മങ്കിപോക്സ് രോഗം; ആശങ്ക വേണ്ടെന്ന് ഐഎംഎ

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി സ്ഥിരീകരിക്കപ്പെട്ട മങ്കിപോക്സ് രോഗത്തെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്ന് ഐഎംഎ. കോവിഡ് രോഗബാധ പോലെ ആശങ്ക വേണ്ട സാഹചര്യമല്ല നിലവിലുള്ളതെന്ന് ഐഎംഎ അറിയിച്ചു.

രോഗിയുമായി അടുത്തിടപഴകുന്ന ആളുകളിൽ മാത്രമാണ് മങ്കിപോക്സ് രോഗം പകരാൻ സാധ്യതയുള്ളത്. ശരീര ശ്രവങ്ങളിൽ കൂടി രോഗിയിൽ നിന്നും മറ്റുള്ളവരിലേക്കു രോഗം പകരാം. അന്തരീക്ഷത്തിൽ കൂടിയോ മറ്റ് മാർഗ്ഗങ്ങളിൽ കൂടിയോ ഈ രോഗം പകരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല ഈ വൈറസ് വ്യാപകമായി വ്യാപിച്ചതിന്റെ ഒരു സൂചനയും നിലവിലില്ല. ഈ രോഗം നിലവിലുള്ള മറ്റു രാജ്യങ്ങളിൽ ഈ വർഷം മങ്കിപോക്സ് മൂലം മരണം നടന്നതായി റിപ്പോർട്ടുകളില്ലെന്ന് ഐഎംഎ വ്യക്തമാക്കി.

ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ കണ്ടുവരുന്ന വീര്യം കുറഞ്ഞ ഓർത്തോപോക്സ് വിഭാഗത്തിൽപ്പെട്ട ഡി.എൻ.എ. വൈറസുകളാണ് രോഗകാരണം. ചിക്കൻ പോക്സുമായി യാതൊരു ബന്ധവുമില്ലെങ്കിലും തുടക്കത്തിൽ രോഗലക്ഷണങ്ങൾ ചിക്കൻ പോക്സിനു തുല്യമാകാം. പനി, തലവേദന, കഴലവീക്കം, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗം ഉള്ളവരുമായി അടുത്തു സമ്പർക്കം ഉണ്ടായാൽ ഒരാഴ്ച മുതൽ മൂന്നാഴ്ചകൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. ചർമ്മത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുകയും പിന്നീട് അവ പഴുത്തു പൊട്ടുകയും തുടർന്ന് ഉണങ്ങിത്തുടങ്ങുകയും ചെയ്യും. മിക്കവരിലും രോഗം തനിയെ ഭേദമാകും. അപൂർവ്വമായി മാത്രമേ സങ്കീർണ്ണതകൾ ഉണ്ടാകാറുള്ളൂ. ചുണങ്ങുകൾ കരിയുന്നതുവരെ മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്.

കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് എന്നുള്ളത് കൊണ്ടാണ് ഈ രോഗം മങ്കിപോക്സ് എന്ന് അറിയപ്പെടുന്നത്. ഈ വൈറൽ പനി പകരാനുള്ള സാധ്യതകൾ കണക്കിലെടുത്ത് രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുകയും സുരക്ഷാ രീതികൾ അവലംബിക്കുകയും ചെയ്യേണ്ടതാണ്. ഈ രോഗത്തെപ്പറ്റി ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നും ഐഎംഎ നിർദ്ദേശിച്ചു.