ന്യൂഡൽഹി: ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പദ്ധതി ആവിഷ്ക്കരിച്ച് കേന്ദ്ര സർക്കാർ. ഇതിനായി ഓപ്പറേഷൻ അജയ് എന്ന പേരിൽ രക്ഷാ ദൗത്യം ആരംഭിച്ചു.
ഇതിനായി പ്രത്യേക വിമാനം സജ്ജമാക്കി. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തുള്ള പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പൂർണ്ണമായും പ്രതിജ്ഞബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക ചാർട്ടർ ഫ്ലൈറ്റുകളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മടങ്ങി വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുമെന്ന് പ്രത്യേക വിമാനത്തിനായി രജിസ്റ്റർ ചെയ്ത ഇന്ത്യൻ പൗരന്മാർക്ക് ഇസ്രയേലിലെ ഇന്ത്യൻ എംബസി ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ട്.

