ഉക്രൈൻ വിടാൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും നിർദേശം നൽകി ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഉക്രൈൻ വിടാൻ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും നിർദേശം. ഇന്ത്യൻ എംബസിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. അത്യാവശ്യ കാര്യത്തിനല്ലാതെ അവിടെ തുടരുന്ന ഇന്ത്യക്കാർ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്ന് അധികൃതർ നിർദ്ദേശിച്ചു. റഷ്യ- ഉക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഉക്രൈനിലേക്കുള്ള താത്കാലിക യാത്രകളും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം ഉക്രൈനിലുള്ള ഇന്ത്യൻ എംബസി താത്കാലികമായി അടയ്ക്കില്ല. അവിടെ ഇപ്പോഴും തുടരുന്ന ഇന്ത്യക്കാർ എന്ത് ആവശ്യമുണ്ടെങ്കിലും എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

റഷ്യ ഉക്രൈനെ ഏത് നിമിഷവും ആക്രമിക്കാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. ഉക്രൈൻ അതിർത്തികളിൽ റഷ്യൻ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.

അതേസമയം യുക്രൈനിൽ നിന്നും തിരിച്ചെത്താൻ അമേരിക്കയും പൗരന്മാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഉടൻ തന്നെ യുക്രൈൻ വിടണമെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കൻ പൗരന്മാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.