പാഷൻ ഫ്രൂട്ടിന്റെ ഗുണങ്ങൾ

ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഴമാണ് പാഷൻ ഫ്രൂട്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് സഹായിക്കും. വൈറ്റമിൻ സി യും പാഷൻ ഫ്രൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, കാൽസ്യം, അയൺ, ഫൈബർ എന്നിവയും ഫോസ്ഫറസ്, നിയാസിൻ, വൈറ്റമിൻ ബി 6 തുടങ്ങിയ ഘടകങ്ങൾ പാഷൻ ഫ്രൂട്ടിലുണ്ട്.

പാഷൻ ഫ്രൂട്ടിലുള്ള വിറ്റാമിൻ സിയും ആൽഫ കരോട്ടീനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും പാഷൻ ഫ്രൂട്ട് സഹായിക്കും.

പാഷൻഫ്രൂട്ടിൽ ധാരാളം നാരുകളുണ്ട്. ഇത് രക്തക്കുഴലുകളിൽ നിന്ന് അധികമുള്ള കൊളസ്‌ട്രോളിനെ നീക്കാൻ സഹായിക്കുന്നു. ഹൃദ്രോഗത്തിൽ സംരക്ഷണം നേടാനും ഈ ഫലവർഗം കഴിക്കുന്നത് നല്ലതാണ്. രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാനും പാഷൻ ഫ്രൂട്ട് സഹായിക്കും. പാഷൻ ഫ്രൂട്ട് കഴിക്കുന്നതിലൂടെ സ്‌ട്രെസ് കുറയ്ക്കുകയും ഉത്ക്കണ്ഠ അകലുകയും ചെയ്യും.