ഫാറ്റി ലിവർ തടയാം; കഴിക്കാം ഈ ഭക്ഷണങ്ങൾ…..

ഫാറ്റി ലിവർ എന്ന രോഗാവസ്ഥയെ കുറിച്ച് നമ്മളെല്ലാം കേട്ടിട്ടുണ്ടാകും. കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനെ തുടർന്നുണ്ടാകുന്ന രോഗാവസ്ഥയാണിത്. ഫാറ്റി ലിവർ കരൾ വീക്കത്തിലേക്കും കരളിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്കും നയിക്കാനിടയുണ്ട്. എന്നാൽ, ഭക്ഷണശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാം.

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന്റെ സാധ്യത കുറയ്ക്കാൻ കാപ്പി കുടിക്കുന്നത് നല്ലതാണ്. ഫാറ്റി ലിവർ രോഗികൾക്ക് പ്രമേഹം, അമിത വണ്ണം എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ, പാലോ പഞ്ചസാരയോ ചേർക്കാതെ കാപ്പി കുടിക്കുന്നതാണ് ഉത്തമം. പയർ, പരിപ്പ്, കടല, സോയ പയർ തുടങ്ങിയവ കഴിക്കുന്നതും നല്ലതാണ്. ഇവയിൽ അടങ്ങിയിട്ടുള്ള റസിസ്റ്റന്റ് സ്റ്റാർച്ച് വയറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. പ്രോട്ടീൻ, ഫൈബർ, അയൺ, വിറ്റാമിനുകൾ തുടങ്ങിയ ഘടകങ്ങളും പയർ വർഗങ്ങളിൽ ധാരാളമായുണ്ട്.

ചീരയിൽ അടങ്ങിയിട്ടുള്ള ഗ്ലൂട്ടാത്തിയോണും കരളിന്റെ ആരോഗ്യം മെച്ചപ്പടുത്തും. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകം കരളിലെ വിഷാംശം നീക്കുന്നതിനും ഫാറ്റി ലിവർ രോഗമുള്ളവരിൽ കാണപ്പെടുന്ന എൻസൈമുകളുടെ തോത് കുറയ്ക്കുന്നതിനും സഹായിക്കും. അതിനാൽ മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ മികച്ചതാണ്. ഓട്‌സ് കഴിക്കുന്നതിലൂടെയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗസാധ്യത കുറയുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.