ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ താരങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇന്ത്യൻ കായിക സംഘത്തെയും അവരുടെ നേട്ടങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായുണ്ടായ ഈ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ മെഡൽ നേട്ടത്തെ വരുന്ന തവണ നാം മറികടക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി താൻ നിങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തത് ഖേലോ ഇന്ത്യക്ക് കീഴിൽ വരുന്ന 125 അത്‌ലറ്റുകളാണ്. ഗെയിംസിൽ അവർ 40 മെഡലുകൾ നേടി. ഖേലോ ഇന്ത്യയുടെ വിജയമാണ് ഇത് ഉയർത്തികാട്ടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 3,000-ലധികം അത്‌ലറ്റുകൾക്കാണ് ഖേലോ ഇന്ത്യക്ക് കീഴിൽ പരിശീലനം നൽകുന്നത്. മെഡിക്കൽ സഹായമുൾപ്പെടെയുള്ളവ പദ്ധതിയിലൂടെ ലഭ്യമാകുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി.
കായികതാരങ്ങൾക്ക് നിലവിൽ നൽകുന്നത് 25,000 കോടി രൂപയുടെ സഹായമാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കായികതാരങ്ങൾക്കായി സർക്കാർ 3000 കോടി രൂപ അധികമായി ചിലവഴിക്കും. അവർക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കും. പാരീസ് ഒളിമ്പിക്സിൽ മികച്ച നേട്ടം കൈവരിക്കാനായി ശ്രമിക്കാനും കായിക താരങ്ങളോട് മോദി ആഹ്വാനം ചെയ്തു.
2014ന് ശേഷം ഇന്ത്യയിലെ കായികതാരങ്ങൾക്ക് വിദേശത്ത് മികച്ച പരിശീലനവും മറ്റ് സൗകര്യങ്ങളും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുളള അവസരവും ലഭിക്കുന്നുണ്ട്. ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം രാജ്യത്തിന്റെ കായികമേഖലയുടെ വളർച്ചയുടെ ഉദ്ദാഹരണമാണ്. ഇത് പുതുതലമുറയ്ക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

