ന്യൂഡൽഹി: നിലവിലെ ഇന്റർനെറ്റ് നിയമങ്ങൾ പൊളിച്ചെഴുതാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തെ ജനങ്ങളുടെയും പ്രൊഫഷണലുകളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച് നിലവിലെ ഇന്റർനെറ്റ് നിയമങ്ങൾ മാറ്റുമെന്നാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചിരിക്കുന്നത്. ഇന്റർനെറ്റ് ഉപയോഗത്തിനും സാമൂഹ്യമാദ്ധ്യമ ഇടപെടലിനും മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും.
പുതിയ നിയമത്തിലൂടെ ഇന്റർനെറ്റ് ഉപയോഗത്തിൽ തുല്യത, സുരക്ഷ, വിശ്വാസം എന്നിവ ഉറപ്പാക്കും. 2022 ഓടെ നിയമ രൂപീകരണത്തിനുളള നടപടികൾ പൂർത്തിയാകുമെന്നാണ് വിവരം. ഇതിന്റെ ആദ്യപടിയായി സംസ്ഥാനങ്ങളുടെ ഐടി മന്ത്രിമാരുടെ യോഗം വിളിച്ചു ചേർക്കും.
ഇലക്ട്രോണിക്സ് മേഖലയിൽ നിക്ഷേപ സാദ്ധ്യത ഇപ്പോഴുമുളള സംസ്ഥാനമാണ് കേരളം. എന്നാൽ സംസ്ഥാനത്തെ വികസന വിരുദ്ധ മനോഭാവം മാറിയാലേ നിക്ഷേപം വരുവെന്ന് മന്ത്രി അറിയിച്ചു. പല കമ്പനികളും കേരളത്തിൽ നിക്ഷേപിക്കാൻ മടിക്കുന്ന കാരണം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

