ന്യൂഡല്‍ഹി: ഇന്ത്യക്ക് അഭിമാനിക്കാം. ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍ റിപ്പോര്‍ട്ട് 2021-22 പ്രകാരം ലോകത്ത് ഏറ്റവും എളുപ്പത്തില്‍ ബിസിനസ് തുടങ്ങാവുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 500 ലേറെ ഗവേഷകര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ദുബൈ എക്‌സ്‌പോയിലാണ് പ്രസിദ്ധീകരിച്ചത്.
ലോകത്തെ 47 ഓളം പ്രമുഖ സാമ്പത്തിക ശക്തികള്‍ക്കിടയില്‍ 2000 ത്തിലേറെ പേരിലാണ് സര്‍വെ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം പേര്‍ക്കും ഇന്ത്യയില്‍ വളരെ എളുപ്പത്തില്‍ ബിസിനസ് തുടങ്ങാന്‍ കഴിയുമെന്ന അഭിപ്രായമാണുള്ളത്. പ്രാദേശിക സംരംഭകത്വ സാഹചര്യം, സംരംഭകത്വ പ്രവര്‍ത്തനം, സംരംഭകരോടുള്ള മനോഭാവം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളോടാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്. പങ്കെടുത്ത 54 ശതമാനം പേരും തകര്‍ച്ച ഭയന്ന് ബിസിനസ് തുടങ്ങാന്‍ മടിക്കുന്നവരാണ്. പേടി മൂലം ബിസിനസ് തുടങ്ങാന്‍ മടിക്കുന്ന കൂടുതല്‍ പേരുള്ള രാജ്യങ്ങളില്‍ രണ്ടാമതാണ് ഇന്ത്യ.
അതേസമയം, കുറഞ്ഞ വ്യക്തിഗത വരുമാനമുള്ള രാജ്യങ്ങളില്‍ എളുപ്പത്തില്‍ ബിസിനസ് തുടങ്ങാനാവുന്ന ഒന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ബിസിനസ് തുടങ്ങാനുള്ള സാമ്പത്തിക സഹായം, സര്‍ക്കാര്‍ നയം, ബിസിനസിനുള്ള പിന്തുണ, നികുതിയും നടപടിക്രമങ്ങളും, സര്‍ക്കാരിന്റെ സംരംഭകത്വ പദ്ധതികള്‍ തുടങ്ങിയവയെല്ലാം പുതുസംരംഭകര്‍ക്ക് സഹായകരമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയില്‍ ബിസിനസില്‍ മാറ്റം വരുത്തിയ സംരംഭകരില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.

