കോടിയേരി വീണ്ടും പാര്‍ട്ടി തലപ്പത്തേക്ക്

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി തലപ്പത്തേക്ക് മടങ്ങിയെത്തുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2020 നവംബര്‍ 13നാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും താല്‍ക്കാലികമായി മാറി നിന്നത്. തുടര്‍ ചികിത്സയിലൂടെ രോഗം ഭേദമായതിനാലും മകന്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിനാലും സാഹചര്യം അനുകൂലമായതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം മടങ്ങി വരുന്നത്.

സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കാനുള്ള കോടിയേരിയുടെ സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഇടതുപക്ഷത്തിന് തുടര്‍ ഭരണം ലഭിക്കുകയും തിരഞ്ഞെടുപ്പില്‍ സിപിഎം മികച്ച നേട്ടമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്താനുള്ള കളമൊരുങ്ങുന്നത്.
എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനായിരുന്നു പകരം ചുമതല നല്‍കിയിരുന്നത്. കൊവിഡ് രോഗത്തെ തുടര്‍ന്ന് എ.വിജയരാഘവന്‍ കഴിഞ്ഞ സംസ്ഥാന സമിതിയില്‍ എത്തിയില്ല. അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും തീരുമാനം. നാളെ നടക്കുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിജയരാഘവന്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറിയാകുന്ന തീരുമാനമുണ്ടാകുമെന്നാണ് വിവരം.

സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരിച്ചെത്തുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്നത് ധൃതി പിടിച്ച് തീരുമാനിക്കേണ്ട ഒരു കാര്യമല്ല. പാര്‍ട്ടിയാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.