Highlights (Page 15)

മുഖ്യമന്ത്രി പിണറായി വിജയൻറെ പൂർണ്ണ സമ്മതത്തോടെയാണ് ജെഡിഎസ് ബിജെപിയുമായി സഖ്യo രൂപീകരിച്ചതെന്ന ജെ ഡി എസ് ദേശീയ അധ്യക്ഷൻ ദേവഗൗഡയുടെ പരാമർശം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുമായി സംഘം ചേരുവാൻ പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ടെന്നാണ് വാദം.

കർണാടക പ്രസിഡന്റ് സി എം ഇബ്രാഹാമിനെ പുറത്താക്കിയ ശേഷo മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം ദേവഗൗഡ പറഞ്ഞത്. ബിജെപിയുമായി സഖ്യമുണ്ടാണക്കുന്നതിന് ഇടത് സർക്കാരിൽ മന്ത്രിയായ കെ കൃഷ്ണന്കുട്ടിയും അനുകൂലമാണെന്ന് പറഞ്ഞു.

തമിഴ്നാട്, മഹാരാഷ്ട്ര, സംസ്ഥാന ഘടകങ്ങളുടെ അനുമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്ത് കാരണത്താലാണ് സഖ്യo ചേർന്നതെന്ന് പിണറായി വിജയന് ബോധ്യപ്പെട്ടെന്നും.അതിനാലാണ് പിന്തുണച്ചതെന്നും കൂട്ടിച്ചേർത്തു.എന്നാൽ ബിജെപി സഖ്യത്തിനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ദൾ കേരളം ഘടകം പ്രെസിഡന്റ്റ് മാത്യു ടി തോമസും മന്ത്രി കൃഷ്ണന്കുട്ടിയും മുന്നേ അറിയിച്ചിട്ടുണ്ട്.

ടെൽ അവീവ്: ഇസ്രയേലിൽ സന്ദർശനത്തിനെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഹമാസുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനം. തീവ്രവാദമെന്ന തിന്മക്കെതിരേ ഇസ്രയേലിനൊപ്പം നിൽക്കുമെന്ന് അദ്ദേഹം എക്‌സ് മാദ്ധ്യമത്തിൽ കുറിച്ചു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇസ്രയേലിന്റെ അയൽ രാജ്യങ്ങളും ഋഷി സുനക് സന്ദർശിക്കും. പ്രശ്നപരിഹാരത്തിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം.

അതേസമയം, യുദ്ധത്തിൽ ഇസ്രയേലിലും പാലസ്തീനിലും ജീവൻ നഷ്ടപ്പെട്ടവർക്ക് ഋഷി സുനക് അനുശോചനം അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ മുന്നറിയിപ്പ് നൽകുമെന്നും സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

ന്യൂഡൽഹി: പലസ്തീനുള്ള മാനുഷിക സഹായം തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പലസ്തീൻ പ്രസിഡന്റിനോട് പ്രാധാനമന്ത്രി സംസാരിക്കുകയും ചെയ്തു. ഗാസയിലെ ആശുപത്രിയിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

മേഖലയിലെ സുരക്ഷാ സ്ഥിതിയിലും ഭീകരവാദത്തിലും അദ്ദേഹം ആശങ്ക പങ്കുവെച്ചു. ഇസ്രയേൽ പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാലമായുള്ള നിലപാട് ആവർത്തിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങി നടൻ ഉണ്ണി മുകുന്ദന്റെ അച്ഛൻ എം മുകുന്ദൻ. മേപ്പടിയാൻ സിനിമയ്ക്കു വേണ്ടിയാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്. ദേശീയ അംഗീകാരം ഏറ്റുവാങ്ങുന്ന പിതാവിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ നടൻ ഉണ്ണി മുകുന്ദൻ പങ്കുവെയ്ക്കുകയും ചെയ്തു.

ഇന്ന്, ബഹുമാനപ്പെട്ട രാഷ്ട്രപതിയിൽ നിന്ന് ദേശീയ അംഗീകാരം വാങ്ങുന്ന തന്റെ പിതാവിനെ നോക്കി സന്തോഷത്തോടെ, അഭിമാനിക്കുന്ന മകനായി താൻ തലയുയർത്തി നിൽക്കുന്നുവെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സത്യസന്ധനും നിർഭയനുമായ മനുഷ്യനോട്, തന്നിൽ വിശ്വസിച്ചതിന് തന്റെ അച്ചനും അമ്മയ്ക്കും തന്റെ എളിയ സമ്മാനമാണിതെന്നും അദ്ദേഹം അറിയിച്ചു.

മേപ്പടിയാൻ, ഒരു സാധാരണക്കാരന്റെ കഥയാണെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. എങ്ങനെയോ തന്റെ വ്യക്തിജീവിതവുമായി പ്രതിധ്വനിച്ചു. ഒരുപക്ഷേ താൻ ഈ പ്രോജക്റ്റ് ഏറ്റെടുക്കാനുള്ള ഒരു കാരണമായിരിക്കാമെന്ന് ഉണ്ണി മകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, സംവിധായകൻ വിഷ്ണു മോഹനും ഉണ്ണി മുകുന്ദൻ അഭിനന്ദനങ്ങൾ അറിയിച്ചു.

ബിജെപിക്ക് പിന്നാലെ എം പി മഹുവ മൊയ്ത്രയ്ക്കെതിരെ അദാനി ഗ്രൂപ്പും. വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും, ചില വ്യക്തികളും സ്ഥാപനങ്ങളും അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു.
ബിജെപി നേതാക്കൾ എംപിക്കെതിരെ രൂക്ഷ വിമർശനവും നടപടിയും ആവശ്യപ്പെട്ടിരിക്കെയാണ് അദാനി ഗ്രൂപ്പും പരസ്യ പ്രസ്താവന ഇറക്കിയത്.

വ്യവസായി ദർശൻ ഹിരാണ്‍ദാനിയില്‍ നിന്ന് കൈക്കൂലി വാങ്ങി വ്യവസായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ചോദ്യങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ചുവെന്നാണ് മഹുവ മൊയിത്രക്കെതിരെ ബിജെപി ആരോപണം. ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് രണ്ട് കോടിയോളം രൂപ മഹുവ കൈപ്പറ്റി,തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 75 ലക്ഷം രൂപയും, ഐഫോണടക്കം വിലയേറിയ സമ്മാനങ്ങളും ഹിരാനന്ദാനി ഗ്രൂപ്പ് മഹുവക്ക് നൽകിയെന്നുമാണ് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭ സ്പീക്കർക്ക് പരാതി നല്കവേ ആരോപിച്ചത്.

വാഷിങ്ടൺ: ഗാസയിലേക്കുള്ള ജലവിതരണം ഭാഗികമായി പുനഃസ്ഥാപിച്ചുവെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചതായി യു എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനാണ് ഇക്കാര്യം അറിയിച്ചത്. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരമാർശം.

തെക്കൻ ഗാസയിലേക്കുള്ള ജലവിതരണം പുനഃസ്ഥാപിച്ചതായി ഇസ്രയേൽ ഊർജമന്ത്രി ഇസ്രയേൽ കാട്‌സ് അവകാശപ്പെട്ടതായി പ്രാദേശികമാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വടക്കൻ ഗാസയിലുള്ള 11 ലക്ഷം പേരോട് തെക്കൻ ഗാസയിലേക്ക് മാറാൻ ഇസ്രയേൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തെക്കൻ ഗാസയിലേക്ക് ജലവിതരണം പുനഃസ്ഥാപിച്ചതായി യു എസ് വ്യക്തമാക്കിയത്.

ഗാസയിലേക്ക് ജലവിതരണം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യു എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലെത്തിച്ചേർന്ന ധാരണയുടെ പുറത്താണെന്ന് ഇസ്രയേൽ ഊർജമന്ത്രി ഇസ്രയേൽ കാട്സ് അറിയിച്ചു. ഇസ്രയേലിന്റെ ഗാസ നയത്തിന്റെ ഭാഗമായാണ് ഗാസയിലേക്ക് ഭാഗികമായി ജലവിതരണം പുനരാരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: തീവ്രമഴയെത്തുടർന്നുള്ള പ്രളയത്തിൽ കഴക്കൂട്ടം സബ്‌സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെട്ടു. ഇന്നലെ രാത്രി മുതൽ ആരംഭിച്ച കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം, കഴക്കൂട്ടം 110 കെ.വി. സബ്‌സ്റ്റേഷനു സമീപമുള്ള തെറ്റിയാർ തോട്ടിൽ നിന്നും വെള്ളം സബ്‌സ്റ്റേഷനിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാ നടപടികളുടെ ഭാഗമായി സബ്‌സ്റ്റേഷനിൽ നിന്നുമുള്ള കുഴിവിള , യൂണിവേഴ്‌സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി. ഫീഡറുകൾ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്.

തത്ഫലമായി, ഈ ഫീഡറുകൾ വഴി വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കഴക്കൂട്ടം, കുളത്തൂർ, ശ്രീകാര്യം സെക്ഷനുകളുടെ കീഴിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. മറ്റു മാർഗ്ഗങ്ങളിലൂടെ ഈ പ്രദേശങ്ങളിൽ വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

ജലവിതാനം ഉയർന്നു കൊണ്ടിരിക്കുന്നതിനാൽ കഴക്കൂട്ടം 110 കെ.വി. സബ്‌സ്റ്റേഷന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തിവയ്‌ക്കേണ്ടി വരുന്ന സാഹചര്യമാണ് സമാഗതമാകുന്നത്. അത്തരം സാഹചര്യത്തിൽ കഴക്കുട്ടം, കാര്യവട്ടം, പാങ്ങപ്പാറ, ശ്രീകാര്യം തുടങ്ങിയ പ്രദേശങ്ങളിലാകെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ മുടങ്ങാനിടയുണ്ട്. കൂടാതെ കഴക്കൂട്ടം സബ്‌സ്റ്റേഷനിൽ നിന്ന് വൈദ്യുതി എത്തുന്ന ടേൾസ്, മുട്ടത്തറ,വേളി എന്നീ സബ്‌സ്റ്റേഷനുകളുടെ പ്രവർത്തനവും പൂർണ്ണമായി തടസ്സപ്പെടുന്ന സാഹചര്യമുണ്ട്.

പ്രതികൂല സാഹചര്യങ്ങളെല്ലാം അതിജീവിച്ച് വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് കെ എസ് ഇ ബി ജീവനക്കാർ. ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും കെഎസ്ഇബി അറിയിച്ചു.

പണിമുടക്ക് പ്രഖ്യാപിച്ച് ‌എൽപിജി ട്രക്ക് ഡ്രൈവർമാർ. എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ നവംബർ അഞ്ചു മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സമരം, പാചക വാത വിതരണത്തെ പ്രതിസന്ധിയിലേക്ക് എത്തിച്ചേക്കും. വേതന വർദ്ധനവിനായി കഴിഞ്ഞ 11 മാസമായി അപേക്ഷ നല്കിയിരിന്നു.ഇതിനിടെ ഉടമകളും തൊഴിലാളികളും ലേബർ ഓഫീസർമാരും തമ്മിൽ ഇരുപതോളം ചർച്ചകൾ നടന്നു.


അനുകൂല നിലപാടുകളൊന്നും സ്വീകരിക്കാത്തതിന്റെ സാഹചര്യത്തിലാണ് സമരത്തിനായി ട്രക്ക് ഡ്രൈവർമാർ തീരുമാനിച്ചത്. തൊഴിലാളികള്‍ ഇന്ന് ഉച്ചവരെ പ്രതീകാത്മക സമരം നടത്തുന്നുണ്ട്. നവംബർ അഞ്ച് മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏഴ് പ്ലാന്റുകളിലാണ് പണിമുടക്ക് നടത്തുന്നത്. ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതോടെ സംസ്ഥാനത്ത് പാചക വാതക വിതരണം സ്തംഭിക്കും.


നിലവിൽ ഓരോ ട്രിപ്പ് അനുസരിച്ചുള്ള വേതനമാണ് ഡ്രൈവർമാർക്ക് ലഭിക്കുന്നത്. ഇത് ഒഴിവാക്കി ഫെയർവേജ് സംവിധാനം നടപ്പിലാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ട്രക്ക് ഉടമകൾ ചർച്ചകൾക്ക് തയ്യാറാകുന്നില്ലെന്നും സംഘടനകൾ ആരോപിക്കുന്നു.അതേസമയം, കഴിഞ്ഞയാഴ്‌ച വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 209 ഓളം വർദ്ധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറിന് വില 160 രൂപയും ഗാർഹിക സിലിണ്ടറിന് 200 രൂപയും കുറച്ചിരുന്നു

ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച കൂടുമെന്ന് അന്താരാഷ്ട്ര നാണയ നിധി. ഏപ്രിൽ-ജൂൺ പാദത്തിൽ പ്രതീക്ഷിച്ചതിലും ശക്തമായ ഉപഭോഗം ചൂണ്ടിക്കാട്ടി 2024 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ചാ പ്രവചനം നേരത്തെ കണക്കാക്കിയ 6.1 ശതമാനത്തിൽ നിന്ന് 6.3ശതമാനം ആയി ഉയർത്തി.

ഇത് രണ്ടാം തവണയാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ഇന്ത്യയുടെ 2023-24 ലെ ജിഡിപി വളർച്ചാ പ്രവചനം മൂന്ന് മാസത്തിനുള്ളിൽ ഉയർത്തുന്നത്. ഇത് റിസർവ് ബാങ്കിന്റെ വളർച്ചാ പ്രവചനത്തിനോട് ചേർന്ന് നിൽക്കുന്നതാണ്. ഉപഭോഗം ജനുവരി മാർച്ചു മാസങ്ങളിൽ ഉയർന്നിട്ടുണ്ടെങ്കിലും, സാമ്പത്തിക വിദഗ്ധർക്ക് ഇന്ത്യയിലെ ഗാർഹിക ചെലവുകളുടെ കണക്കുകളിൽ ആശങ്കയുണ്ട്. ചൈനയുടെ വളർച്ച കുറയുമെന്നും വിലയിരുത്തലുമ്ട്. ഇതിന് പുറമെ മറ്റ് പല വികസ്വര രാജ്യങ്ങൾക്കും വളർച്ച മുരടിപ്പ് ഉണ്ടാകുമെന്നും കരുതുന്നുണ്ട്.

ടെൽഅവീവ്: ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ സംയുക്ത യുദ്ധകാല സർക്കാർ രൂപീകരിച്ചിരുന്നു. ഹമാസിനെതിരെ യുദ്ധത്തിൽ ഒറ്റക്കെട്ടായി നീങ്ങുന്നതിനായാണ് യുദ്ധകാല സർക്കാർ രൂപീകരിച്ചത്. എന്നാൽ സംയുക്ത യുദ്ധകാല സർക്കാരിൽ ചേരില്ലെന്നാണ് പ്രതിപക്ഷ നേതാവ് യാർ ലപിഡ് വ്യക്തമാക്കിയിരിക്കുന്നത്. തീവ്ര വലതുപക്ഷത്തെ സർക്കാരിൽ ചേർക്കരുതെന്നും ഹമാസ് ആക്രമണം ഇസ്രായേൽ സർക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംയുക്ത യുദ്ധകാല സർക്കാരിന്റെ മന്ത്രിസഭയിലെ നിലവിലെ രീതിയും അംഗത്വവും ശരിയായ പ്രവർത്തനത്തിന് അനുകൂലമാകില്ല. അതിനാൽ സംയുക്ത സർക്കാരിൽ ചേരില്ല. കൃത്യമായ ഭരണനേതൃത്വമില്ലാതെ തീവ്രവലതുപക്ഷത്തേക്കൂടി മന്ത്രിസഭയിൽ ചേർക്കുന്നത് പരാജയത്തിലേക്ക് നയിക്കും. തന്റെ പാർട്ടി യുദ്ധത്തിൽ സർക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധസാഹചര്യം കണക്കിലെടുത്താണ് ഇസ്രായേലിൽ സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷ പാർട്ടികളെയും ഉൾപ്പെടുത്തിയാണ് മന്ത്രി സഭ രൂപീകരിക്കുന്നതെന്ന് ഇസ്രായേൽ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇസ്രായേലിയൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിപക്ഷ നേതാവ് ബെന്നി ഗാൻസ്, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തുടങ്ങിയവർ മന്ത്രിസഭയിൽ ഉണ്ടാകുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്.

സംയുക്ത സർക്കാരിന്റെ മന്ത്രിസഭയിൽ ഒരു സീറ്റ് പ്രതിപക്ഷ നേതാവ് യാർ ലാപിഡിന് മാറ്റിവെച്ചിരുന്നു.