Highlights (Page 17)

തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടത്തിൽ 91 ശതമാനം കുട്ടികൾക്കും 100 ശതമാനം ഗർഭിണികൾക്കും വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 12,486 ഗർഭിണികൾക്കും 85,480 അഞ്ച് വയസ് വരെയുളള കുട്ടികൾക്കുമാണ് വാക്‌സിൻ നൽകിയത്. ഇതുകൂടാതെ ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്ത 1654 കൂട്ടികൾക്ക് കൂടി വാക്‌സിൻ നൽകാനായി. 10,748 സെഷനുകളായാണ് വാക്‌സിനേഷൻ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം 9844, കൊല്ലം 2997, ആലപ്പുഴ 3392, പത്തനംതിട്ട 2059, കോട്ടയം 3503, ഇടുക്കി 2160, എറണാകുളം 4291, തൃശൂർ 5847, പാലക്കാട് 9795, മലപ്പുറം 21582, കോഴിക്കോട് 7580, വയനാട് 1996, കണ്ണൂർ 5868, കാസർഗോഡ് 4566 എന്നിങ്ങനെയാണ് രണ്ടാം ഘട്ടത്തിൽ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾ വാക്‌സിൻ സ്വീകരിച്ചത്. തിരുവനന്തപുരം 1961, കൊല്ലം 252, ആലപ്പുഴ 502, പത്തനംതിട്ട 285, കോട്ടയം 773, ഇടുക്കി 215, എറണാകുളം 724, തൃശൂർ 963, പാലക്കാട് 1646, മലപ്പുറം 1397, കോഴിക്കോട് 1698, വയനാട് 555, കണ്ണൂർ 687, കാസർഗോഡ് 628 എന്നിങ്ങനെയാണ് ഗർഭിണികൾ വാക്‌സിൻ സ്വീകരിച്ചത്.

ഒക്ടോബർ 9 മുതൽ 14 വരെയാണ് മൂന്നാം ഘട്ടം. സാധാരണ വാക്‌സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിലാണ് വാക്‌സിനേഷൻ പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം. ദേശീയ വാക്‌സിനേഷൻ പട്ടിക പ്രകാരം വാക്‌സിൻ എടുക്കുവാൻ വിട്ടുപോയിട്ടുളള ഗർഭിണികളും 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികളും വാക്‌സിൻ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തലസ്ഥാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പട്ടിട്ടും അത് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
കോടിയേരിയേക്കാള്‍ പിണറായി പ്രാധാന്യം നല്കിയത് വിദേശ പര്യടനത്തിനായിരുന്നു. വന്‍കിട മുതലാളിമാരുമായുള്ള കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചിരുന്നതിനാല്‍ അതു മാറ്റിവയ്ക്കാന്‍ പിണറായി തയാറായില്ല.

2022 ഒക്ടോബര്‍ മൂന്നിന് കോടിയേരിയുടെ സംസ്‌കാരം കഴിഞ്ഞ് നാലാംതീയതി പുലര്‍ച്ചെ പിണറായി വിദേശത്തേക്കു പറന്നു. തിരുവനന്തപുരത്ത് പൊതുദര്‍ശനവും തുടര്‍ന്ന് വിലാപയാത്രയും നടത്തിയാല്‍ പിണറായിയുടെ വിദേശപര്യടനം പ്രതിസന്ധിയിലാകുമായിരുന്നു. അതുകൊണ്ടാണ് സിപിഎമ്മിന്റെ എല്ലാ കീഴ്‌വഴക്കങ്ങളും ചീന്തിയെറിഞ്ഞ് കുടുംബത്തെ വേദനിപ്പിക്കുകയും പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കുകയും ചെയ്ത തരത്തിലുള്ള യാത്രയപ്പ് നല്കിയതെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

ആഭ്യന്തരമന്ത്രിയായും പാര്‍ട്ടി സെക്രട്ടറിയായും എംഎല്‍എയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച കോടിയേരിയുടെ പ്രധാനപ്പെട്ട ഒരു കര്‍മഭൂമി തിരുവനന്തപുരമായിരുന്നു. കണ്ണൂരിനു പുറത്തും അദ്ദേഹം ജനകീയനായിരുന്നു. അദ്ദേഹത്തിന് തിരുവനന്തപുരത്തും അവിടെ നിന്ന് കണ്ണൂര്‍ വരെയുമുള്ള വിലാപയാത്രക്കും ലഭിക്കുമായിരുന്ന ജനപങ്കാളിത്തം ചിലരെ അസ്വസ്ഥതപ്പെടുത്തിയിരുന്നെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഇടുക്കി: ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി ഇടുക്കിയിലാണ് സംഭവം. ബിജെപിയിൽ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയിൽ നിന്ന് ഒഴിവാക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെൻതോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെയാണ് പള്ളി വികാരി സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്.

കഴിഞ്ഞ ദിവസമാണ് ഫാ. കുര്യാക്കോസ് ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എസ് അജി നേരിട്ടെത്തി ഫാ. കുര്യാക്കോസ് മറ്റത്തിനെ ഷാൾ അണിയിച്ച് ബി ജെ പി അംഗമായി സ്വീകരിക്കുകയായിരുന്നു. ഇടുക്കിയിൽ ആദ്യമായാണ് ഒരു വൈദികൻ ബി ജെ പിയിൽ അംഗമാകുന്നതെന്ന് കെ എസ് അജി അറിയിച്ചു. ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്ന് ഫാ. കുര്യാക്കോസ് മറ്റം പറഞ്ഞു.

ന്യൂഡൽഹി: മഹാത്മാ ഗാന്ധിയ്ക്ക് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിലെത്തി അദ്ദേഹം പുഷ്പാർച്ചന നടത്തി.

മഹാത്മാഗാന്ധി പഠിപ്പിച്ച കാലാതീതമായ പാഠങ്ങൾ മുന്നോട്ടുള്ള പാതയിൽ പ്രകാശം ചൊരിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് മാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഗാന്ധി ജയന്തി ദിന സന്ദേശം നൽകിയത്. ഗാന്ധിജിയുടെ സ്വപ്നം സഫലമാകുവാൻ എല്ലാവരും ഒരുമയോടെ പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രിയ്ക്ക് പുറമെ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർള, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയിരുന്നു.

ന്യൂഡൽഹി: ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വച്ഛതാ ഹി സേവ ആചരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയാകുന്നത്. ഗുസ്തി താരമായ അങ്കിത് ബയാൻ പുരിയയും പ്രധാനമന്ത്രിക്കൊപ്പം ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു. തന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെ പ്രധാനമന്ത്രി വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യ ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അങ്കിത് ബയാൻ പുരിക്കൊപ്പം ശുചിത്വ മിഷന്റെ ഭാഗമാകുകയാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ഫിറ്റ്‌നസും ആരോഗ്യവും ചർച്ചാ വിഷയമാണെന്നും ശുചിത്വമുളള ആരോഗ്യകരമായ ഭാരതമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് മോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രിയ്ക്ക് പുറമെ മറ്റ് കേന്ദ്ര മന്ത്രിമാരും നിരവധി ബിജെപി നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പരിപാടിയിൽ ഏർപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലും ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ ഡൽഹിയിലും ശുചീകരണ പരിപാടി നടത്തി.

ന്യൂഡൽഹി: ഇനി മുതൽ ഭൂകമ്പ മുന്നറിയിപ്പ് ഫോണിൽ ലഭിക്കും. നിലവിൽ ഈ സംവിധാനം ലഭ്യമാകുന്നത് ഇന്ത്യയിലെ ആൻഡ്രോയിഡ് ഫോണുകളിലാണ്. എൻഡിഎംഎ (നാഷനൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി), എൻഎസ്സി (നാഷനൽ സീസ്‌മോളജി സെന്റർ) എന്നിവയുമായി സഹകരിച്ചാണ് പുതിയ സംവിധാനം വികസിപ്പിച്ചിട്ടുള്ളത്. ഫോണിലെ സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് പുതിയ സംവിധാനം.

ഭൂകമ്പ സാധ്യതയുള്ള മേഖലകളിൽ പ്രാദേശിക ഭാഷകളിൽ ഫോണിൽ മുന്നറിയിപ്പ് സന്ദേശം ലഭിക്കും.റിക്ടർ സ്‌കെയിലിൽ 4.5 നു മുകളിൽ തീവ്രതയുള്ള ഭൂകമ്പ സമയത്ത് ഫോണിൽ ജാഗ്രതാ നിർദേശം ലഭിക്കും. കൂടാതെ സുരക്ഷയ്ക്കായി എന്താണ് ചെയ്യേണ്ടതെന്ന നിർദേശവും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. ഫോൺ സൈലന്റ് മോഡിലാണെങ്കിലും ഉച്ചത്തിലുള്ള ശബ്ദവും സുരക്ഷാ നടപടികൾക്കുള്ള നിർദേശവും ഫോണിലൂടെ ലഭ്യമാകുന്നതാണ്. സെറ്റിങ്‌സിലെ സേഫ്റ്റി ആന്റ് എമർജൻസി ഓപ്ഷനിൽ നിന്ന് എർത്ത്‌ക്വെയ്ക് അലർട്‌സ് ഓൺ ചെയ്യുമ്പോൾ ഈ മുന്നറിയിപ്പ് സംവിധാനം പ്രവർത്തനക്ഷമമാകും.

ഭൂകമ്പ തരംഗങ്ങൾ ഭൂമിയിലൂടെ പ്രചരിക്കുന്നതിനേക്കാൾ വളരെ വേഗത്തിൽ ഇന്റർനെറ്റ് സിഗ്നലുകളിലൂടെ സഞ്ചരിക്കും. അതുകൊണ്ട് തന്നെ ശക്തമായ കുലുക്കത്തിന് ഏതാനും സെക്കൻഡുകൾക്ക് മുൻപ് തന്നെ അലർട്ടുകൾ ഫോണുകളിൽ എത്തുമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.

ന്യൂഡൽഹി: ബാങ്കുകളിൽ നിന്നും രണ്ടായിരം രൂപ നോട്ട് മാറ്റിവാങ്ങാനുള്ള തീയതി ദീർഘിപ്പിച്ച് ആർബിഐ. ഒക്ടോബർ ഏഴുവരെ നോട്ട് മാറ്റിവാങ്ങാമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

വിദേശത്തുള്ള ഇന്ത്യക്കാരുടെ സൗകര്യംകൂടി കണക്കിലെടുത്താണ് തീരുമാനമെന്നും ആർബിഐ അറിയിച്ചു. സെപ്റ്റംബർ 30 വരെയായിരുന്നു നോട്ട് മാറ്റിയെടുക്കാൻ നേരത്തെ അവസരമുണ്ടായിരുന്നത്. ഇത് അവസാനിച്ചതോടെയാണ് തീയതി നീട്ടാൻ തീരുമാനിച്ചത്.

കഴിഞ്ഞ മെയ് മാസത്തിലാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. 20,000 രൂപ വരെയുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഒരേസമയം ബാങ്കുകളിൽ മാറാൻ അവസരമൊരുക്കിയിരുന്നു.

മെയ് 19 മുതൽ 2000 രൂപ നോട്ടുകളുടെ ക്രയവിക്രയം നടത്തുന്നതിൽ റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. 2000 രൂപ നോട്ടുകൾ മാറ്റുന്നതിന് വേണ്ടി ബാങ്ക് ശാഖകളെ സമീപിക്കാം. അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും 2000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങുന്നതിനുമുള്ള സൗകര്യം എല്ലാ ബാങ്കുകളിലും ലഭ്യമാണ്.

ആർബിഐയുടെ 19 റീജണൽ ഓഫീസുകളിലും നോട്ടുകൾ മാറാനുള്ള സൗകര്യം ലഭ്യമാണ്. പൊതുജനങ്ങൾക്ക് ഒരുസമയം 20,000 രൂപവരെ 2000 രൂപ നോട്ടുകൾ കൈമാറ്റം ചെയ്യാം. അക്കൗണ്ട് ഇല്ലാത്ത ഒരാൾക്ക് ഏത് ബാങ്ക് ശാഖയിലും ഒരേ സമയം 20,000 രൂപ എന്ന പരിധി വരെ 2000 നോട്ടുകൾ മാറ്റാം.

ന്യൂഡൽഹി: രാജ്യത്ത് ശുചീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിജയന്തിയോടനുബന്ധിച്ചാണ് ഒക്ടോബർ ഒന്നിന് രാവിലെ പത്ത് മണിക്ക് രാജ്യ വ്യാപകമായി ശുചീകരണ യജ്ഞം നടത്തുന്നത്. ‘ഒന്നാം തീയതി, ഒരു മണിക്കൂർ, ഒരുമിച്ച്’ എന്ന പേരിലാകും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക. വൃത്തിയുള്ള ഭാവിയ്ക്കായി ഒന്നിച്ച് കൈകോർക്കാമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

സ്വച്ഛ് ഭാരത് കൂട്ടായ ഉത്തരവാദിത്വമാണ്. എല്ലാ പരിശ്രമങ്ങളും എണ്ണപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. എക്‌സ് മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലും ശുചീകരണ ക്യാമ്പെയ്ൻ സംബന്ധിച്ച് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അടുത്തുള്ള റോഡ്, പാർക്ക്, തടാകം എന്നിങ്ങനെ എവിടെ വേണമെങ്കിലും ശുചിയാക്കി യജ്ഞത്തിന്റെ ഭാഗമാകാവുന്നതാണ്. ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് പ്രത്യേക ക്യാമ്പെയ്ൻ ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘സ്വച്ഛത പഖ്വാഡ- സ്വച്ഛതാ ഹി സേവ’ 2023 കാമ്പ്യയ്‌നിന്റെ മുന്നോടിയായാണ് ഇത്. എല്ലാ ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും സർക്കാർ- സർക്കാർ ഇതര സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ ക്യാമ്പെയ്ൻ നടക്കും. വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി സംഘടനകളെ സഹായിക്കുന്നതിന് പ്രത്യേക പോർട്ടലും സജ്ജീകരിച്ചിട്ടുണ്ട്. ജനകീയ പ്രസ്ഥാനത്തിൽ ചേരാൻ താത്പര്യമുള്ളവർക്ക് ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. സ്വച്ഛത അംബാസഡർമാരായി ഇവർക്ക് പ്രവർത്തിക്കാം.

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ തുടർ നടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎം നേതാവ് പിആർ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ഇഡിയുടെ തീരുമാനം. അരവിന്ദാക്ഷൻ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ് ഇഡിനൽകിയ റിമാൻഡ് റിപ്പോർട്ട്. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ വിദേശയാത്ര നടത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് സതീഷ് കുമാറും അരവിന്ദാക്ഷനും ദുബായിലേക്ക് യാത്ര നടത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ചാക്കോ എന്ന വ്യക്തിക്കൊപ്പം രണ്ടു തവണ വിദേശയാത്ര നടത്തിയതായി ഇഡി വ്യക്തമാക്കുന്നു. കൂടാതെ 1600 രൂപ മാസം പെൻഷൻ വാങ്ങുന്ന അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 63,56,460 രൂപ എത്തിയെന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തി.

അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത് മേനോന് വിറ്റതായും കണ്ടത്തി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ഇഡി വ്യക്തമാക്കുന്നു. സികെ ജിൽസ് 2011-2019 കാലയാളവിൽ 11 ഭൂമി വിൽപന നടത്തിയെന്ന് ഇഡി റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കരുവന്നൂർ തട്ടിപ്പിൽ ഉന്നത പൊലീസ് രാഷ്ട്രീയ ഉദ്യോഗസ്ഥവൃന്ദത്തിന് പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിടിയിലായവർ ഇവരുടെ ബിനാമികളാണെന്നും കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ഇഡി കോടതിയിൽ അറിയിച്ചു.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയുടെ നിർമാണത്തിൽ ടെൻഡർ ചട്ടലംഘനം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നെന്ന പരാതിയിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ഡൽഹി സർക്കാരിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് വ്യക്തമായാൽ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.

പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അനുമതിയുടെ രേഖകൾ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ട് സിബിഐ ദില്ലി പൊതുമരാമത്ത് വകുപ്പിന് കത്തയക്കുകയും ചെയ്തു. ബിൽഡിംഗ് പ്ലാനിന്റെ അംഗീകാരം സംബന്ധിച്ച രേഖകളും മാർബിൾ ഫ്‌ലോറിംഗും കരാറുകാരന്റെ പേയ്മെന്റുകളുടെ വിശദാംശങ്ങളും ഉൾപ്പെടുന്ന രേഖകളും സിബിഐ ആവശ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിക്കകം ഈ രേഖകൾ നൽകണമെന്നാണ് സിബിഐ പറഞ്ഞിരിക്കുന്നത്.

അതേസമയം, സിബിഐ നടപടിക്കെതിരെ ആംആദ്മി പാർട്ടി രംഗത്തെത്തി. ആം ആദ്മിയെ തകർക്കാൻ ബിജെപി മുഴുവൻ ശക്തിയും ഉപയോഗിക്കുകയാണെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്.