ലക്ഷണങ്ങളോട് കൂടിയ കൊവിഡിനെതിരെ കൊവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കൊവാക്‌സിന്‍ ലക്ഷണങ്ങളോടു കൂടിയ കൊവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്. മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റിലാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് സുരക്ഷയുടെ കര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല.
കൊവാക്സിന്‍ സ്വീകരിക്കുന്നരുടെ ശരീരത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ശക്തമായ ആന്റി ബോഡി രൂപപ്പെടുന്നു. നിര്‍ജീവമാക്കിയ വൈറസ് ഉപയോഗിച്ചുളള സാങ്കേതികതയാണ് കൊവാക്‌സിനില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നവംബര്‍ 2020- മെയ് 2021 കാലയളവിനുള്ളില്‍ 18-97 വയസ്സ് പ്രായമുള്ള കാല്‍ ലക്ഷത്തോളം ആളുകളില്‍ കൊവാക്‌സിന്‍ പരീക്ഷിച്ചിട്ടുണ്ട്. വാക്‌സിന്‍ ഉപയോഗിച്ചതിലൂടെയുള്ള മരണമോ പ്രതികൂല ഫലങ്ങളോ ഇവരില്‍ ആര്‍ക്കും തന്നെ ഉണ്ടായിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞയാഴ്ചയാണ് കൊവാക്‌സിന് ലോകാരോഗ്യസംഘടന അനുമതി നല്‍കിയത്. ഇതിനു പിന്നാലെ യുഎസ്, സ്വിറ്റ്സര്‍ലാന്‍ഡ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും കൊവാക്സിന്‍ സ്വീകരിക്കുന്ന യാത്രക്കാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, വാക്‌സിന്റെ ഫലപ്രാപ്തിയും അംഗീകാരവും സംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ പഠനം സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാംഘട്ട പരിശോധനയില്‍ ചില കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ ഫൈസര്‍ വാക്‌സിനെയും ആസ്ട്രാ സെനക വാക്‌സിനെയും അപേക്ഷിച്ച് കൂടുതല്‍ ഫലപ്രദമാണെന്നും പഠനം തെളിയിക്കുന്നു.