തിരുവനന്തപുരം: ചെഗുവേരയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചൂഷണരഹിതവും തുല്യതയിലധിഷ്ഠിതവുമായൊരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കാൻ പ്രയത്‌നിക്കുന്നവർക്കെല്ലാം ചെഗുവേരയുടെ സമരോത്സുക ജീവിതവും ത്യാഗവും ധീരതയും നിത്യപ്രചോദനമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ആ മൂല്യങ്ങളെ ഉൾക്കൊണ്ട് സമത്വസുന്ദരമായ നവലോകനിർമ്മാണത്തിനായി നമുക്കൊന്നിച്ചു മുന്നേറാമെന്ന് അദ്ദേഹം പറഞ്ഞു. ചെഗുവേരയുടെ രക്തസാക്ഷിത്വ ദിനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ചെ എന്ന ‘ഏണസ്റ്റോ ഗുവേര ഡേ ലാ സെർന’യുടെ അൻപത്തിയാറാം രക്തസാക്ഷി ദിനമാണ് ഇന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്‌സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്‌ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര. ക്യൂബൻ വിപ്ലവത്തിന്റെ വിജയത്തിനുശേഷം ക്യൂബയുടെ സോഷ്യലിസ്റ്റ് പുന:സംഘടനയിലും പ്രധാന ചുമതലകൾ ചെ വഹിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ചെ ഗുവേരയുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. ചൂഷണരഹിതവും തുല്യതയിലധിഷ്ഠിതവുമായൊരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കാൻ പ്രയത്‌നിക്കുന്നവർക്കെല്ലാം ചെ ഗുവേരയുടെ സമരോത്സുക ജീവിതവും ത്യാഗവും ധീരതയും നിത്യപ്രചോദനമാണ്. ആ മൂല്യങ്ങളെ ഉൾക്കൊണ്ട് സമത്വസുന്ദരമായ നവലോകനിർമ്മാണത്തിനായി നമുക്കൊന്നിച്ചു മുന്നേറാം.

