കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. നിര്‍ണായക വെളിപ്പെടുത്തലുമായി ഡ്രൈവര്‍ രംഗത്ത്. ഒരു ഓഡി കാറിനെ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് മാള സ്വദേശിയായ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്റെ മൊഴി.
മോഡലുകളും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ ഒരു ഓഡി കാര്‍ ചേസ് ചെയ്യുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് അബ്ദുള്‍ റഹ്മാന്റെ വെളിപ്പെടുത്തല്‍. അപകട ശേഷം നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ ഇടപ്പള്ളിയില്‍ നിന്ന് തിരികെ അപകസസ്ഥലത്തെത്തിയെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഓഡി കാറില്‍ നിന്ന് മരിച്ചവരുടെ സുഹൃത്തായ സൈജോ എന്നയാള്‍ ഇറങ്ങുന്ന ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. മത്സരയോട്ടം നടന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഒക്ടോബര്‍ 31 ന് രാത്രി നടന്ന പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് 2019ലെ മിസ് കേരളയായിരുന്ന അന്‍സി കബീറും മിസ് കേരള ഒന്നാം റണ്ണര്‍ അപ്പായിരുന്ന ഡോ. അഞ്ജന ഷാജനും അപകടത്തില്‍ പെടുന്നത്. വൈറ്റില ബൈപ്പാസ് റോഡില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ഇടിച്ചിറങ്ങിയ നിലയിലായിരുന്നു വാഹനം. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. രാത്രി വൈകിയും മദ്യം വിറ്റെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടി നടന്ന ഹോട്ടല്‍ എക്സൈസ് അധികൃതര്‍ പൂട്ടിക്കുകയും ചെയ്തിരുന്നു.

