻ സിപിഎം പിബിയിലെ കേരള നേതാക്കളുടെ നിലപാട് മാത്രം പരിശോധിച്ചാൽ മതിയെന്നും സുധാകരൻ അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി ഹൈക്കോടതി. മുൻ സിബിഐ ഉദ്യോഗസ്ഥരുമായുള്ള ഭൂമി ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസ് പ്രതികൾ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കേസിൽ തെളിവില്ലെന്ന് കണ്ടാണ് കോടതിയുടെ നടപടി. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി നേരത്തെ തിരുവനന്തപുരം സിബിഐ കോടതിയും തള്ളിയിരുന്നു.

ചാരക്കേസ് അന്വേഷിച്ചിരുന്ന കാലത്ത് കേസിൽ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി ഇവർ തമ്മിൽ ഭൂമി ഇടപാട് ഉണ്ടായിരുന്നു എന്നായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്ന ആരോപണം. കൂടുതൽ രേഖകളുണ്ടെങ്കിൽ അവയുമായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിലെ പ്രതികളായ എസ്. വിജയൻ ഉൾപ്പെടെയുള്ളവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ആരോപണവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാരന് ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: നവംബർ 14 മുതൽ അടുത്ത ഏഴ് ദിവസത്തേക്ക് ആറ് മണിക്കൂർ നേരത്തേക്ക് റെയിൽവേ ടിക്കറ്റ് റിസർവേഷൻ സൗകര്യങ്ങൾ ലഭിക്കില്ല. ഇന്ത്യൻ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്. സിസ്റ്റം നവീകരിണത്തിന്റെയും ട്രെയിനുകളുടെ വിവരങ്ങൾ പുതുതായി ചേർക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാത്രി 11.30 മുതൽ വെളുപ്പിന് 5.30 വരെയാണ് റിസർവേഷൻ സൗകര്യങ്ങൾ നിർത്തി വയ്ക്കുന്നത്. ഇന്ന് രാത്രി മുതൽ നവംബർ 21 വരെ ഈ നിലയിലായിരിക്കും പ്രവർത്തനമെന്ന് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി.

കോവിഡ് വൈറസ് വ്യാപനത്തിന് മുമ്പുണ്ടായിരുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലേക്കുള്ള മടങ്ങിപ്പോക്കിനാണ് ശ്രമിക്കുന്നതെന്നും നിരവധി പഴയ ട്രെയിനുകളുടെ വിവരങ്ങളും യാത്രക്കാരുടെ രേഖകളും അപ്‌ഡേറ്റ് ചെയ്യേണ്ടതുള്ളതിനാൽ വളരെയേറെ ശ്രദ്ധാപൂർവ്വമാണ് റെയിൽവേ ഈ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും റെയിൽവേ അറിയിച്ചു. ടിക്കറ്റ് റിസർവേഷൻ, ബുക്കിംഗ്, റദ്ദാക്കൽ, വിവരങ്ങൾ അറിയുന്നതിനുള്ള സൗകര്യം തുടങ്ങിയ സേവനങ്ങളൊന്നും ഈ സമയം ലഭ്യമായിരിക്കില്ലെന്നും ഇവ ഒഴിച്ചുള്ള മറ്റ് 139 സേവനങ്ങളും യാത്രക്കാർക്ക് പ്രയോജനപ്പെടുത്താമെന്നും റെയിൽവേ അധികൃതർ കൂട്ടിച്ചേർത്തു.

കാലം മാറി കഥ മാറി എന്നു പറയാറില്ലേ…അത് തന്നെയാണ് നമ്മുടെ നിത്യ ജീവിതത്തില്‍ നടത്തുന്ന പണമിടപാടുകളുടെ കാര്യത്തിലും. ഓണ്‍ലൈന്‍ പണമിടപാടുകള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. മറ്റൊരാള്‍ക്ക് പണം അയക്കുന്നതോ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നതോ തുടങ്ങി ഒട്ടുമിക്ക സാമ്പത്തിക ക്രയവിക്രയങ്ങളും ഓണ്‍ലൈനില്‍ കൂടിയാണ് നാം ഇന്ന് നിര്‍വഹിക്കുന്നത്. പണ്ട് ബാങ്കുകളുടെ മുമ്പില്‍ ക്യൂ നിന്ന് സാധിച്ചിരുന്ന മിക്ക കാര്യങ്ങളും ഇന്ന് ഓണ്‍ലൈനില്‍ നടക്കും. അക്കൗണ്ട് തുടങ്ങാന്‍ പോലും ബാങ്കില്‍ നേരിട്ട് പോകേണ്ടതില്ലാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്.

2017ല്‍ ആണ് ഗൂഗിള്‍ അവരുടെ മൊബൈല്‍ പേയ്‌മെന്റ് സേവനം ഗൂഗിള്‍ ടെസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പിന്നീട് കമ്പനി തങ്ങളുടെ പേയ്‌മെന്റ് സര്‍വീസിന്റെ പേര് ഗൂഗിള്‍ പേ എന്നാക്കി മാറ്റി. ഉപയോക്താക്കള്‍ക്ക് പണം കൈമാറാന്‍ ഐഎഫ്എസ്സി കോഡ് ആവശ്യമില്ല എന്നതാണ് ഗൂഗിള്‍ പേയുടെ പ്രധാന സവിശേഷത. യുപിഐ അധിഷ്ഠിത സര്‍വീസില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്താണ് ഉപയോഗിക്കുന്നത്. ഒന്നും ഒന്നില്‍ അധികം ബാങ്ക് അക്കൗണ്ടുകളും ഇങ്ങനെ കണക്റ്റ് ചെയ്യാനാകും. ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാന്‍ ആദ്യം നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ പേയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ഇത്തരത്തില്‍ ഗൂഗിള്‍ പേയും ബാങ്ക് അക്കൗണ്ടും തമ്മില്‍ ലിങ്ക് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.

ഗൂഗിള്‍ പേ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യേണ്ടതെങ്ങനെ?

ആദ്യം തന്നെ നിങ്ങളുടെ ബാങ്ക് യുപിഐ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
ശേഷം ഗൂഗിള്‍ പേ ആപ്പ് തുറക്കുക. ബാങ്ക് അക്കൗണ്ട് ചേര്‍ക്കുന്നതിനായി നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് കൈവശം വെക്കുക.
നിങ്ങള്‍ ഗൂഗിള്‍ പേ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുക. അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുക.
ബാങ്ക് അക്കൗണ്ട് ചേര്‍ക്കാനുള്ള ഓപ്ഷന്‍ കാണാന്‍ കഴിയും ഇതില്‍ ടാപ്പ് ചെയ്യുക തുടര്‍ന്ന് എല്ലാ ബാങ്കുകളുടെയും ഒരു ലിസ്റ്റ് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക. ബാങ്ക് സ്ഥിരീകരണ പ്രക്രിയ സുഗമമായി നടക്കുന്നതിന് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അതേ നമ്പര്‍ ഗൂഗിള്‍ പേയിലും നല്‍കണം.
നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുമ്പോള്‍, എസ്എംഎസ് വെരിഫിക്കേഷന്‍ നടത്താന്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക.
തുടര്‍ന്ന്, ഗൂഗിള്‍ പേയില്‍ നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് കാണാന്‍ കഴിയും. ശേഷം ‘തുടരുക’ എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
തുടര്‍ന്ന് നിങ്ങളുടെ ഡെബിറ്റ് കാര്‍ഡിന്റെ വിശദാംശങ്ങള്‍ നല്‍കേണ്ട ഒരു അക്കൗണ്ട് സ്ഥിരീകരണ പേജ് കാണാന്‍ കഴിയും.
സ്റ്റാര്‍ട്ട് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക, ഓണ്‍സ്‌ക്രീന്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഡെബിറ്റ് കാര്‍ഡിന്റെ അവസാന അക്കങ്ങള്‍ നല്‍കുക.
ഗൂഗിള്‍ പേ നിങ്ങളോട് ഒരു പിന്‍ സൃഷ്ടിക്കാന്‍ ആവശ്യപ്പെടും, ഓരോ തവണയും നിങ്ങള്‍ പേയ്മെന്റ് നടത്തുമ്പോള്‍ ഈ പിന്‍ നല്‍കേണ്ടതുണ്ട്. ക്രിയേറ്റ് എ പിന്‍ എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
നിങ്ങള്‍ക്ക് ഇഷ്ടമുള്ള പിന്‍ നമ്പര്‍ നല്‍കുക, നിങ്ങളുടെ ഫോണില്‍ ഒരു ഓടിപി ലഭിക്കും. ഇത് എന്റര്‍ ചെയ്ത ശേഷം ടിക്ക് ചിഹ്നത്തില്‍ ടാപ്പ് ചെയ്യുക. ഇതോടെ നിങ്ങളുടെ ഗൂഗിള്‍ പേയിലൂടെ ബാങ്കിങ് സേവനങ്ങള്‍ ആസ്വദിക്കാനാകും.

ചുരങ്ങിയ ദിവസങ്ങള്‍ കൊണ്ട് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ‘അണ്ണാത്തെ’. ഗംഭീര വരവേല്‍പാണ് ചിത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്.

ഇരുനൂറ് കോടിയിലധികം രൂപയാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ബോക്സ് ഓഫീസില്‍ നേടിയത്. കനത്തമഴയേയും, വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസം തമിഴ്നാട്ടില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ ചെറിയ ഇടിവ് വന്നു. എന്നാല്‍, ഇന്നലെ മുതല്‍ വീണ്ടും പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് എത്താന്‍ തുടങ്ങി. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം കുടുംബ പ്രേക്ഷകരെ തിയേറ്ററിലേക്ക് കൊണ്ടുവരാനും ചിത്രത്തിന് സാധിച്ചു.

ചിരുത്തൈ ശിവ സംവിധാനം ചെയ്ത അണ്ണാത്തെ നവംബര്‍ നാലിനാണ് തിയേറ്ററുകളിലെത്തിയത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുശ്ബു, മീന തുടങ്ങി വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്.

പുത്തന്‍ സവിശേഷതയുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് വാട്‌സ്ആപ്പ് ഇപ്പോള്‍. മികച്ച ഉപഭോക്തൃ അനുഭവത്തിനും സുരക്ഷക്കും പ്രാധാന്യം നല്‍കിയാണ് വാട്‌സ്ആപ്പ് സവിശേഷതകള്‍ പുറത്തിറക്കുന്നത്. പുതിയ ഫീച്ചര്‍ വരുന്നതോടെ കൂടുതല്‍ സ്വകാര്യത വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു. നിലവില്‍ ലാസ്റ്റ് സീന്‍ എല്ലാവരില്‍ നിന്നും മറച്ച് വെക്കാനുള്ള ഫീച്ചറാണ് ആപ്പില്‍ ഉള്ളത്. ഇതില്‍ കൂടുതല്‍ ഓപ്ഷന്‍സ് നല്‍കുന്നതാണ് പുതിയ ഫീച്ചര്‍.

നിലവില്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ ‘ലാസ്റ്റ് സീന്‍’ സ്റ്റാറ്റസ് എല്ലാവരില്‍ നിന്നും മറച്ച് വെക്കാന്‍ സാധിക്കും. അതല്ലെങ്കില്‍ അവരുടെ കോണ്‍ടാക്റ്റുകള്‍ക്ക് മാത്രം കാണാവുന്ന രീതില്‍ ആക്കാനോ മറ്റാരും കാണാത്ത രീതിയിലേക്ക് മാറ്റാനോ സാധിക്കും. പുതിയ ഫീച്ചറില്‍ മറ്റൊരു ഓപ്ഷന്‍ കൂടി വരും. പുതിയ ഓപ്ഷന്‍ സ്റ്റാറ്റസ് കാണുന്ന ആളുകളെ തിരഞ്ഞെടുക്കുന്ന പോലെ ചില ആളുകളെ ഒഴിവാക്കികൊണ്ട് നമ്മുടെ കോണ്‍ടാക്റ്റ്‌സിലെ മറ്റ് ആളുകള്‍ക്ക് മാത്രം ലാസ്റ്റ് സീന്‍ കാണാനുള്ള ഓപ്ഷന്‍ നല്‍കും. മൈ കോണ്‍ടാക്റ്റ്‌സ് എക്‌സപ്റ്റ് എന്ന ഓപ്ഷനാണ് ഇതിനായി ലഭിക്കുക.

ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ സ്റ്റാറ്റസ് അപ്ഡേറ്റ് കാണാനുള്ള ആക്സസ് ആരെയൊക്കെ ഒഴിവാക്കണമെന്ന് തിരഞ്ഞെടുക്കാനും നിങ്ങള്‍ക്ക് കഴിയും. ഈ ഫീച്ചറിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. എന്നാല്‍, നിങ്ങള്‍ ആരെയെങ്കിലും ഇത്തരത്തില്‍ ലാസ്റ്റ് സീന്‍ കാണുന്നതില്‍ നിന്നും ഒഴിവാക്കിയാല്‍ അവരുടെ ലാസ്റ്റ് സീന്‍ നിങ്ങള്‍ക്കും കാണാന്‍ സാധിക്കുകയില്ല.

club house

തിരുവനന്തപുരം: പുതിയ മാറ്റങ്ങളുമായി ക്ലബ് ഹൗസ്. ചർച്ചകൾ റെക്കോഡ് ചെയ്യാനുള്ള ഫീച്ചർ ക്ലബ് ഹൗസിൽ അവതരിപ്പിച്ചു. ഒരു തത്സമയ സെഷൻ റെക്കോഡ് ചെയ്യാനും സ്വന്തം പ്രൊഫൈലിലോ ക്ലബ്ബിലോ സേവ് ചെയ്യാനും സാധിക്കുന്ന റീപ്ലേ എന്ന ഫീച്ചറാണ് ക്ലബ്ഹൗസ് അവതരിപ്പിച്ചത്. ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ പുതിയ സംവിധാനം ലഭ്യമാണ്. റെക്കോഡ് ചെയ്ത ഫയലുകൾ ഡൗൺലോഡ് ചെയ്ത് ആപ്പിന് പുറത്ത് ഷെയർ ചെയ്യാനും ഇനിമുതൽ കഴിയുന്നതാണ്.

ക്ലബ്ഹൗസിലെ റൂമിൽ റീപ്ലേ സംവിധാനം വേണമോയെന്ന് തീരുമാനിക്കാനുള്ള അവകാശം അഡ്മിനുകൾക്കാണ്. റീപ്ലേ സംവിധാനം അനുവദിക്കുകയാണെങ്കിൽ ആ റൂമിലെ ഏല്ലാവർക്കും ചർച്ച മൊത്തത്തിൽ റെക്കോഡ് ചെയ്യാനും പിന്നീട് ആവശ്യമുള്ളപോലെ കേൾക്കാനും സാധിക്കും.

റെക്കോഡഡ് സെഷനുകൾ തത്സമയ ചർച്ചകളുടെ തന്നെ അനുഭവം നൽകും. റീപ്ലേ ഉപയോഗിക്കുന്ന ഒരാൾക്ക് റെക്കോഡിങ് പോസ് ചെയ്യാനും അടുത്ത സ്പീക്കറുടെ സംസാരം തെരഞ്ഞെടുക്കാനും കൂടുതൽ വേഗത്തിൽ സംസാരം കേൾക്കാനുമുള്ള അവസരമുണ്ട്. ആരൊക്കെ റീപ്ലേ ഉപയോഗിക്കുന്നുണ്ടെന്ന് അറിയാൻ അഡ്മിനുകൾക്ക് കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

മലപ്പുറം: മരച്ചീനി ഇലയിലെ സയനോജന്‍ എന്ന ഘടകത്തിന് അര്‍ബുദത്തെ തടയാനുള്ള ശേഷിയുണ്ടെന്ന് കണ്ടെത്തല്‍. ഇലയുടെ കയ്പ് രസത്തിനു കാരണം സയനോജന്‍ ആണെന്ന് ഡോ. ജയപ്രകാശ് പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്പ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.ടി.സി.ആര്‍.ഐ.) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് പൊന്നാനി ഗ്രാമം സ്വദേശി സി.എ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര ഗവേഷണ ജേണലായ ‘ടോക്‌സിക്കോളജി’യില്‍ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. ടി. ജോസഫ്., എസ്. ശ്രീജിത്ത് എന്നീ വിദ്യാര്‍ത്ഥികളാണ് ഗവേഷണത്തിലെ പങ്കാളികള്‍. പൂജപ്പുരയിലുള്ള ശ്രീ ചിത്തിര ഗവേഷണ സ്ഥാപനത്തില്‍ ഡോ. മോഹനനാണ് ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ചത്. ഇസ്രായേലിലെ ശാസ്ത്രജ്ഞരും നേരത്തേ ഈ നിഗമനത്തിലെത്തിയിരുന്നു. എന്നാല്‍, സയനോജനെ മരച്ചീനി ഇലയില്‍നിന്ന് വേര്‍തിരിക്കുന്ന സാങ്കേതികത്വം വികസിപ്പിച്ചിരുന്നില്ല.

വിക്രം സാരാഭായി സ്‌പേസ് റിസര്‍ച്ച് സെന്ററിന്റെ (വി.എസ്.എസ്.സി.) സഹായത്തോടെ ഇതിനുള്ള യന്ത്രവും സി.ടി.സി.ആര്‍.ഐ.യില്‍ സ്ഥാപിച്ചു. മരച്ചീനി ഇലയില്‍നിന്ന് വേര്‍ തിരിച്ച സയനോജന്‍ തന്മാത്ര ഉപയോഗിച്ച് ഡോ. ജയപ്രകാശ് നേരത്തേ ജൈവകീടനാശിനി കണ്ടുപിടിച്ചിരുന്നു.