Health (Page 95)

ശരീരത്തിന് വേണ്ട ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഭക്ഷണമാണ് പച്ചക്കറികൾ. എന്നാൽ, ചില പച്ചക്കറികൾ വേവിക്കുന്നത് അവയിലെ പോഷക ഘടകങ്ങൾ നഷ്ടപ്പെടാൻ കാരണമാകും. ചില പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരം. പക്ഷെ, പച്ചയ്ക്ക് കഴിക്കുന്ന പച്ചക്കറികൾ രാസവളപ്രയോഗം നടത്താതെ ജൈവികമായി ഉത്പാദിപ്പിച്ചവയാണെന്ന് ഉറപ്പു വരുത്താൻ ശ്രദ്ധിക്കണം. ഏതൊക്കെ പച്ചക്കറികളാണ് പച്ചയ്ക്ക് കഴിക്കാൻ ഉത്തമമെന്ന് നോക്കാം.

ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് ബിപി നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. സാലഡിനൊപ്പം വേവിക്കാതെ ചേർത്ത് ഉള്ളി കഴിക്കുന്നത് നല്ലതാണ്.

സാലഡിൽ ഉൾപ്പെടുത്തിയോ സൂപ്പ് ആയോ കഴിച്ചാൽ കൂടുതൽ ഗുണം ലഭിക്കുന്ന ഒന്നാണ് ബ്രോക്കോളി. വൈറ്റമിൻ സി, കാത്സ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് ബ്രോക്കോളി. ഇത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്.

പയറുവർഗങ്ങൾ മുളപ്പിച്ച് കഴിക്കുന്നതും ആരോഗ്യം മെച്ചപ്പെടുത്തും. മുളപ്പിച്ച പയറുവർഗങ്ങളിൽ പോഷകമൂല്യം കൂടുതലുണ്ട്. ഇവ വേവിക്കാതെ കഴിക്കുന്നതാണ് കൂടുതൽ പ്രയോജനപ്രദം. ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ജ്യൂസ് ആയോ സാലഡിനൊപ്പമോ ബീറ്റ്‌റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

തിരുവനന്തപുരം: മങ്കിപോക്‌സ് രോഗ നിർണയത്തിനുള്ള സംവിധാനം സംസ്ഥാനത്തെ ലാബുകളിൽ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് ആർടിപിസിആർ പരിശോധന നടത്താൻ കഴിയുന്ന 28 സർക്കാർ ലാബുകൾ സംസ്ഥാനത്തുണ്ട്. ആദ്യ ഘട്ടമായി എൻഐവി പൂനയിൽ നിന്നും ആലപ്പുഴ എൻഐവിയിൽ ടെസ്റ്റ് കിറ്റുകൾ അടിയന്തരമായി ലഭ്യമാക്കി പരിശോധനകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വീണാ ജോർജുമായി കേന്ദ്ര സംഘം ചർച്ച നടത്തി. മൂന്നു ദിവസത്തെ സന്ദർശന വിശദാംശങ്ങൾ സംഘം മന്ത്രിയെ ധരിപ്പിച്ചു. കേരളം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി. സംസ്ഥാനം ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതായി മന്ത്രി പറഞ്ഞു.

എല്ലാ അന്താരാഷ്ട്ര എയർപോർട്ടുകളിലും ഹെൽപ് ഡെസ്‌ക് ആരംഭിച്ച് നിരീക്ഷണം ഊർജിതമാക്കി. യാത്രക്കാരിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ സുരക്ഷിതമായി ഐസൊലേഷൻ കേന്ദ്രങ്ങളിലെത്തിച്ച് പരിശോധനയും വിദഗ്ധ ചികിത്സയും നൽകും. മങ്കിപോക്‌സ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് വരുന്നവർ വീട്ടിലെത്തിയ ശേഷം മങ്കിപോക്‌സിന്റെ രോഗ ലക്ഷണങ്ങൾ കണ്ടാൽ ദിശ ടോൾ ഫ്രീ നമ്പർ 104, 1056, 0471 2552056 മുഖേന ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കാൻ അവബോധം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനതല കൺട്രോൾ റൂമും ജില്ലാതല കൺട്രോൾ റൂമും ആരംഭിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രോഗ നിരീക്ഷണത്തിനും മാനേജ്‌മെന്റിനുമായുള്ള മാർഗരേഖ തയാറാക്കി വരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

ജില്ലകളിൽ ഐസൊലേഷൻ സൗകര്യം തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ തയാറാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്ക് മാറ്റുവാനായി പ്രത്യേക ആംബുലൻസ് സംവിധാനം ജില്ലകളിൽ ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകി വരുന്നു. പൊതുജനങ്ങളുടെ ആശങ്ക ഒഴിവാക്കാൻ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നു വരുന്നതായും വീണാ ജോർജ് അറിയിച്ചു.

കേന്ദ്ര ആരോഗ്യ വകുപ്പ് അഡൈ്വസർ ഡോ. പി. രവീന്ദ്രൻ, എൻസിഡിസി ജോ. ഡയറക്ടർ ഡോ. സങ്കേത് കുൽക്കർണി, ന്യൂഡൽഹി ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിലെ പ്രൊഫസർ ഡോ. അനുരാധ, ഡെർമറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തൊലെ, പൊതുജനാരോഗ്യ വിദഗ്ധ ഡോ. രുചി ജെയിൻ എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. പിപി പ്രീത, അഡീഷണൽ ഡയറക്ടർ ഡോ. മീനാക്ഷി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിദ്യ, അസി. ഡയറക്ടർ ഡോ. ബിനോയ് എസ് ബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

തിരുവനന്തപുരം: മങ്കിപോക്സിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രോഗിയുമായി അടുത്ത് ഇടപെട്ട രണ്ട് പേരുടേയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് മന്ത്രി വ്യക്തമാക്കി. അഞ്ച് ജില്ലകളിൽ നിന്നുള്ളവരെ നിരീക്ഷിക്കുന്നത് തുടരുന്നുണ്ടെന്നും വിമാനത്താവളങ്ങളിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌കുകൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സംഘവുമായി നാളെ ആശയവിനിമയം നടത്തുമെന്നും വീണാ ജോർജ് പറഞ്ഞു.

സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എയർപോർട്ടുകളിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു വരുന്നു. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ടുകളിലാണ് ഹെൽപ് ഡെസ്‌ക് ആരംഭിച്ചു വരുന്നത്. വിദേശത്ത് നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താനും അവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെൽപ് ഡെസ്‌ക് ആരംഭിക്കുന്നത്. സംശയനിവാരണത്തിനും ഈ ഹെൽപ് ഡെസ്‌ക് ഉപകരിക്കും. പരിശീലനം സിദ്ധിച്ച ജീവനക്കാരെയാണ് ഈ ഹെൽപ് ഡെസ്‌കുകളിൽ നിയോഗിക്കുന്നത്. ജില്ലകളിൽ ഐസൊലേഷൻ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

ഇതുകൂടാതെ എയർപോർട്ടുകളിൽ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അനൗൺസ്മെന്റും നടത്തുന്നതാണ്. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ളവർ പനിയോടൊപ്പം ശരീരത്തിൽ തടുപ്പുകൾ, അല്ലെങ്കിൽ കുമിളകൾ, തലവേദന, ശരീരവേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കുവാൻ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എയർപോർട്ട് ഹെൽപ് ഡെസ്‌കിനെ സമീപിക്കുക. രോഗലക്ഷണങ്ങളുള്ളവർ വീട്ടിൽ 21 ദിവസം വായു സഞ്ചാരമുള്ള മുറിയിൽ കഴിയുക. ഈ കാലയളവിൽ വീട്ടിലെ ഗർഭിണികളുമായോ, കുട്ടികളുമായോ, പ്രതിരോധ ശേഷി കുറഞ്ഞവരുമായോ അടുത്തിടപഴകരുത്. രോഗ ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ വിളിക്കുക.

മങ്കിപോക്സ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് വിപുലമായ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 1200ലധികം സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതുകൂടാതെ ഐ.എം.എ.യുമായി സഹകരിച്ച് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കും, പ്രൈവറ്റ് പ്രാക്ടീഷണർമാർക്കും ആയുഷ് മേഖലയിലെ ഡോക്ടർമാർക്കും പരിശീലനും നൽകുന്നതാണ്. ആരോഗ്യ വകുപ്പ് കിലയുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പരിശീലനം സംഘടിപ്പിച്ചു വരുന്നു. ജൂലൈ 18 തിങ്കളാഴ്ച രാവിലെ 11 മണിമുതൽ 12 മണിവരെ പരിശീലനവും സംശയ നിവാരണവും ഉണ്ടായിരിക്കുന്നതാണ്. ആരോഗ്യ വോളണ്ടിയൻമാർ, ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യ സന്നദ്ധ പ്രവർത്തകരെ ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് https://youtu.be/FC1gsr9y1BI എന്ന ലിങ്ക് വഴി പരിപാടി നേരിട്ട് കാണാവുന്നതാണ്. ഇതോടൊപ്പം സംശങ്ങളും ചോദിക്കാവുന്നതാണെന്നും വീണാ ജോർജ് പറഞ്ഞു.

മങ്കിപോക്‌സിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കും. രോഗിയുമായി മുഖാമുഖം വരിക, രോഗി ധരിച്ച വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്ക എന്നിവ ഉപയോഗിക്കുക, പിപിഇ കിറ്റ് ഇടാതെ സമീപിക്കുക, രോഗം വന്നയാളുമായി ലൈംഗിക ബന്ധം പുലർത്തുക എന്നിവ ക്ലോസ് കോണ്ടാക്ട് ആയി വരും. തെറ്റായ പ്രചാരണങ്ങൾ നടത്തരുത്. എന്തെങ്കിലും സംശയമുള്ളവർ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

തിരുവനന്തപുരം: കാരുണ്യ ഫാർമസികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ പ്രത്യേക ജീവനക്കാരെ നിയോഗിച്ച് കെഎംഎസ്‌സിഎൽ. ആദ്യ ഘട്ടമായി 9 മെഡിക്കൽ കോളേജുകളിലെ കാരുണ്യ ഫാർമസികളിൽ പ്രത്യേക ജീവനക്കാരെ നിയോഗിച്ചുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ഡോക്ടർമാർക്ക് ജനറിക് മരുന്നുകൾ എഴുതാനാണ് നിർദേശമുള്ളത്. എന്നാൽ ഡോക്ടർമാർ ബ്രാൻഡഡ് മരുന്നുകൾ എഴുതുമ്പോൾ അത് പലപ്പോഴും കാരുണ്യ ഫാർമസികളിൽ ലഭ്യമാകില്ല. ഡോക്ടർമാർ പുതുതായി എഴുതുന്ന ബ്രാൻഡഡ് മരുന്നുകൾ തിരിച്ചറിയാനും പുതിയ മരുന്നിന്റെ ലഭ്യത ഉറപ്പാക്കാനുമാണ് ഇവരെ പ്രത്യേകമായി നിയോഗിച്ചതെന്ന് മന്ത്രി പറഞ്ഞു.

പേവിഷബാധയ്‌ക്കെതിരായ 16,000 വയൽ ആന്റി റാബിസ് ഇമ്മിണോഗ്ലോബുലിൻ ലഭ്യമാക്കിയിട്ടുണ്ട്. 44,000 വയൽ ആന്റി റാബിസ് ഇമ്മിണോഗ്ലോബുലിൻ അടുത്തയാഴ്ചയെത്തും. ഇതുകൂടാതെ 20,000 വയൽ ആന്റി റാബിസ് ഇമ്മിണോഗ്ലോബുലിൻ അധികമായി വാങ്ങും. നായ്ക്കളിൽ നിന്നും പൂച്ചകളിൽ നിന്നും കടിയേറ്റ് ആന്റി റാബിസ് വാക്‌സിൻ എടുക്കുന്നതിനായി ആശുപത്രികളിൽ വരുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിലും ഇനിയും കൂടാൻ സാധ്യതയുള്ളതിലുമാണ് അധികമായി വാക്‌സിൻ ശേഖരിക്കുന്നതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച് ചികിത്സ തേടുന്ന കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

സ്‌പൈനൽ മസ്‌കുലർ അട്രോഫി അസുഖത്തിന് നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏക മരുന്നാണ് റസ്ഡിപ്ലാം. ക്രൗഡ് ഫണ്ടിംഗ് മുഖേന മരുന്നുകളും സർക്കാർ ഫണ്ട് മുഖേന ചികിത്സയ്ക്ക് വേണ്ട അനബന്ധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. 14 കുട്ടികൾക്ക് ഒരു വയലിന് ആറ് ലക്ഷം രൂപ വീതം വിലവരുന്ന മരുന്നുകളാണ് നൽകിയത്. 14 യൂണിറ്റ് മരുന്നുകളാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു.

21 കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ മരുന്ന് നൽകാൻ തീരുമാനിച്ചത്. രണ്ട് കുട്ടികൾക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മരുന്ന് നൽകിയിരുന്നു. 12 കുട്ടികൾക്ക് അവരുടെ സൗകര്യം അനുസരിച്ച് കോഴിക്കോട് വച്ച് മരുന്ന് നൽകാൻ തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തിയാണ് കുട്ടികൾക്ക് മരുന്ന് നൽകിയത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഇന്ത്യയിൽ ആദ്യമായിട്ടാണ് അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി അസുഖത്തിന് ഇത്തരത്തിൽ സർക്കാർ തലത്തിൽ മരുന്ന് നൽകുന്നതെന്നും വീണാ ജോർജ് വ്യക്തമാക്കി.

അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി സർക്കാർ പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ എസ്എംഎ ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെയാണ് വിലപിടിപ്പുള്ള മരുന്നുകളും നൽകുന്നതെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഴമാണ് പാഷൻ ഫ്രൂട്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് സഹായിക്കും. വൈറ്റമിൻ സി യും പാഷൻ ഫ്രൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, കാൽസ്യം, അയൺ, ഫൈബർ എന്നിവയും ഫോസ്ഫറസ്, നിയാസിൻ, വൈറ്റമിൻ ബി 6 തുടങ്ങിയ ഘടകങ്ങൾ പാഷൻ ഫ്രൂട്ടിലുണ്ട്.

പാഷൻ ഫ്രൂട്ടിലുള്ള വിറ്റാമിൻ സിയും ആൽഫ കരോട്ടീനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും പാഷൻ ഫ്രൂട്ട് സഹായിക്കും.

പാഷൻഫ്രൂട്ടിൽ ധാരാളം നാരുകളുണ്ട്. ഇത് രക്തക്കുഴലുകളിൽ നിന്ന് അധികമുള്ള കൊളസ്‌ട്രോളിനെ നീക്കാൻ സഹായിക്കുന്നു. ഹൃദ്രോഗത്തിൽ സംരക്ഷണം നേടാനും ഈ ഫലവർഗം കഴിക്കുന്നത് നല്ലതാണ്. രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാനും പാഷൻ ഫ്രൂട്ട് സഹായിക്കും. പാഷൻ ഫ്രൂട്ട് കഴിക്കുന്നതിലൂടെ സ്‌ട്രെസ് കുറയ്ക്കുകയും ഉത്ക്കണ്ഠ അകലുകയും ചെയ്യും.

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി സ്ഥിരീകരിക്കപ്പെട്ട മങ്കിപോക്സ് രോഗത്തെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്ന് ഐഎംഎ. കോവിഡ് രോഗബാധ പോലെ ആശങ്ക വേണ്ട സാഹചര്യമല്ല നിലവിലുള്ളതെന്ന് ഐഎംഎ അറിയിച്ചു.

രോഗിയുമായി അടുത്തിടപഴകുന്ന ആളുകളിൽ മാത്രമാണ് മങ്കിപോക്സ് രോഗം പകരാൻ സാധ്യതയുള്ളത്. ശരീര ശ്രവങ്ങളിൽ കൂടി രോഗിയിൽ നിന്നും മറ്റുള്ളവരിലേക്കു രോഗം പകരാം. അന്തരീക്ഷത്തിൽ കൂടിയോ മറ്റ് മാർഗ്ഗങ്ങളിൽ കൂടിയോ ഈ രോഗം പകരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല ഈ വൈറസ് വ്യാപകമായി വ്യാപിച്ചതിന്റെ ഒരു സൂചനയും നിലവിലില്ല. ഈ രോഗം നിലവിലുള്ള മറ്റു രാജ്യങ്ങളിൽ ഈ വർഷം മങ്കിപോക്സ് മൂലം മരണം നടന്നതായി റിപ്പോർട്ടുകളില്ലെന്ന് ഐഎംഎ വ്യക്തമാക്കി.

ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ കണ്ടുവരുന്ന വീര്യം കുറഞ്ഞ ഓർത്തോപോക്സ് വിഭാഗത്തിൽപ്പെട്ട ഡി.എൻ.എ. വൈറസുകളാണ് രോഗകാരണം. ചിക്കൻ പോക്സുമായി യാതൊരു ബന്ധവുമില്ലെങ്കിലും തുടക്കത്തിൽ രോഗലക്ഷണങ്ങൾ ചിക്കൻ പോക്സിനു തുല്യമാകാം. പനി, തലവേദന, കഴലവീക്കം, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗം ഉള്ളവരുമായി അടുത്തു സമ്പർക്കം ഉണ്ടായാൽ ഒരാഴ്ച മുതൽ മൂന്നാഴ്ചകൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. ചർമ്മത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുകയും പിന്നീട് അവ പഴുത്തു പൊട്ടുകയും തുടർന്ന് ഉണങ്ങിത്തുടങ്ങുകയും ചെയ്യും. മിക്കവരിലും രോഗം തനിയെ ഭേദമാകും. അപൂർവ്വമായി മാത്രമേ സങ്കീർണ്ണതകൾ ഉണ്ടാകാറുള്ളൂ. ചുണങ്ങുകൾ കരിയുന്നതുവരെ മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്.

കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് എന്നുള്ളത് കൊണ്ടാണ് ഈ രോഗം മങ്കിപോക്സ് എന്ന് അറിയപ്പെടുന്നത്. ഈ വൈറൽ പനി പകരാനുള്ള സാധ്യതകൾ കണക്കിലെടുത്ത് രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുകയും സുരക്ഷാ രീതികൾ അവലംബിക്കുകയും ചെയ്യേണ്ടതാണ്. ഈ രോഗത്തെപ്പറ്റി ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നും ഐഎംഎ നിർദ്ദേശിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളിൽ നിന്നുള്ളവർ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാൽ ആ ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി,

രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവർത്തകർ ഇവരെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നതാണ്. ഇവർക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ കോവിഡ് ഉൾപ്പെടെയുള്ള പരിശോധന നടത്തുന്നതാണ്. മങ്കിപോക്സിന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷൻ സജ്ജമാക്കും. മെഡിക്കൽ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും യാത്രക്കാർ ഉള്ളതിനാൽ എയർപോർട്ടുകളിൽ ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യമായ ഭീതിയോ ആശങ്കയോ വേണ്ട. രോഗി യാത്ര ചെയ്ത വിമാനത്തിൽ വന്നവർ സ്വയം നിരീക്ഷിക്കേണ്ടതാണ്. സംസ്ഥാന തലത്തിൽ മോണിറ്ററിംഗ് സെൽ രൂപീകരിക്കുന്നതാണ്. എല്ലാ ജില്ലകൾക്കും ഗൈഡ്ലൈനും നൽകും. കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇ സമയം വൈകുന്നേരം 5 മണിക്കുള്ള ഷാർജ തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് (6E 1402, സീറ്റ് നമ്പർ 30 സി) ഇദ്ദേഹം എത്തിയത്. വിമാനത്തിൽ 164 യാത്രക്കാരും 6 കാബിൻ ക്രൂബുമാണ് ഉണ്ടായിരുന്നത്. അതിൽ ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 പേർ ഹൈ റിസ്‌ക് കോണ്ടാക്ട് പട്ടികയിലുള്ളവരാണ്. ഈ വിമാനത്തിൽ യാത്ര ചെയ്തവർ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും വേണം. പലരുടേയും ഫോൺ നമ്പർ ലഭ്യമല്ലാത്തതിനാൽ പോലീസിന്റെ സഹായത്തോടു കൂടി ഇവരെ ബന്ധപ്പെട്ടു വരുന്നുവെന്നും മന്ത്രി പറഞ്ഞു.

കുടുംബാംഗങ്ങളിൽ അച്ഛനും അമ്മയും, ഓട്ടോ ഡ്രൈവർ, ടാക്സി ഡ്രൈവർ, സ്വകാര്യ ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റ്, തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 യാത്രക്കാർ എന്നിവരാണ് ഇപ്പോൾ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. എമിഗ്രേഷൻ ക്ലിയറൻസ് ഉദ്യോഗസ്ഥരേയും രോഗിയുടെ ബഗേജ് കൈകാര്യം ചെയ്തവരേയും നിരീക്ഷിക്കുന്നതാണ്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കും. രോഗിയുമായി മുഖാമുഖം വരിക, രോഗി ധരിച്ച വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്ക എന്നിവ ഉപയോഗിക്കുക, പിപിഇ കിറ്റ് ഇടാതെ സമീപിക്കുക, രോഗം വന്നയാളുമായി ലൈംഗിക ബന്ധം പുലർത്തുക എന്നിവ ക്ലോസ് കോണ്ടാക്ട് ആയി വരുമെന്ന് വീണാ ജോർജ് വിശദീകരിച്ചു.

തെറ്റായ പ്രചരണങ്ങൾ നടത്തരുത്. എല്ലാ ജില്ലകളും ബോധവത്ക്കരണം ശക്തമാക്കണം. എന്തെങ്കിലും സംശയമുള്ളവർ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. രാവിലെ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കും. രാവിലെ ചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യും. രാവിലെ ചൂടുവെള്ളം കുടിക്കുന്നതിലൂടെ ഭാരം നിയന്ത്രിക്കാനും കഴിയും.

ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് ആമാശയത്തെ നന്നായി വൃത്തിയാക്കുകയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും ചെയ്യുന്നു. ഇളം ചൂടു വെള്ളത്തിൽ ഒരു നാരങ്ങ കൂടി പിഴിഞ്ഞൊഴിച്ച് കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.

ഇളം ചൂട് വെള്ളം ചർമ്മത്തെ ശുദ്ധമായി നിലനിർത്താനും സഹായിക്കുന്നു. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് മെറ്റബോളിസം നിരക്ക് 24% വരെ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ നിർജലീകരണം ഇല്ലാതാകും.

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ കരുതൽ ഡോസ് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുവരെ 60 വയസിന് മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കുമാണ് സൗജന്യ കരുതൽ ഡോസ് നൽകിയിരുന്നത്. ഇന്ന് ആകെ 1002 കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

12 വയസിന് മുകളിലുള്ള കുട്ടികൾക്കായി 97 വാക്സിനേഷൻ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവർക്കായി 249 കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവർക്കായി 656 കേന്ദ്രങ്ങളുമാണ് പ്രവർത്തിച്ചത്. സംസ്ഥാനത്ത് ഇപ്പോഴും കോവിഡ് കുറഞ്ഞിട്ടില്ല. അതിനാൽ തന്നെ എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഇതോടൊപ്പം വാക്സിനിലൂടെ പ്രതിരോധവും നേടണം. വാക്സിനെടുക്കാൻ ശേഷിക്കുന്നവർ വാക്സിനെടുക്കേണ്ടതാണെന്നും വീണാ ജോർജ് അറിയിച്ചു.

സംസ്ഥാനത്ത് വാക്സിന്റെ ക്ഷാമമില്ല. ഒന്നും രണ്ടും ഡോസ് കോവിഡ് വാക്സിൻ സമയബന്ധിതമായി എടുത്താൽ മാത്രമേ ശരിയായ പ്രതിരോധം ലഭിക്കൂ. മാസങ്ങൾ കഴിയുന്നതോടെ രോഗാണുക്കളുടെ പ്രതിരോധ ശേഷി കൂടുന്നതിനാലും വാക്സിനിലൂടെയുള്ള പ്രതിരോധശേഷി കുറയുന്നതിനാലും അർഹരായ എല്ലാവരും കരുതൽ ഡോസ് എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്സിൻ എടുത്ത് 6 മാസത്തിന് ശേഷം കരുതൽ ഡോസ് എടുക്കാവുന്നതാണ്. പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങൾക്കോ വിദേശത്ത് പോകുന്നവർക്ക് 90 ദിവസം കഴിഞ്ഞും കരുതൽ ഡോസ് എടുക്കാവുന്നതാണ്. 75 ദിവസം മാത്രമേ സൗജന്യമായി കരുതൽ ഡോസ് എടുക്കാൻ സാധിക്കുകയുള്ളൂ. സെപ്റ്റംബർ മാസം അവസാനംവരെ ഇതുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു.

12 മുതൽ 14 വരെ പ്രായമുള്ള 71 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 36 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 15 മുതൽ 17 വരെ പ്രായമുള്ള 85 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 59 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ള 89 ശതമാനം പേർക്ക് രണ്ടാം ഡോസും 10 ശതമാനം പേർക്ക് കരുതൽ ഡോസും നൽകിയതായും വീണാ ജോർജ് കൂട്ടിച്ചേർത്തു.