ഉണ്ണി മുകുന്ദൻ നായകനായെത്തിയ മേപ്പടിയാൻ എന്ന ചിത്രത്തിന് ഒടിടി റിലീസിനൊരുങ്ങുന്നു. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി അവകാശം നേടിയിരിക്കുന്നത്. സ്ട്രീമിംഗ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഉണ്ണി മുകുന്ദനാണ് മേപ്പടിയാൻ നിർമ്മിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. തിയേറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. വിഷ്ണു മോഹനാണ് മേപ്പടിയാന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ചിത്രത്തിന് തിരക്കഥ എഴുതിയും വിഷ്ണു മോഹനാണ്. നീൽ ഡി കുഞ്ഞയാണ് ഛായാഗ്രഹണം.
ഉണ്ണിമുകുന്ദന് പുറമെ അജു വർഗീസ്, ഇന്ദ്രൻസ്, സൈജു കുറുപ്പ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, അഞ്ജു കുര്യൻ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് തിയേറ്റർ ഷെയറായി മാത്രം 2.4 കോടി ലഭിച്ചെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സാറ്റലൈറ്റ് റൈറ്റ് ഇനത്തിൽ 2.5 കോടിയും ഒടിടിടി റൈറ്റ് വിറ്റ വകയിൽ 1.5 കോടിയും ചിത്രം നേടിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

