Highlights (Page 138)

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് കോടികളുടെ വായ്പാ തട്ടിപ്പ്. മുംബൈ ആസ്ഥാനമായ സ്വകാര്യ കപ്പൽ നിർമാണ ശാലയായ എ.ബി.ജി ഷിപ്പ്‌യാർഡ് കമ്പനിയുടെ ഡയറക്ടർമാരാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റിഷി കമലേഷ് അഗർവാളിനെതിരെയും സ്ഥാപനത്തിനെതിരെയും സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു.

22,842 കോടി രൂപയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന 28 ബാങ്കുകളുടെ കൺസോർഷ്യത്തെ കബളിപ്പിച്ച് ഇവർ തട്ടിയെടുത്തത്. എക്‌സിക്യൂട്ടീവ് ഡയറക്ടർ സന്താനം മുത്തസ്വാമി, ഡയറക്ടർമാരായ അശ്വനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നവേടിയ, എ.ബി.ജി ഇൻറർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി തുടങ്ങിയവരും കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. 2012-17 കാലയളവിൽ റിഷി അഗർവാൾ ചെയർമാനായിരിക്കെ മറ്റ് ഡയറക്ടർമാരുമായി ഒത്തു ചേർന്ന് വായ്പയായി ലഭിച്ച കോടിക്കണക്കിന് രൂപ വകമാറ്റിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. 2019 നവംബർ എട്ടിന് എസ്ബിഐയാണ് ആദ്യം പരാതി നൽകിയത്.

പിന്നീട് 2020 ഓഗസ്റ്റിൽ സി.ബി.ഐ കൂടുതൽ വിവരങ്ങൾ ചോദിച്ചതിനെ തുടർന്ന് എസ്ബിഐ പരാതി പുതുക്കി നൽകിയിരുന്നു. 2022 ഫെബ്രുവരി ഏഴിനാണ് സി.ബി.ഐ എബിജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2468.51 കോടിയാണ് സിബിഐ എബിജിക്ക് വായ്പയായി നൽകിയത്. ഐസിഐസിഐ ബാങ്ക് 7,089 കോടി രൂപയും ഐഡിബിഐ ബാങ്ക് 3,634 കോടിയും ബാങ്ക് ഓഫ് ബറോഡ 1,614 കോടിയും, പഞ്ചാബ് നാഷണൽ ബാങ്ക് 1,244 കോടിയും ഇന്ത്യൻ ഓവർസീസ് ബാങ്ക് 1228 കോടി രൂപയുമാണ് വായ്പയായി നൽകിയതെന്നാണ് കണ്ടെത്തൽ.

ഇന്ത്യയിലെ ഹിറ്റ് ടെലിവിഷൻ പരമ്പരയായ ശക്തിമാൻ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നതായി റിപ്പോർട്ട്. സോണി പിക്‌ചേഴ്‌സ് ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ശക്തിമാൻ ബിഗ് സ്‌ക്രീനിലേക്ക് എത്തിക്കാൻ ബ്ര്യൂവിംഗ് തോട്‌സ് പ്രൈവറ്റ് ലിമിറ്റഡും ഭീഷ്മം ഇന്റർനാഷണലുമായി കരാർ ഒപ്പിട്ടെന്നാണ് സോണി ഇന്റർനാഷണൽ പ്രഖ്യാപിച്ചത്.

സൂപ്പർഹീറോ നായകൻമാരായിട്ടുള്ള ചിത്രങ്ങൾ ഇന്ത്യയിൽ വൻ വിജയമാകുമെന്ന സാഹചര്യത്തിലാണ് സോണി ഇന്റർനാഷണലിന്റെ പ്രഖ്യാപനം. വൈകാതെ എല്ലാ വിവരങ്ങളും പുറത്തുവിടുമെന്ന് സോണി ഇന്റർനാഷണൽ വ്യക്തമാക്കുന്നു.

മുകേഷ് ഖന്നയായിരുന്നു ദൂരദർശൻ സംപ്രേഷണം ചെയ്ത ശക്തിമാനിൽ നായകനായെത്തിയത്. ഇന്നും മുകേഷ് ഖന്ന അറിയപ്പെടുന്നത് ശക്തിമാൻ എന്ന പേരിലാണ്. 1997 മുതൽ 2000 പകുതിവരെയായിരുന്നു ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നത്. ശക്തിമാൻ ബിഗ് സ്‌ക്രീനിലേക്ക് എത്തുമ്പോൾ സംവിധായകൻ ആരായിരിക്കുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. 450 എപ്പിസോഡുകളായിരുന്നു ശക്തിമാൻ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നത്.

ജറുസലേം: ഒരിക്കൽ പോലും വാക്‌സിൻ സ്വീകരിക്കാതെ കോവിഡ് വന്നവരുടെ പ്രതിരോധ ശേഷിയുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡിനെ തടഞ്ഞ് രണ്ടു വാക്‌സിൻ എടുത്തവർ ഏറെ പിന്നിലെന്ന പഠന റിപ്പോർട്ട് പുറത്ത്. ഒരിക്കൽ കോവിഡ് ബാധിച്ച് സുഖപ്പെട്ടതിലൂടെ നേടിയെടുത്ത പ്രതിരോധശേഷിയുടെ ഏഴയലത്തെത്താൻ വാക്‌സിൻ എടുത്ത, രോഗം ബാധിക്കാത്തവരുടെ പ്രതിരോധശേഷിക്ക് കഴിയില്ല എന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്.

കോവിഡ് വാക്‌സിനുകളുടെ ആരംഭകാലം മുതൽ തന്നെ രോഗബാധയിലൂടെ ഉണ്ടാകുന്ന ആർജ്ജിത പ്രതിരോധശേഷിയാണോ അതോ വാക്‌സിൻ നൽകുന്ന പ്രതിരോധമാണോ കൂടുതൽ ഫലപ്രദമെന്നത് സംബന്ധിച്ച് തർക്കങ്ങൾ നടന്നിരൂന്നു. പല പഠനങ്ങളും ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഏറ്റവും ഒടുവിൽ പുറത്തു വന്നത് ഇസ്രായേൽ നടത്തിയ പഠന റിപ്പോർട്ടാണ്. 500 പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പഠനമാണ് ഇസ്രായേലിൽ നടത്തിയത്.

ഇതിൽ കോവിഡ് വന്ന സുഖം പ്രാപിച്ചവരും അടുത്ത കാലത്ത് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തവരും ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി ഇവരെ നിരന്തരം നിരീക്ഷിച്ച് സ്ഥിരമായി ഇവരുടെ രക്തപരിശോധനകൾ നടത്തി രക്തത്തിലെ ആന്റിബോഡിയുടെ അളവ് കണക്കാക്കുകയും അതുപോലെ പ്രതിരോധ ശേഷി കണക്കാക്കുകയും ചെയ്തിരുന്നു. ഏതു തരത്തിലുള്ള പ്രതിരോധമാണ് നല്ലത് എന്നകാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നു തന്നെയാണെന്നാണ് വിദഗ്ധർ പറയുന്നത്. ചില സാഹചര്യങ്ങളിൽ രോഗബാധയിൽ നിന്നും സുഖം പ്രാപിച്ചവരിൽ വളരെ കുറഞ്ഞ അളവിൽ മാത്രം ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. വാക്‌സിനും അതുപോലെ ആർജ്ജിത പ്രതിരോധ ശേഷിയും ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച 26-ാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.കെ) 2022 മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരത്തു വെച്ച് നടത്തും. മാർച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്.

എട്ടു ദിവസത്തെ മേളയിൽ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്സ് ഉൾപ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകൾ ഉൾപ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകൾ 26ാമത് ഐ.എഫ്.എഫ്.കെയിൽ ഉണ്ട്. അന്തരിച്ച നടൻ നെടുമുടി വേണുവിന് ആദരമർപ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവ് ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന ഫിലിംസ് ഫ്രം കോൺഫ്‌ലിക്റ്റ് എന്ന പാക്കേജ് 26-ാമത് മേളയുടെ ആകർഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാൻ, ബർമ്മ, കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളിൽ ഫിപ്രസ്‌കി പുരസ്‌കാരം കിട്ടിയ സിനിമകളുടെ പാക്കേജ് ഫിപ്രസ്‌കി ക്രിട്ടിക്സ് വീക്ക് എന്ന പേരിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനനന്‍സിലും കെ-റെയിലിനും എതിരെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ റെയില്‍ മാത്രമാണ് കേരളത്തിന്റെ വികസന മുരടിപ്പിന് ഏക പരിഹാരം. ഈ രീതിയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ആവര്‍ത്തിക്കുന്നത് മനസ്സിലാകുന്നില്ലെന്ന് ബഹുഭൂരിപക്ഷം പറയുമ്പോള്‍ പദ്ധതിയുമായി മുന്നോട്ടെന്ന ‘മാവോ’ ലൈനിലാണ് സര്‍ക്കാറെന്ന് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കെ റെയില്‍ വരുന്ന വഴി കൂടി ചര്‍ച്ച ചെയ്യണം. എന്നാല്‍, ചര്‍ച്ചകളെ ഒഴിവാക്കി ഇത്ര തിടുക്കത്തില്‍ ഇതെന്തിന് എന്ന ചോദ്യത്തിന് പാവപ്പെട്ടവരുടെ അടുക്കളകളില്‍ പോലും അതിരടയാളക്കുറ്റി തറച്ചു കൊണ്ടായിരുന്നു സര്‍ക്കാര്‍ മറുപടി നല്‍കിയതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. വലിയ പദ്ധതി നടപ്പാക്കുമ്പോള്‍ പാര്‍ട്ടി നിശ്ചയിച്ച പൗരപ്രമുഖരമായി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. നിയമസഭയിലും ചര്‍ച്ച നടത്തിയില്ല. ജനങ്ങള്‍ക്ക് ബോധ്യമാകാത്ത പദ്ധതി എങ്ങനെ ജനകീയമാകും എന്ന ചോദ്യം കേരളത്തിലെ ഉന്നത നീതിപീഠത്തിന്റേതാണ്. കെ റെയിലിനെതിരെ കവിതയെഴുതിയ ഇടത് സഹയാത്രികന്‍ റഫീഖ് അഹമ്മദിന് എതിരെ ‘സാമൂഹ്യ’ മര്‍ദ്ദനമഴിച്ചുവിട്ടതാണ് നവോത്ഥാന കേരളത്തിലെ ഒടുവിലത്തെ സാംസ്‌കാരിക പാഠം. ലോകായുക്തയെ വെറും അന്വേഷണ കമ്മീഷനാക്കിയെന്നും അറിവില്ലായ്മയെ അധികാരം സ്ഥാപിക്കാനുള്ള മാര്‍ഗമാക്കുന്നത് പ്രാഥമികമായ ഫാസിസ്റ്റ് തന്ത്രമെന്നും മുഖപ്രസംഗത്തല്‍ വിമര്‍ശിക്കുന്നു.

രാഷ്ട്രീയ തുല്യത എന്നത് ലോകത്തിലെ ഏറ്റവും മൂഢമായ വിശ്വാസമാണെന്നും പറഞ്ഞത് മുസോളിനിയാണ്. ചര്‍ച്ചകള്‍ ഇല്ലാതാക്കുന്നവരും സംഭാഷണങ്ങളെ ഭയപ്പെടുന്നവരും ഫാസിസത്തിന്റെ വഴിയില്‍ത്തന്നെയാണെന്നും മുഖപ്രസംഗം ആഞ്ഞടിക്കുന്നു.

മലയാള സിനിമയിൽ തന്റേതായ ഒരിടം സ്വന്തമാക്കിയ താരമാണ് ദുൽഖർ സൽമാൻ. 2012 ൽ പുറത്ത് ഇറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് സൂപ്പർ താരം മമ്മൂട്ടിയുടെ മകനായ ദുൽഖർ സിനിമയിലേക്ക് എത്തുന്നത്. സിനിമാ ജീവിതം ആരംഭിച്ച് 10 വർഷം പൂർത്തിയാക്കുന്ന വേളയിൽ തന്റെ ജീവിതത്തിൽ മാതാപിതാക്കൾക്കുള്ള സ്വാധീനത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം.

ഏതൊരും മക്കളും ഏതെങ്കിലും വിധത്തിൽ അച്ഛനെ അനുകരിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത് എല്ലായ്പ്പോഴും അവരുടെ കരിയർ പാത തെരഞ്ഞെടുക്കുന്നതിന് മാത്രമാകില്ല. അവരുടെ മൂല്യങ്ങൾ, സ്വഭാവവിശേഷങ്ങൾ അല്ലെങ്കിൽ അവർ സ്വയം എങ്ങനെ പെരുമാറുന്നു, അങ്ങനെ പലതിനേയും കുറിച്ചായിരിക്കാം. അങ്ങനെ തന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യം അറിയിച്ചത്.

സമൂഹത്തിൽ മാത്രമല്ല, കുടുംബങ്ങൾക്കുള്ളിലും വലിയ ബഹുമാനമുള്ള ആളാണ് വാപ്പച്ചിയെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെപോലെ ഒരാളാകാൻ താനും ആഗ്രഹിച്ചിരുന്നു. യാത്രകളേയും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ തന്റെ മാതാപിതാക്കൽ പ്രൊട്ടക്റ്റീവ് ആയതുകൊണ്ട് അതിന് അവസരം ലഭിച്ചിരുന്നില്ലെന്നും ദുൽഖർ പറയുന്നു.’നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയുമായി സമീർക്ക എന്നെ സമീപിച്ചപ്പോൾ പറഞ്ഞത് താൻ പറഞ്ഞത് ഇന്നും ഓർക്കുന്നുണ്ട്. തനിക്ക് വളരെ പ്രൊട്ടക്റ്റീവായ മാതാപിതാക്കളാണുള്ളത്. താനൊരു മോട്ടോർ സൈക്കിളിൽ കയറിയാൽ പോലും അവർക്ക് പേടിയാണ് ഞാൻ പുറത്താണെങ്കിൽ മടങ്ങിവരുന്നതുവരെ അവർക്ക് സമാധാനമുണ്ടാകില്ല. സോളോ റൈഡർമാരുടെ നിരവധി പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ തന്റെ ജോലിയെ യാത്ര ചെയ്യാൻ എനിക്ക് ലഭിക്കുന്ന വലിയ അവസരമായിട്ടാണ് താൻ കാണുന്നതെന്നും ദുൽഖർ വ്യക്തമാക്കി.

ന്യൂഡൽഹി: കോൺഗ്രസിനും രാഹുൽഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ചൈന അതിർത്തി തർക്കം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ കൃത്യമായ മറുപടി പറയാൻ തയ്യാറാകുന്നില്ലെന്ന് വിമർശിച്ച കോൺഗ്രസിനെതിരെയാണ് പ്രധാനമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്. കേൾക്കാൻ തയ്യാറാകാത്ത, പാർലമെന്റിൽ വരാത്ത ആൾക്ക് താനങ്ങനെ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. വാർത്താ ഏജൻസിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്.

ചോദ്യങ്ങളിൽ വിശദമായ ഉത്തരങ്ങൾ അതത് മന്ത്രാലയങ്ങൾ നൽകിയിട്ടുണ്ട്. ആവശ്യമുള്ളപ്പോഴെല്ലാം ചില സമയങ്ങളിൽ താൻ തന്നെ സംസാരിച്ചിട്ടുണ്ട്. പാർലമെന്റിൽ നടക്കുന്ന ചർച്ചകളെ സ്വാഗതം ചെയ്യുന്നുവെന്നും താനും തന്റെ സർക്കാരും ആരേയും ആക്രമിക്കുന്നില്ലെന്നും ചർച്ചയിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. തങ്ങൾ ആരേയും അക്രമിക്കുന്നില്ല. ചർച്ചകളും സംവാദങ്ങളും നടത്തുന്നതിലാണ് തങ്ങൾ വിശ്വസിക്കുന്നത്. ചില സമയത്ത് വാദപ്രതിവാദങ്ങളാകും. പാർലമെന്റിൽ ചില തടസ്സപ്പെടുത്തലുകൾ ഉണ്ടായേക്കും. ഈ വിഷയങ്ങളിലൊന്നും തനിക്ക് അസ്വസ്ഥയുണ്ടാകാൻ ഒരു കാരണവുമില്ല. എല്ലാ വിഷയങ്ങളിലും ഞാൻ വസ്തുതകൾ നൽകുകയും വസ്തുതകളുടെ അടിസ്ഥാനത്തിൽ എല്ലാ വിഷയങ്ങളിലും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചില വിഷയങ്ങളിൽ നമ്മുടെ വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും വിശദമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. ആവശ്യമുള്ളിടത്തെല്ലാം ഞാനും സംസാരിച്ചിട്ടുണ്ട്. സഭയിൽ ഇരിക്കാൻ തയ്യാറാകാത്ത, കേൾക്കാൻ തയ്യാറാകാത്ത ഒരു വ്യക്തിയോട് ഞാനെങ്ങനെ മറുപടി പറയുമെന്നും അദ്ദേഹം ചോദിക്കുന്നു.

ആരെയെങ്കിലും അക്രമിക്കാനുള്ള ഭാഷ എനിക്കറിയില്ല. അത് എന്റെ സ്വഭാവത്തിലും ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞി. എന്നാൽ യുക്തിയുടേയും വസ്തുതകളുടേയും അടിസ്ഥാനത്തിൽ മാദ്ധ്യമങ്ങൾ സഭയിലെ തന്റെ വാക്കുകൾ വ്യാഖ്യാനിച്ച് ചില വിവാദങ്ങൾ ഉണ്ടാക്കിയേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ക്രിയാശാരീര വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.

താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും govtayurvedacollegetvpm@gmail.com എന്ന ഇ-മെയില്‍ വഴി ഫെബ്രുവരി 16 ന് മുന്‍പായി അയക്കുക.

ബംഗളൂരു: കോയമ്പത്തൂര്‍-ബംഗളൂരു ദേശീയപാത 948ല്‍ വ്യാഴാഴ്ച മുതല്‍ രാത്രിയാത്ര നിരോധനം. സ്വകാര്യ വാഹനങ്ങളില്‍ ബംഗളൂരു യാത്രയ്ക്കായി മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ദേശീയപാതയാണിത്. സത്യമംഗലം ടൈഗര്‍ റിസര്‍വിനുള്ളിലൂടെ ബന്നാരി മുതല്‍ കാരപ്പള്ളം വരെയുള്ള ഭാഗത്താണു നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ മലയാളിക്ക് ബംഗളൂരുവിലേക്കുള്ള ഒരു വാതില്‍കൂടി അടയുകയാണ്.

ചരക്കു വാഹനങ്ങള്‍ക്കു രാത്രി മുഴുവനും ചെറുവാഹനങ്ങള്‍ക്കു രാത്രി 9 മുതല്‍ രാവിലെ 6 വരെയുമാണ് നിരോധനം. ഇതു സംബന്ധിച്ച് ഈറോഡ് കലക്ടറുടെ 2019ലെ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള ബസുകള്‍ കോയമ്പത്തൂര്‍- സേലം- കൃഷ്ണഗിരി വഴിയാണ് നിലവില്‍ കടന്നു പോകുന്നത്. കാറുകളടക്കമുള്ള സ്വകാര്യ വാഹനങ്ങളും ഈവഴി ചുറ്റിവളഞ്ഞു പോകേണ്ടി വരും. നിലവില്‍ ബന്ദിപ്പൂര്‍ വഴിയുള്ള കോഴിക്കോട്‌മൈസുരൂ ദേശീയപാത, ഊട്ടി-മേട്ടുപ്പാളയം-ഗൂഡല്ലൂര്‍, മൈസൂരു -മാനന്തവാടി റോഡുകളിലും രാത്രിയാത്ര വിലക്കുണ്ട്.

ന്യൂഡൽഹി: പിൻസീറ്റിൽ നടുവിലായി ഇരിക്കുന്നവർക്ക് ഉൾപ്പടെ മുഴുവൻ യാത്രക്കാർക്കും ധരിക്കാനുള്ള സീറ്റ് ബെൽറ്റ് കാറുകളിൽ ഘടിപ്പിക്കണമെന്ന് നിർദ്ദേശം നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. വാഹനനിർമാതാക്കൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം ഉടൻ കേന്ദ്ര ഗതാഗത മന്ത്രാലയം നൽകുമെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട കരടുമാർഗരേഖ ഈ മാസം പുറത്തിറങ്ങുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ത്രീ പോയിന്റ് സേഫ്റ്റി സീറ്റ് ബെൽറ്റ് അഥവാ വൈ ആകൃതിയിലെ ബെൽറ്റ് ഘടിപ്പിക്കാനാണ് നിർദേശം നൽകുന്നത്. നിലവിൽ ഇന്ത്യയിൽ നിർമിക്കുന്ന മിക്കവാറും കാറുകളിലും മുന്നിലിരിക്കുന്നവർക്കും പിന്നിലിരിക്കുന്ന രണ്ടുപേർക്കും മാത്രമാണ് ത്രീ പോയിന്റ് സേഫ്റ്റി സീറ്റ് ബെൽറ്റ് നൽകിയിരിക്കുന്നത്. നിലവിൽ പിന്നിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് കുറ്റകരമല്ല. എന്നാൽ പുതിയ നിർദേശം പ്രാബല്യത്തിൽ വരുമ്പോൾ പിന്നിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കും.

ഇപ്പോൾ ചുരുക്കം ചില കാറുകളിൽ നടുവിലുള്ള സുരക്ഷാ ബെൽറ്റുണ്ട്. ചിലതിൽ വയറിന് കുറുകെയായി ധരിക്കുന്ന ലാപ് ബെൽറ്റുകളാണ് പിന്നിലിരിക്കുന്നവർക്കായി കാണപ്പെടാറുള്ളത്. സ്വീഡിഷ് കാർ നിർമാതാക്കളായ വോൾവോ ആദ്യമായി അവതരിപ്പിച്ച ത്രീ പോയിന്റ് സേഫ്റ്റി സീറ്റ് ബെൽറ്റ് ലാപ് ബെൽറ്റിനേക്കാൾ ഏറെ സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കാറുകൾ സുരക്ഷിതമാക്കുന്നതിന് വേണ്ടി സർക്കാർ സ്വീകരിക്കുന്ന രണ്ടാമത്തെ നടപടിയാണിത്. കാറുകളിൽ ആറ് എയർ ബാഗുകൾ സർക്കാർ അടുത്തിടെ നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിൻസീറ്റിൽ സീറ്റ് ബെൽറ്റും നിർബന്ധമാക്കാനൊരുങ്ങുന്നത്.