Highlights (Page 137)

വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമാണ് കാർത്തി നായക വേഷത്തിലെത്തിയ കൈതി. ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രേക്ഷരെല്ലാം ആവേശത്തിലായിരുന്നു. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ടാണ് ചിത്രത്തിന് സ്റ്റേ വന്നത്. ചിത്രം മോഷണമാണെന്ന ആരോപണവുമായി മലയാളി രംഗത്തെത്തിയതോടെയാണ് സ്റ്റേ ഏർപ്പെടുത്തിയത്. സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി രാജീവ് ഫെർണാണ്ടസാണ് രംഗത്തെത്തിയത്. എന്നാൽ ഈ സ്റ്റേ കോടതി റദ്ദാക്കി. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എം മനോജാണ് ഉത്തരവ് പുറത്തിറക്കിയത്.

കൈതി എന്ന സിനിമയുടെ ഇതിവൃത്തം 2007 ൽ താൻ എഴുതിയ നോവലിൽ നിന്ന് പകർത്തിയതാണെന്നാണ് രാജീവ് ഫെർണാണ്ടസ്പറയുന്നത്. കൊലക്കേസിൽ പ്രതിയാക്കപ്പെട്ട് ചെന്നൈയിലെ ജയിലിൽ കഴിയുന്ന കാലത്തെ അനുഭവങ്ങൾ ചേർത്താണ് രാജീവ് നോവൽ എഴുതുന്നത്. ഇത് സിനിമയാക്കാമെന്ന് പറഞ്ഞ് ഒരു തമിഴ് നിർമാതാവ് അഡ്വാൻസ് തന്നതാണെന്നും ലോക്ക് ഡൗണിന് ഇടയിൽ കൈതി ടിവിയിൽ കണ്ടപ്പോഴാണ് തന്റെ കഥ സിനിമയായ വിവരം അറിയുന്നതെന്നുും രാജീവ് ആരോപിക്കുന്നു.

സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു രാജീവ് ഹർജി സമർപ്പിച്ചത്. എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകർപ്പടക്കമുളള രേഖകൾ അദ്ദേഹം കോടതിയ്ക്ക് മുൻപാകെ സമർപ്പിക്കുകയും ചെയ്തിരുന്നു.

തൃശൂർ: കോവിഡ് ചികിത്സയിൽ അഭിമാന നേട്ടവുമായി മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. കോവിഡ് ബാധിതരായ 1106 ഗർഭിണികൾക്കാണ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷിത പ്രസവത്തിന് സൗകര്യമൊരുക്കിയത്. 2020 ൽ 291 പേർക്കും, 2021 ൽ 736 പേർക്കും സുരക്ഷിത പ്രസവത്തിന് ആശുപത്രിയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. 2022 ൽ ഇതുവരെ കോവിഡ് ബാധിച്ച 79 പേരാണ് പ്രസവത്തിനെത്തിയത്.

മുളങ്കുന്നത്തുകാവ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കെ ആർ രാധ, യൂണിറ്റ് മേധാവികളായ ഡോ. രാജേശ്വരിപിള്ള, ഡോ. റീന എന്നിവരുടെ നേതൃത്വത്തിലാണ് സൗകര്യങ്ങളൊരുക്കിയത്. മണിക്കൂറുകളോളം പിപിഇ കിറ്റ് ധരിച്ചാണ് ഇവർ കോവിഡ് രോഗികൾക്ക് സേവനം ഒരുക്കിയത്. ഗൈനക്കോളജി വകുപ്പിലെ മറ്റു ഡോക്ടർമാർ, റസിഡന്റ് ഡോക്ടർമാർ, നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റ്, ഗ്രേഡ് 2 ക്ലീനിങ് സ്റ്റാഫ് ഉൾപ്പെടെയുള്ളവരും സേവനങ്ങളിൽ പങ്കാളികളായി. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ രോഗം ബാധിച്ച് പ്രസവത്തിനെത്തുന്നവർക്ക് ആശുപത്രിയിൽ പ്രത്യേക സംവിധാനമൊരുക്കിയിരുന്നു.

സിസേറിയൻ വേണ്ടിവന്നവർക്ക് കോവിഡ് ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കി. അനസ്‌തേഷ്യ വിഭാഗത്തിന്റെയും, ശിശുരോഗ വിഭാഗത്തിന്റെയുംകൂടി സഹകരണത്തോടെയും ഏകോപനത്തോടെയുമാണ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയത്. പാലക്കാട്, മലപ്പുറം ജില്ലകളിലെയും ബഹുഭൂരിപക്ഷം പേരും ചികിത്സക്കായി ആശ്രയിക്കുന്നത് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയെയാണ്. കോവിഡ് ബാധിച്ച ഗർഭിണികൾക്ക് സുഖകരമായ ചികിത്സാ സൗകര്യം ഒരുക്കി നൽകുന്നതിനൊപ്പം 3000ലേറെയുള്ള കോവിഡ് ബാധിതരല്ലാത്ത ഗർഭിണികൾക്കും ആവശ്യമായ ചികിത്സയും ആശുപത്രിയിൽ നിന്നും നൽകുന്നുണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യക്ക് അഭിമാനിക്കാം. ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍ റിപ്പോര്‍ട്ട് 2021-22 പ്രകാരം ലോകത്ത് ഏറ്റവും എളുപ്പത്തില്‍ ബിസിനസ് തുടങ്ങാവുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 500 ലേറെ ഗവേഷകര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ദുബൈ എക്‌സ്‌പോയിലാണ് പ്രസിദ്ധീകരിച്ചത്.

ലോകത്തെ 47 ഓളം പ്രമുഖ സാമ്പത്തിക ശക്തികള്‍ക്കിടയില്‍ 2000 ത്തിലേറെ പേരിലാണ് സര്‍വെ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം പേര്‍ക്കും ഇന്ത്യയില്‍ വളരെ എളുപ്പത്തില്‍ ബിസിനസ് തുടങ്ങാന്‍ കഴിയുമെന്ന അഭിപ്രായമാണുള്ളത്. പ്രാദേശിക സംരംഭകത്വ സാഹചര്യം, സംരംഭകത്വ പ്രവര്‍ത്തനം, സംരംഭകരോടുള്ള മനോഭാവം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളോടാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്. പങ്കെടുത്ത 54 ശതമാനം പേരും തകര്‍ച്ച ഭയന്ന് ബിസിനസ് തുടങ്ങാന്‍ മടിക്കുന്നവരാണ്. പേടി മൂലം ബിസിനസ് തുടങ്ങാന്‍ മടിക്കുന്ന കൂടുതല്‍ പേരുള്ള രാജ്യങ്ങളില്‍ രണ്ടാമതാണ് ഇന്ത്യ.

അതേസമയം, കുറഞ്ഞ വ്യക്തിഗത വരുമാനമുള്ള രാജ്യങ്ങളില്‍ എളുപ്പത്തില്‍ ബിസിനസ് തുടങ്ങാനാവുന്ന ഒന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ബിസിനസ് തുടങ്ങാനുള്ള സാമ്പത്തിക സഹായം, സര്‍ക്കാര്‍ നയം, ബിസിനസിനുള്ള പിന്തുണ, നികുതിയും നടപടിക്രമങ്ങളും, സര്‍ക്കാരിന്റെ സംരംഭകത്വ പദ്ധതികള്‍ തുടങ്ങിയവയെല്ലാം പുതുസംരംഭകര്‍ക്ക് സഹായകരമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയില്‍ ബിസിനസില്‍ മാറ്റം വരുത്തിയ സംരംഭകരില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.

ന്യൂഡൽഹി: ഉക്രൈൻ വിടാൻ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും നിർദേശം. ഇന്ത്യൻ എംബസിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. അത്യാവശ്യ കാര്യത്തിനല്ലാതെ അവിടെ തുടരുന്ന ഇന്ത്യക്കാർ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്ന് അധികൃതർ നിർദ്ദേശിച്ചു. റഷ്യ- ഉക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഉക്രൈനിലേക്കുള്ള താത്കാലിക യാത്രകളും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം ഉക്രൈനിലുള്ള ഇന്ത്യൻ എംബസി താത്കാലികമായി അടയ്ക്കില്ല. അവിടെ ഇപ്പോഴും തുടരുന്ന ഇന്ത്യക്കാർ എന്ത് ആവശ്യമുണ്ടെങ്കിലും എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

റഷ്യ ഉക്രൈനെ ഏത് നിമിഷവും ആക്രമിക്കാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. ഉക്രൈൻ അതിർത്തികളിൽ റഷ്യൻ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.

അതേസമയം യുക്രൈനിൽ നിന്നും തിരിച്ചെത്താൻ അമേരിക്കയും പൗരന്മാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഉടൻ തന്നെ യുക്രൈൻ വിടണമെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കൻ പൗരന്മാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

തിരുവനന്തപുരം: ഡയമണ്ട് വില കുത്തനെ കൂടി. 13 വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ ഡയമണ്ട് വിലയിൽ വൻ വർധനവ് രേഖപ്പെടുത്തുന്നത്. ഒരു കാരറ്റിന് 15000 രൂപ മുതൽ 25000 രൂപ വരെ വർധനവാണ് ഉണ്ടായിട്ടുള്ളത്.

വിലവർധനയുടെ സാഹചര്യത്തിൽ നിർമ്മാതാക്കൾ ഡയമണ്ട് വിതരണം താത്ക്കാലികമായി നിർത്തിവെച്ചു. ഇറക്കുമതി ചെയ്യുന്ന റഫ് ഡയമണ്ടിന്റെ വിലയിലുണ്ടായ വർധനവാണ് ഇപ്പോഴുണ്ടായ വിലക്കയറ്റത്തിന് കാരണം. 2009ലും ഡയമണ്ടിന് സമാനമായ രീതിയിൽ വിലവർധനവ് രേഖപ്പെടുത്തിയിരുന്നു.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പല ഡയമണ്ട് സെന്ററുകളിലും നിർമ്മാണം പകുതിയായി കുറഞ്ഞിരുന്നു. ഇതും വിലവർധനവിന് കാരണമായിട്ടുണ്ട്. ഡയമണ്ട് ആവശ്യത്തിന് ലഭിക്കാത്തതിനാൽ ഡയമണ്ട് ആഭരണ നിർമ്മാണ മേഖല പ്രതിസന്ധിയിലാണ്. കഴിഞ്ഞ ബജറ്റിൽ പോളിഷ് ചെയ്ത ഡയമണ്ടിന് 2.5% നികുതി കുറച്ചിരുന്നു.

ജനപ്രീതിയിൽ മുൻനിരയിൽ നിൽക്കുന്ന ആദ്യ പത്ത് നടന്മാരുടെ ലിസ്റ്റ് പുറത്ത്. പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലാണ് പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ളത്. മമ്മൂട്ടിയാണ് രണ്ടാം സ്ഥാനത്ത്.

ഈ വർഷം ജനുവരിയിലെ ട്രെൻഡുകൾ അനുസരിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് ഫഹദ് ഫാസിലും നാലാം സ്ഥാനത്ത് ടൊവിനോ തോമസും അഞ്ചാം സ്ഥാനത്ത് പൃഥ്വിരാജ് സുകുമാരനുമാണ്.

ദുൽഖർ സൽമാൻ, ആസിഫ് അലി, ദിലീപ്, നിവിൻ പോളി, ഷെയ്ൻ നിഗം തുടങ്ങിയവരും പട്ടികയിലുണ്ട്.

ജനപ്രീതിയിൽ മുന്നിലുള്ള മലയാളനായക നടന്മാർ

  1. മോഹൻലാൽ
  2. മമ്മൂട്ടി
  3. ഫഹദ് ഫാസിൽ
  4. ടൊവീനോ തോമസ്
  5. പൃഥ്വിരാജ് സുകുമാരൻ
  6. ദുൽഖർ സൽമാൻ
  7. ദിലീപ്
  8. ആസിഫ് അലി
  9. നിവിൻ പോളി
  10. ഷെയ്ൻ നിഗം

ന്യൂഡല്‍ഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് വീണ്ടും 54 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രം നിരോധിക്കാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ബ്യൂട്ടി ക്യാമറ, സ്വീറ്റ് സെല്‍ഫി എച്ച് ഡി, ബ്യൂട്ടി ക്യാമറ – സെല്‍ഫി ക്യാമറ, ഇക്വലൈസര്‍ & ബാസ് ബൂസ്റ്റര്‍, ക്യാം കാര്‍ഡ് ഫോര്‍ സേല്‍സ് ഫോഴ്‌സ്, ഐസൊലാന്‍ഡ് 2 ആഷസ് ഓഫ് ടൈം ലൈറ്റ്, വിവ വീഡിയോ എഡിറ്റര്‍, ടെന്‍സന്റ് എക്‌സ്‌റിവര്‍, ഓണ്‍മയോജി ചെസ്, ഓണ്‍മയോജി അറീന, ആപ്പ് ലോക്ക്, ഡ്യൂവല്‍ സ്‌പേസ് ലൈറ്റ് എന്നീ ആപ്പുകളാണ് നിരോധിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ടിക് ടോക്കും, ഹെലോയും, വീ ചാറ്റും അടക്കം 59 വമ്പന്‍ ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ചൈനയുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായതിന് ശേഷം ഏകദേശം മുന്നൂറോളം ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്.

2020ല്‍ പ്രശസ്ത മൊബൈല്‍ ഗെയിം പബ്ജിയും നിരോധിക്കപ്പെട്ടിരുന്നെങ്കിലും ഗെയിം സ്റ്റുഡിയോ ക്രാഫ്റ്റണ്‍ ഇന്ത്യയില്‍ പുതിയ ഓഫീസ് തുടങ്ങി, ഗെയിമിനെ ബാറ്റില്‍ ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ പുനരവതരിപ്പിച്ചിരുന്നു.

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ തുടരാമെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തങ്ങളുടെ ഭൂമിയിൽ സർവേ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിലർ നൽകിയ ഹർജിയിൽ നേരത്തെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ച് നൽകിയ സ്റ്റേ ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയും ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

തങ്ങളുടെ അധികാരത്തിന് അപ്പുറമുള്ള കാര്യങ്ങളിൽ സിംഗിൾ ബെഞ്ച് ഇടപെടുന്നതായാണ് സർക്കാർ കോടതിയെ അറിയിച്ചത്. സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും സർക്കാർ പറഞ്ഞിരുന്നു.

സാമൂഹ്യാഘാത പഠനത്തെ അടക്കം അത് ബാധിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം ഡിപിആറിന്റെ വിശദാംശങ്ങൾ ഹാജരാക്കണമെന്ന് സിംഗിൽ ബെഞ്ച് സർക്കാരിന് നൽകിയ നിർദ്ദേശം ഡിവിഷൻ ബെഞ്ച് ഒഴിവാക്കുകയും ചെയ്തു.

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മേപ്പടിയാൻ എന്ന ചിത്രത്തിന് ഒടിടി റിലീസിനൊരുങ്ങുന്നു. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി അവകാശം നേടിയിരിക്കുന്നത്. സ്ട്രീമിംഗ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഉണ്ണി മുകുന്ദനാണ് മേപ്പടിയാൻ നിർമ്മിച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. തിയേറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. വിഷ്ണു മോഹനാണ് മേപ്പടിയാന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ചിത്രത്തിന് തിരക്കഥ എഴുതിയും വിഷ്ണു മോഹനാണ്. നീൽ ഡി കുഞ്ഞയാണ് ഛായാഗ്രഹണം.

ഉണ്ണിമുകുന്ദന് പുറമെ അജു വർഗീസ്, ഇന്ദ്രൻസ്, സൈജു കുറുപ്പ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, അഞ്ജു കുര്യൻ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് തിയേറ്റർ ഷെയറായി മാത്രം 2.4 കോടി ലഭിച്ചെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സാറ്റലൈറ്റ് റൈറ്റ് ഇനത്തിൽ 2.5 കോടിയും ഒടിടിടി റൈറ്റ് വിറ്റ വകയിൽ 1.5 കോടിയും ചിത്രം നേടിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ന്യൂഡല്‍ഹി: ഹിജാബ് വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്ലീം പെണ്‍കുട്ടികളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ആഗ്രഹിക്കുന്നവരാണ് ഹിജാബിനായി വാദിക്കുന്നതെന്നും കൃത്യമായ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഹിജാബ് അനുകൂല വാദങ്ങള്‍ ഉയരുന്നതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. ‘പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചതിന് പിന്നാലെ അവരെ കുഴിച്ച് മൂടിയിരുന്ന പഴയ അറേബിയന്‍ മനസാണ് ചിലര്‍ക്ക് ഇന്നും ഉള്ളത്. ഇത്തരം വിവാദങ്ങള്‍ സ്ത്രീകളെ വിദ്യാഭ്യാസത്തില്‍ നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കും. ഹിജാബ് കണ്ടെത്തിയത് തന്നെ സ്ത്രീയെ അടിച്ചമര്‍ത്താനാനാണ്’-ഗവര്‍ണര്‍ വിമര്‍ശിച്ചു.

പെണ്‍കുട്ടികളാണ് എല്ലാ പഠന മേഖലകളിലും ഏറ്റവും മുന്നില്‍. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടേണ്ടത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കല്‍ അല്ലെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു. പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നെന്നും ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ തുടങ്ങിയ പ്രതിഷേധം സംഘര്‍ഷമായി തെരുവുകളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. ജമാത്ത് ഉലുമ ഐ ഹിന്ദ് എന്ന സംഘടനയാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നില്ലെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇത്തരം സംഘടനകളുടെ സാമ്പത്തിക സ്രോതസ് പൊലീസ് പരിശോധിക്കുകയാണ്. കോളേജിന് പുറത്ത് കാവി ഷാള്‍ വിതരണം ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. എന്നാല്‍, ഈ സംഭവത്തില്‍ ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല.