തെലങ്കാനയിലടക്കം കോൺഗ്രസിന് വമ്പൻ മുന്നേറ്റമുണ്ടാകും; പ്രവചന സർവ്വേ ഇങ്ങനെ…

ന്യൂഡൽഹി: തെലങ്കാനയിലടക്കം കോൺഗ്രസിന് വമ്പൻ മുന്നേറ്റമുണ്ടാകുമെന്ന് എ ബി പി – സി വോട്ടർ പ്രവചനങ്ങൾ. മധ്യപ്രദേശിലും ഛത്തീസ്ഗഡിൽ പോരാട്ടം കനക്കുമെങ്കിലും കോൺഗ്രസിനാണ് മുൻതൂക്കമെന്ന് എ ബി പി – സി വോട്ടർ പ്രവചനത്തിൽ പറയുന്നത്. തെലങ്കാനയിൽ കോൺഗ്രസ് 48 മുതൽ 60 സീറ്റുകൾ വരെ നേടി അധികാരത്തിലേറാമെന്നാണ് പ്രവചനം.

അധികാരത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്റെ ബിആർഎസിന് 43 മുതൽ 55 വരെ സീറ്റിലേക്ക് ഒതുങ്ങേണ്ടിവരും. വലിയ പ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങുന്ന ബിജെപിക്ക് നിരാശയാകും ഫലമെന്നും എബിപി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഛത്തീസ്ഗഡിൽ കോൺഗ്രസ് ഭരണതുടർച്ചയ്ക്കുള്ള സാധ്യതയെന്നും എ ബി പി – സി വോട്ടർ പ്രവചിക്കുന്നു. കടുത്ത പോരാട്ടമായിരിക്കും സംസ്ഥാനത്തെങ്കിലും കോൺഗ്രസിന് മുൻതൂക്കമുണ്ട്. കോൺഗ്രസ് 45 മുതൽ 51 വരെ സീറ്റുകൾ നേടാമെന്നും ബിജെപി 39 – 45 വരെ സീറ്റുകൾ നേടിയേക്കുമെന്നാണ് പ്രവചനം. മറ്റുള്ളവരാകട്ടെ പരമാവധി 2 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും പ്രവചനം ചൂണ്ടിക്കാട്ടുന്നു.

മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് സർവെ പറയുന്നത്. എന്നാലും കോൺഗ്രസിന് മുൻതൂക്കമുണ്ടെന്ന് കാണാം. കോൺഗ്രസ് 113 -125 വരെയും ബിജെപി 104 – 116 വരെയും ബിഎസ്പി 0 – 2 വരെയും മറ്റുള്ളവർ 0 – 3 വരെയും സീറ്റുകൾ മധ്യപ്രദേശിൽ നേടിയേക്കാമെന്നും പ്രവചനം അറിയിച്ചു.