കൊച്ചി: കായിക താരങ്ങൾ കേരളം വിട്ടുപോവുകയാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. ഉള്ളവരെ ഓടിക്കല്ലേയെന്ന് കോടതി വ്യക്തമാക്കി. അത്‌ലറ്റ് രഞ്ജിത്ത് മഹേശ്വരിയുടെ ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
ഉത്തേജക മരുന്ന് ഉപയോഗിച്ചന്ന് കണ്ടെത്തിയതിന് 2013 ൽ രഞ്ജിത്ത് മഹേശ്വരിയ്ക്ക് അർജുൻ അവാർഡ് നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് രഞ്ജിത്ത് മഹേശ്വരി ഹൈക്കോടതിയെ സമീപിച്ചത്. 2008 ഉത്തേജക മരുന്ന് പരിശോധനയിൽ രഞ്ജിത്ത് മഹേശ്വരി പരാജയപ്പെട്ടിരുന്നു. എന്നാൽ, ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള മരുന്ന് മാത്രമാണ് കഴിച്ചതെന്നായിരുന്നു രഞ്ജിത്ത് മഹേശ്വരിയുടെ വാദം.
വിഷയത്തിൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയോട് കോടതി വിശദീകരണം തേടി. താരം ഉത്തേജകമരുന്ന് ഉപയോഗിച്ചത് എങ്ങനെയാണ് കണ്ടെത്തിയതെന്ന് കോടതി ചോദിച്ചു.
അതേസമയം, രാജ്യത്തിനായി രാജ്യാന്തര വേദികളിൽ അഭിമാന നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും സംസ്ഥാന സർക്കാർ ജോലിയും പാരിതോഷികവും നൽകാതെ അവഗണിക്കുന്നതിനെതിരെ കേരളത്തിലെ കായികതാരങ്ങൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിന് ശേഷമുള്ള അവഗണന ദുഃഖകരമാണെന്നായിരുന്നു പുരുഷ മധ്യദൂര ഓട്ടക്കാരൻ ജിൻസൺ ജോൺസൻ പ്രതികരിച്ചത്.
സംസ്ഥാന സർക്കാരിന്റെയും കായിക വകുപ്പിന്റെയും അവഗണനയിൽ മനംമടുത്ത് കായികതാരങ്ങൾ കൂട്ടത്തോടെ കേരളം വിടുന്ന സംഭവത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്ത് നൽകി. കേരളത്തിന് വേണ്ടി മത്സരിക്കുന്നതും സ്വന്തം നാട്ടിൽ ചുവടുറപ്പിച്ച് നിൽക്കുന്നതും അഭിമാനമായി കാണുന്ന കായിക താരങ്ങളെ സംസ്ഥാന സർക്കാർ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. രാജ്യത്തിന് വേണ്ടി മെഡൽ നേടിയ കായിക താരങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കണം. രാജ്യത്തിന്റെ തന്നെ അഭിമാനമായ മലയാളി കായികതാരങ്ങൾ സംസ്ഥാനം വിട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ പ്രഖ്യാപിച്ച ജോലിയും പാരിതോഷികങ്ങളും ഉടൻ നൽകാനുള്ള അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

