Highlights (Page 16)

തിരുവനന്തപുരം: അതിയായ ദാരിദ്ര്യമനുഭവിക്കുന്നവർ ഇല്ലാത്ത നാടായി കേരളത്തെ മാറ്റാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഓരോ ജില്ലയിലെയും വികസന പ്രശ്‌നങ്ങളും ഭരണപരമായ വിഷയങ്ങളും ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി സംഘടിപ്പിച്ച മേഖലാ അവകലോകന യോഗങ്ങൾ ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി നിർവ്വഹിക്കാൻ സാധിച്ചു എന്ന ചാരിതാർഥ്യത്തോടെയാണു സമാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സംബന്ധിച്ചു പുതിയൊരു ഭരണ നിർവ്വഹണ രീതിയാണു മേഖലാതല അവലോകന യോഗങ്ങളിലുണ്ടായത്. ഓരോ ജില്ലയിലും വ്യത്യസ്ത മേഖലകളിലെ പ്രധാന വിഷയങ്ങൾ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിലാണു കണ്ടെത്തിയത്. ഇവയിൽ സംസ്ഥാനതലത്തിൽ പരിഗണിക്കേണ്ട 697 പ്രശ്‌നങ്ങളും ജില്ലാതലത്തിൽ പരിഗണിക്കേണ്ട 265 വിഷയങ്ങളും കണ്ടെത്തിയിരുന്നു. അവയിൽ തെരഞ്ഞെടുത്ത പ്രധാനപ്പെട്ട 162 പ്രശ്‌നങ്ങളാണ് നാല് അവലോകന യോഗങ്ങളിലായി ചർച്ച ചെയ്തത്. ജില്ലാതലത്തിൽ കണ്ടെത്തിയ വിഷയങ്ങളിൽ 263 എണ്ണം ഇതിനകം തീർപ്പാക്കി. രണ്ടു പ്രശ്‌നങ്ങളിൽ നടപടി പുരോഗമിക്കുന്നു. സംസ്ഥാനതലത്തിൽ പരിഗണിക്കേണ്ടവയിൽ 582 എണ്ണം പരിഹരിക്കുകയും 115 പ്രശ്‌നങ്ങളിൽ നടപടി പുരോഗമിക്കുകയും ചെയ്യുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

പദ്ധതികളുടെ ഗുണഫലങ്ങൾ ജനങ്ങളിലേയ്ക്ക് കാര്യക്ഷമമായി എത്തിക്കാനും സമയബന്ധിതമായി അവ പൂർത്തിയാക്കാനും പ്രാദേശിക പ്രശ്‌നങ്ങൾ കൂടുതൽ സമഗ്രതയോടെ കൈകാര്യം ചെയ്യുന്നതിനും മേഖലാ അവലോകന യോഗങ്ങൾ സഹായകമായി. ഈ സർക്കാർ വന്നതിനു ശേഷം നവകേരള കർമ്മപദ്ധതിയുടെ കീഴിൽ വരുന്ന വിവിധ മിഷനുകളുടെ പുരോഗതി വിലയിരുത്തി അവയുടെ നടത്തിപ്പിൽ ഉണ്ടാകുന്ന തടസങ്ങൾക്ക് പരിഹാരം കണ്ടെത്താനും കഴിഞ്ഞു. അതോടൊപ്പം ഉദ്യോഗസ്ഥരുടെ സക്രിയമായ പങ്കാളിത്തം ഈ പരിപാടിയിൽ ഉറപ്പുവരുത്തി. പദ്ധതികൾ നടപ്പാക്കുന്നതിന് അവരുടെ മുന്നിലുള്ള വെല്ലുവിളികൾ നേരിട്ടറിഞ്ഞു പരിഹാരങ്ങൾ കണ്ടെത്താനും കഴിഞ്ഞു. ഈ വിധം സംസ്ഥാനത്തിൻറെ വികസനത്തിനും പുരോഗതിയ്ക്കും മേഖലാ അവലോകന യോഗങ്ങൾ പുതിയ ഊർജ്ജം പകർന്നു. നിലവിൽ പുരോഗമിക്കുന്ന പ്രശ്‌ന പരിഹാരനടപടികൾ ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സർക്കാർ നടത്തിയ സർവ്വേയിൽ കണ്ടെത്തിയ 64,000 ത്തോളം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുവാൻ എടുത്ത നടപടികൾ യോഗം പ്രഥമ പരിഗണന നൽകി പരിശോധിച്ചു. വ്യക്തമായ മൈക്രോ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പിന് നിർദേശങ്ങൾ നൽകി. ‘അവകാശം അതിവേഗം’ പദ്ധതിയിലൂടെ വ്യക്തികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുന്ന പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് ഇതിന്റെ ഭാഗമായി തീരുമാനമെടുത്തിട്ടുണ്ട്. 2025 ഓടെ നമ്മുടെ സംസ്ഥാനത്തെ പൂർണ്ണമായും അതിദാരിദ്ര്യ മുക്തമാക്കാൻ സാധിക്കുമെന്നാണ് കണ്ടത്. അതിദാരിദ്ര്യ ബാധിതരായി കണ്ടെത്തിയ കുടുംബങ്ങളിലെ 93 ശതമാനത്തേയും 2024ൽ നവംബർ ഒന്നോടെ അതിദാരിദ്ര്യമുക്തരാക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മാലിന്യമുക്ത കേരളത്തിന്റെ വിവിധ ഘടകങ്ങളുടെ പുരോഗതിയും അവലോകന യോഗങ്ങളിൽ വിലയിരുത്തി. ന്യൂനതകൾ കണ്ടെത്തി പദ്ധതി നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിശോധനയാണ് നടന്നത്. സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കാൻ തടസം നേരിടുന്ന പ്രദേശങ്ങളിൽ അതത് ജില്ലാ കളക്ടർമാർ നേതൃത്വം നൽകി യോഗങ്ങൾ നടത്തി പ്രശ്ങ്ങൾ ചർച്ച ചെയ്തു പരിഹരിക്കും. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കിഫ്ബിയുടെ അഞ്ചു കോടി പദ്ധതിയിൽ 141 സ്‌കൂളുകളും, മൂന്നു കോടി പദ്ധതിയിൽ 385 സ്‌കൂളുകളും, ഒരു കോടി പദ്ധതിയിൽ 446 സ്‌കൂളുകളും നവീകരണത്തിന്റെ ഘട്ടങ്ങളിലാണ്. അഞ്ചു കോടി പദ്ധതിയിലെ 141ൽ 134 സ്‌കൂളുകളും നിർമ്മാണം പൂർത്തിയാക്കിക്കഴിഞ്ഞു. ഏഴ് സ്‌കൂളുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പണിപൂർത്തിയാക്കാൻ ബാക്കിയുള്ള സ്‌കൂളുകളുടെ സവിശേഷമായ പ്രശ്‌നങ്ങൾ പരിശോധിച്ച് പരിഹാരം കാണാൻ പ്രത്യേക ഇടപെടൽ യോഗങ്ങളിലുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആർദ്രം മിഷന്റെ അവലോകനത്തിൽ, വിവിധ ഘടകങ്ങൾ സമഗ്രമായി വിലയിരുത്തി. ആശുപത്രി നവീകരണങ്ങൾ, ലാബ് നെറ്റ്വർക്കുകൾക്കായുള്ള ഹബ് ആൻറ് സ്‌പോക്ക് മോഡലിൻറെ വിപുലീകരണം, ഐസൊലേഷൻ ബ്ലോക്കുകളുടെ പൂർത്തീകരണം തുടങ്ങിയ നിർണായക ഘടകങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. വിവിധ ജില്ലകളിലെ ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കും. ഹരിത ടൂറിസം, കാർബൺ പുറന്തള്ളൽ രഹിതമാക്കൽ തുടങ്ങി ഹരിതകേരളം മിഷൻറെ കീഴിലുള്ള വിവിധ സംരംഭങ്ങളുടെ വിലയിരുത്തലും അവലോകന യോഗങ്ങളിൽ ചർച്ച ചെയ്തു. 2022-2023 സാമ്പത്തിക വർഷത്തിൽ ലൈഫ് മിഷൻറെ ഭാഗമായി 54,648 വീടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം 11,757 വീടുകൾ ഇതിനകം പൂർത്തീകരിച്ചു, ഏകദേശം 25,000 വീടുകൾ നിർമ്മാണത്തിൻറെ വിവിധ ഘട്ടങ്ങളിലാണ്. അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ഉൾപ്പെടെ മിഷൻറെ പ്രവർത്തനങ്ങളുടെ വിശദമായ അവലോകനം യോഗത്തിൽ ഉദ്യോഗസ്ഥർ അവതരിപ്പിച്ചു. പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കും ലൈഫ് കോ-ഓർഡിനേറ്റർമാർക്കും നിർദേശം നൽകി. ലൈഫ് മിഷൻറെ ഭാഗമായി നിർമിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിർമാണം വേഗത്തിലാക്കുവാനും യോഗത്തിൽ തീരുമാനമായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പദ്ധതി ആവിഷ്‌ക്കരിച്ച് കേന്ദ്ര സർക്കാർ. ഇതിനായി ഓപ്പറേഷൻ അജയ് എന്ന പേരിൽ രക്ഷാ ദൗത്യം ആരംഭിച്ചു.

ഇതിനായി പ്രത്യേക വിമാനം സജ്ജമാക്കി. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തുള്ള പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പൂർണ്ണമായും പ്രതിജ്ഞബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക ചാർട്ടർ ഫ്ലൈറ്റുകളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മടങ്ങി വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുമെന്ന് പ്രത്യേക വിമാനത്തിനായി രജിസ്റ്റർ ചെയ്ത ഇന്ത്യൻ പൗരന്മാർക്ക് ഇസ്രയേലിലെ ഇന്ത്യൻ എംബസി ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ട്.

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ താരങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇന്ത്യൻ കായിക സംഘത്തെയും അവരുടെ നേട്ടങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായുണ്ടായ ഈ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ മെഡൽ നേട്ടത്തെ വരുന്ന തവണ നാം മറികടക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി താൻ നിങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തത് ഖേലോ ഇന്ത്യക്ക് കീഴിൽ വരുന്ന 125 അത്‌ലറ്റുകളാണ്. ഗെയിംസിൽ അവർ 40 മെഡലുകൾ നേടി. ഖേലോ ഇന്ത്യയുടെ വിജയമാണ് ഇത് ഉയർത്തികാട്ടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 3,000-ലധികം അത്‌ലറ്റുകൾക്കാണ് ഖേലോ ഇന്ത്യക്ക് കീഴിൽ പരിശീലനം നൽകുന്നത്. മെഡിക്കൽ സഹായമുൾപ്പെടെയുള്ളവ പദ്ധതിയിലൂടെ ലഭ്യമാകുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി.

കായികതാരങ്ങൾക്ക് നിലവിൽ നൽകുന്നത് 25,000 കോടി രൂപയുടെ സഹായമാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കായികതാരങ്ങൾക്കായി സർക്കാർ 3000 കോടി രൂപ അധികമായി ചിലവഴിക്കും. അവർക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കും. പാരീസ് ഒളിമ്പിക്സിൽ മികച്ച നേട്ടം കൈവരിക്കാനായി ശ്രമിക്കാനും കായിക താരങ്ങളോട് മോദി ആഹ്വാനം ചെയ്തു.

2014ന് ശേഷം ഇന്ത്യയിലെ കായികതാരങ്ങൾക്ക് വിദേശത്ത് മികച്ച പരിശീലനവും മറ്റ് സൗകര്യങ്ങളും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുളള അവസരവും ലഭിക്കുന്നുണ്ട്. ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം രാജ്യത്തിന്റെ കായികമേഖലയുടെ വളർച്ചയുടെ ഉദ്ദാഹരണമാണ്. ഇത് പുതുതലമുറയ്ക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: കായിക താരങ്ങൾ കേരളം വിട്ടുപോവുകയാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. ഉള്ളവരെ ഓടിക്കല്ലേയെന്ന് കോടതി വ്യക്തമാക്കി. അത്‌ലറ്റ് രഞ്ജിത്ത് മഹേശ്വരിയുടെ ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

ഉത്തേജക മരുന്ന് ഉപയോഗിച്ചന്ന് കണ്ടെത്തിയതിന് 2013 ൽ രഞ്ജിത്ത് മഹേശ്വരിയ്ക്ക് അർജുൻ അവാർഡ് നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് രഞ്ജിത്ത് മഹേശ്വരി ഹൈക്കോടതിയെ സമീപിച്ചത്. 2008 ഉത്തേജക മരുന്ന് പരിശോധനയിൽ രഞ്ജിത്ത് മഹേശ്വരി പരാജയപ്പെട്ടിരുന്നു. എന്നാൽ, ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള മരുന്ന് മാത്രമാണ് കഴിച്ചതെന്നായിരുന്നു രഞ്ജിത്ത് മഹേശ്വരിയുടെ വാദം.

വിഷയത്തിൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയോട് കോടതി വിശദീകരണം തേടി. താരം ഉത്തേജകമരുന്ന് ഉപയോഗിച്ചത് എങ്ങനെയാണ് കണ്ടെത്തിയതെന്ന് കോടതി ചോദിച്ചു.

അതേസമയം, രാജ്യത്തിനായി രാജ്യാന്തര വേദികളിൽ അഭിമാന നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും സംസ്ഥാന സർക്കാർ ജോലിയും പാരിതോഷികവും നൽകാതെ അവഗണിക്കുന്നതിനെതിരെ കേരളത്തിലെ കായികതാരങ്ങൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിന് ശേഷമുള്ള അവഗണന ദുഃഖകരമാണെന്നായിരുന്നു പുരുഷ മധ്യദൂര ഓട്ടക്കാരൻ ജിൻസൺ ജോൺസൻ പ്രതികരിച്ചത്.

സംസ്ഥാന സർക്കാരിന്റെയും കായിക വകുപ്പിന്റെയും അവഗണനയിൽ മനംമടുത്ത് കായികതാരങ്ങൾ കൂട്ടത്തോടെ കേരളം വിടുന്ന സംഭവത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്ത് നൽകി. കേരളത്തിന് വേണ്ടി മത്സരിക്കുന്നതും സ്വന്തം നാട്ടിൽ ചുവടുറപ്പിച്ച് നിൽക്കുന്നതും അഭിമാനമായി കാണുന്ന കായിക താരങ്ങളെ സംസ്ഥാന സർക്കാർ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. രാജ്യത്തിന് വേണ്ടി മെഡൽ നേടിയ കായിക താരങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കണം. രാജ്യത്തിന്റെ തന്നെ അഭിമാനമായ മലയാളി കായികതാരങ്ങൾ സംസ്ഥാനം വിട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ പ്രഖ്യാപിച്ച ജോലിയും പാരിതോഷികങ്ങളും ഉടൻ നൽകാനുള്ള അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: തെലങ്കാനയിലടക്കം കോൺഗ്രസിന് വമ്പൻ മുന്നേറ്റമുണ്ടാകുമെന്ന് എ ബി പി – സി വോട്ടർ പ്രവചനങ്ങൾ. മധ്യപ്രദേശിലും ഛത്തീസ്ഗഡിൽ പോരാട്ടം കനക്കുമെങ്കിലും കോൺഗ്രസിനാണ് മുൻതൂക്കമെന്ന് എ ബി പി – സി വോട്ടർ പ്രവചനത്തിൽ പറയുന്നത്. തെലങ്കാനയിൽ കോൺഗ്രസ് 48 മുതൽ 60 സീറ്റുകൾ വരെ നേടി അധികാരത്തിലേറാമെന്നാണ് പ്രവചനം.

അധികാരത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്റെ ബിആർഎസിന് 43 മുതൽ 55 വരെ സീറ്റിലേക്ക് ഒതുങ്ങേണ്ടിവരും. വലിയ പ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങുന്ന ബിജെപിക്ക് നിരാശയാകും ഫലമെന്നും എബിപി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഛത്തീസ്ഗഡിൽ കോൺഗ്രസ് ഭരണതുടർച്ചയ്ക്കുള്ള സാധ്യതയെന്നും എ ബി പി – സി വോട്ടർ പ്രവചിക്കുന്നു. കടുത്ത പോരാട്ടമായിരിക്കും സംസ്ഥാനത്തെങ്കിലും കോൺഗ്രസിന് മുൻതൂക്കമുണ്ട്. കോൺഗ്രസ് 45 മുതൽ 51 വരെ സീറ്റുകൾ നേടാമെന്നും ബിജെപി 39 – 45 വരെ സീറ്റുകൾ നേടിയേക്കുമെന്നാണ് പ്രവചനം. മറ്റുള്ളവരാകട്ടെ പരമാവധി 2 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും പ്രവചനം ചൂണ്ടിക്കാട്ടുന്നു.

മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് സർവെ പറയുന്നത്. എന്നാലും കോൺഗ്രസിന് മുൻതൂക്കമുണ്ടെന്ന് കാണാം. കോൺഗ്രസ് 113 -125 വരെയും ബിജെപി 104 – 116 വരെയും ബിഎസ്പി 0 – 2 വരെയും മറ്റുള്ളവർ 0 – 3 വരെയും സീറ്റുകൾ മധ്യപ്രദേശിൽ നേടിയേക്കാമെന്നും പ്രവചനം അറിയിച്ചു.

തിരുവനന്തപുരം: ചെഗുവേരയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചൂഷണരഹിതവും തുല്യതയിലധിഷ്ഠിതവുമായൊരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കാൻ പ്രയത്‌നിക്കുന്നവർക്കെല്ലാം ചെഗുവേരയുടെ സമരോത്സുക ജീവിതവും ത്യാഗവും ധീരതയും നിത്യപ്രചോദനമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ആ മൂല്യങ്ങളെ ഉൾക്കൊണ്ട് സമത്വസുന്ദരമായ നവലോകനിർമ്മാണത്തിനായി നമുക്കൊന്നിച്ചു മുന്നേറാമെന്ന് അദ്ദേഹം പറഞ്ഞു. ചെഗുവേരയുടെ രക്തസാക്ഷിത്വ ദിനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ചെ എന്ന ‘ഏണസ്റ്റോ ഗുവേര ഡേ ലാ സെർന’യുടെ അൻപത്തിയാറാം രക്തസാക്ഷി ദിനമാണ് ഇന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്‌സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്‌ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര. ക്യൂബൻ വിപ്ലവത്തിന്റെ വിജയത്തിനുശേഷം ക്യൂബയുടെ സോഷ്യലിസ്റ്റ് പുന:സംഘടനയിലും പ്രധാന ചുമതലകൾ ചെ വഹിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ചെ ഗുവേരയുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. ചൂഷണരഹിതവും തുല്യതയിലധിഷ്ഠിതവുമായൊരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കാൻ പ്രയത്‌നിക്കുന്നവർക്കെല്ലാം ചെ ഗുവേരയുടെ സമരോത്സുക ജീവിതവും ത്യാഗവും ധീരതയും നിത്യപ്രചോദനമാണ്. ആ മൂല്യങ്ങളെ ഉൾക്കൊണ്ട് സമത്വസുന്ദരമായ നവലോകനിർമ്മാണത്തിനായി നമുക്കൊന്നിച്ചു മുന്നേറാം.

കൊച്ചി: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവന വിവാദമാകുന്നു. തട്ടവും പർദ്ദയും ഇസ്ലാമികമാണെന്നും മുസ്ലിം സ്ത്രീകളെ തട്ടമൂരി അഴിഞ്ഞാടാൻ അനുവദിക്കില്ലെന്നുമുള്ള പ്രസ്താവനയാണ് വിവാദമാകുന്നത്. വിഷയത്തിൽ ഉമർ ഫൈസിക്കെതിരെ പ്രതിഷേധവുമായി സാമൂഹ്യ പ്രവർത്തക വി പി സുഹ്റ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരിക്കുകയാണ്. തട്ടം നീക്കിയാണ് വി പി സുഹ്റ തന്റെ പ്രതിഷേധം അറിയിച്ചത്.

നല്ലളം സ്‌കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിയിലായിരുന്നു സാമൂഹ്യ പ്രവർത്തക വി പി സുഹ്റ പ്രതിഷേധം നടത്തിയത്. പരിപാടിയിൽ അതിത്ഥിയായിരുന്ന വി പി സുഹറ തട്ടം ഊരി പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് പിടിഎ പ്രസിഡന്റ് അക്രമാസക്തനായി. ഇയാൾ വി പി സുഹ്റയെ അസഭ്യം പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി വി പി സുഹ്റ നല്ലളം പോലീസിൽ പരാതി നൽകി. സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെയാണ് താൻ പ്രതിഷേധിച്ചതെന്ന് വി പി സുഹ്റ അറിയിച്ചു. തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികൾ എന്നാണ് ഉമ്മർ ഫൈസി വിശേഷിപ്പിച്ചതെന്ന് സുഹ്റ പറഞ്ഞു. അതിനിടയാണ് പിടിഎ പ്രസിഡണ്ട് തനിക്കെതിരെ രംഗത്തെത്തിയതെന്നും ഇയാൾ തന്നെ അധിക്ഷേപിച്ചെന്നും വി പി സുഹ്റ ആരോപിച്ചു.

മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാൻ വിടാൻ കഴിയില്ലെന്നുമായിരുന്നു ഉമർ ഫൈസിയുടെ പ്രസ്താവന. പഴഞ്ചൻ എന്ന് പറഞ്ഞാലും പ്രശ്നമില്ല. സ്ത്രീകൾക്ക് അച്ചടക്കം വേണം. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമർ ഫൈസി പറഞ്ഞിരുന്നു. തട്ടം അഴിപ്പിച്ചു എന്ന് പറയുന്നത് പുരോഗമനം അല്ല. മതാചാരങ്ങൾ കുട്ടിക്കാലം മുതൽ പഠിപ്പിക്കുന്നതാണ്. സമസ്ത ഇസ്ലാമിന്റെ കാര്യങ്ങൾ പറഞ്ഞ് കൊണ്ടിരിക്കും. ചിലർ വിവരക്കേട് കാരണം ചിലത് എഴുതി വിടുന്നുവെന്നും ഇവർ വ്യക്തമാക്കി.

ബെയ്ജിംഗ്: ഉൾക്കടലിലൂടെ സഞ്ചരിക്കുന്ന ആദ്യത്തെ അതിവേഗ റെയിൽ പാത ചൈന ആരംഭിച്ചുവെന്ന് റിപ്പോർട്ട്. തായ്വാൻ കടലിടുക്കിന് സമീപം തെക്കുകിഴക്കൻ പ്രവിശ്യയായ ഫുജിയാൻ തീരത്തുകൂടെ നിരവധി ഉൾക്കടലുകൾക്ക് ഇടയിലെ തീരപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ആദ്യത്തെ അതിവേഗ റെയിൽ പാതയാണ് ചൈന ആരംഭിച്ചതെന്നാണ് വിവരം.

കിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഫുജൗവിൽ നിന്നാണ് അതിവേഗ ട്രെയിൻ പുറപ്പെടുന്നത്. ഫുജൗ-ഷിയാമെൻ-ഷാങ്ഷൗ റെയിൽവേ സ്റ്റേഷനിലാണ് ഈ ബുള്ളറ്റ് ട്രെയിൻ 277 കിലോമീറ്റർ (172-മൈൽ) ഓട്ടം അവസാനിപ്പിക്കുന്നത്. ചൈനയിലെ ആദ്യത്തെ ക്രോസ് സീ, ബുള്ളറ്റ് ട്രെയിനുകളുള്ള അതിവേഗ ലൈനാണിത്. ഇത് മൂന്ന് തീരദേശ ഉൾക്കടലുകളിലൂടെയുള്ള പാലങ്ങൾക്ക് മുകളിലൂടെ സഞ്ചരിക്കുകയും മണിക്കൂറിൽ 350 കിലോമീറ്റർ (218 മൈൽ) വേഗത കൈവരിക്കുകയും ചെയ്യുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബുള്ളറ്റ് ട്രെയിൻ വന്നതോടെ ഫുഷൗവിനും സിയാമെനിനുമിടയിലുള്ള യാത്രാ സമയം ഈ ഒരു മണിക്കൂറിൽ താഴെയായി. ചൈന റെയിൽവേ സിയുവാൻ സർവേയും ഡിസൈൻ ഗ്രൂപ്പ് കോ ലിമിറ്റഡും ചേർന്നാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തത്.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ നേതാക്കളെ ലക്ഷ്യമിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്.

ജനാധിപത്യ മൂല്യങ്ങളും തത്വങ്ങളും ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഇത്തരം നടപടികളെ അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അവർക്ക് ഭയമാണ്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇത്തരം ഭീഷണികൾ ഉയർത്തുന്നത്. കേന്ദ്രമായാലും സംസ്ഥാനമായാലും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാവരിലേക്കും കേന്ദ്ര സർക്കാറിന്റെ ഇത്തരം നടപടികൾ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്ത് സിറ്റി: കുവൈത്തിൽ തടവിലാക്കപ്പെട്ട നഴ്‌സുമാരടക്കം 34 ഇന്ത്യക്കാരെ മോചിപ്പിച്ചു. 19 മലയാളി നഴ്‌സുമാർ ഉൾപ്പെടെ 34 ഇന്ത്യക്കാരാണ് മോചിതരായത്. 3 ആഴ്ചയായി ഇവർ ജയിലിൽ കഴിയുകയായിരുന്നു. നിയമനടപടി പൂർത്തിയാക്കി ഇവരെ നാടുകടത്താനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഇവർ ജയിൽ മോചിതരായത്.

ജയിലിൽ നിന്ന് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് വീടുകളിലേക്ക് അയക്കുകയായിരുന്നു. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇന്ത്യക്കാരുടെ മോചനം സാധ്യമായതിന്റെ സന്തോഷം പങ്കുവെച്ചു. വിദേശകാര്യമന്ത്രാലയവും മേഖലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ വ്യക്തിപരമായി താനും നടത്തിയ ഇടപെടലുകൾ ഫലം കണ്ടത് ചാരിതാർഥ്യമേകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മോചിപ്പിക്കപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും മലയാളികളാണ് എന്നത് ഇരട്ടിസന്തോഷം നൽകുന്നു. തടവിലാക്കപ്പെട്ടവരിലെ അമ്മമാർക്ക് പിഞ്ചു കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സൗകര്യം നേരത്തെ ഒരുക്കാൻ സാധിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മതിയായ രേഖകൾ ഇല്ലാതെ നഴ്സുമാർ കുവൈത്തിൽ എത്തിയതിൽ ഇന്ത്യയുടെ വിശദീകരണം അംഗീകരിക്കുകയും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുകയും ചെയ്ത കുവൈത്ത് അധികാരികൾക്ക് നന്ദി. ലോകത്തെവിടെയും ഭാരതീയ പൗരൻമാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി മുരളീധരൻ അറിയിച്ചു.