കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ തുടരാം; ഉത്തരവുമായി ഹൈക്കോടതി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ തുടരാമെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തങ്ങളുടെ ഭൂമിയിൽ സർവേ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിലർ നൽകിയ ഹർജിയിൽ നേരത്തെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ച് നൽകിയ സ്റ്റേ ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയും ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

തങ്ങളുടെ അധികാരത്തിന് അപ്പുറമുള്ള കാര്യങ്ങളിൽ സിംഗിൾ ബെഞ്ച് ഇടപെടുന്നതായാണ് സർക്കാർ കോടതിയെ അറിയിച്ചത്. സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും സർക്കാർ പറഞ്ഞിരുന്നു.

സാമൂഹ്യാഘാത പഠനത്തെ അടക്കം അത് ബാധിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം ഡിപിആറിന്റെ വിശദാംശങ്ങൾ ഹാജരാക്കണമെന്ന് സിംഗിൽ ബെഞ്ച് സർക്കാരിന് നൽകിയ നിർദ്ദേശം ഡിവിഷൻ ബെഞ്ച് ഒഴിവാക്കുകയും ചെയ്തു.