ന്യൂഡല്‍ഹി: ഹിജാബ് വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്ലീം പെണ്‍കുട്ടികളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ആഗ്രഹിക്കുന്നവരാണ് ഹിജാബിനായി വാദിക്കുന്നതെന്നും കൃത്യമായ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഹിജാബ് അനുകൂല വാദങ്ങള്‍ ഉയരുന്നതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. ‘പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചതിന് പിന്നാലെ അവരെ കുഴിച്ച് മൂടിയിരുന്ന പഴയ അറേബിയന്‍ മനസാണ് ചിലര്‍ക്ക് ഇന്നും ഉള്ളത്. ഇത്തരം വിവാദങ്ങള്‍ സ്ത്രീകളെ വിദ്യാഭ്യാസത്തില്‍ നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കും. ഹിജാബ് കണ്ടെത്തിയത് തന്നെ സ്ത്രീയെ അടിച്ചമര്‍ത്താനാനാണ്’-ഗവര്‍ണര്‍ വിമര്‍ശിച്ചു.
പെണ്‍കുട്ടികളാണ് എല്ലാ പഠന മേഖലകളിലും ഏറ്റവും മുന്നില്‍. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടേണ്ടത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കല്‍ അല്ലെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു. പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നെന്നും ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ തുടങ്ങിയ പ്രതിഷേധം സംഘര്‍ഷമായി തെരുവുകളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. ജമാത്ത് ഉലുമ ഐ ഹിന്ദ് എന്ന സംഘടനയാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നില്ലെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇത്തരം സംഘടനകളുടെ സാമ്പത്തിക സ്രോതസ് പൊലീസ് പരിശോധിക്കുകയാണ്. കോളേജിന് പുറത്ത് കാവി ഷാള്‍ വിതരണം ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. എന്നാല്‍, ഈ സംഭവത്തില്‍ ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല.

