Health (Page 231)

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും. നയതന്ത്രതലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ റഷ്യയില്‍ നിന്നും 50,000 മെട്രിക്ക് ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതായും കേന്ദ്രം അറിയിച്ചു. മാത്രമല്ല, നാലു ലക്ഷം കുത്തിവയ്പിനുള്ള റെംഡെസിവിര്‍ എല്ലാ ആഴ്ചയും നല്‍കാമെന്നും റഷ്യ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നും സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Covid

തിരുവനന്തപുരം: അടിയന്തര സാഹചര്യം പരിഗണിച്ച് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സഹായിക്കാന്‍ അധ്യാപകരെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കോര്‍പറേഷനില്‍ ഒരു വാര്‍ഡില്‍ അഞ്ച് അധ്യാപകരെ വീതം നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.കോവിഡ് അവലോക യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍സിപ്പല്‍ ഡിവിഷനുകളില്‍ രണ്ടും പഞ്ചായത്ത് വാര്‍ഡില്‍ ഒന്നും അധ്യാപകര്‍ വീതം ഈ ജോലിയില്‍ ഏര്‍പ്പെടും. ജോലികള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയെ രണ്ട് സെക്ടറുകളായി തിരിച്ച് ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സുകള്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗം സ്ഥിരീകരിക്കുന്നവരുമായുള്ള സമ്പര്‍ക്കപ്പട്ടിക കൃത്യമായി രേഖപ്പെടുത്തുകയും അതില്‍ ഉള്‍പ്പെടുന്നവരെ ഐസൊലേറ്റ് ചെയ്യുകയും വേണമെന്ന് ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടുണ്ട്. പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ നേതൃത്വത്തില്‍, തദ്ദേശ സ്ഥാപന വാര്‍ഡ് തലത്തില്‍ ഇതിനായി ദ്രുത കര്‍മ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

ന്യൂഡല്‍ഹി: ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കോവിഡ് മരണങ്ങള്‍. ഓക്‌സിജന്‍ പ്രതിസന്ധിയെ തുടര്‍ന്നാണ് രോഗികളുടെ മരണം. അറുപത് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും എത്രയും വേഗം ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ രോഗികളുടെ ജീവന്‍ അപകടത്തിലാകുമെന്നും മെഡിക്കല്‍ ഡയറക്ടര്‍ അറിയിച്ചു. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ അടിയന്തര സഹായത്തിനായി നിരവധി ആശുപത്രികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോവിഡ് ലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരിലേക്ക് മാത്രമായി ടെസ്റ്റ് ചുരുക്കാനും രോഗം സ്ഥിരീകരിച്ചവര്‍ മാത്രം ക്വാറന്റൈനില്‍ കഴിയാനും നിര്‍ദ്ദേശിച്ചു.

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വാക്സിന് മാത്രമായി കാത്തുനിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെയുള്ള കേന്ദ്ര വാക്സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വാങ്ങുക മാത്രമേ സംസ്ഥാനത്തിന് നിർവാഹമുള്ളു. ഇതിനുള്ള നടപടികൾ ആരംഭിച്ചു. ആവശ്യമായ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനം പ്രതിക്ഷിക്കുന്നു. വാക്സിൻ കമ്പനികളുമായി ഉൾപ്പെടെ ചർച്ച നടക്കുകയാണ്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ ആലോചിച്ച് ആവശ്യമായ വാക്സിന് ഓർഡർ നൽകാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വാക്സിനേഷനിൽ അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേയ് ഒന്ന് മുതൽ 18-45 വയസിന് ഇടയിലുള്ളവർക്ക് വാക്സിൻ നൽകും. ഈ ഗണത്തിൽ 1.65 കോടി ആളുകൾ സംസ്ഥാനത്തുണ്ട്. രണ്ടോ മൂന്നോ ഘട്ടമായി വാക്സിൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവർക്ക് മുൻഗണന നൽകും. ഇക്കാര്യങ്ങൾ പഠിച്ച് വ്യക്തമായ മാനദണ്ഡമുണ്ടാക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ ദിവസം സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം വലിയ തോതിലാണ് വർധിക്കുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചില ഇടത്ത് ആൾക്കൂട്ടം ഉണ്ടാകുന്നുണ്ട്. വാക്നിനേഷനുള്ള ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തിന്റെ സാഹചര്യമില്ല. ഓൺലൈൻ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പെടുക്കാൻ സാധിക്കു. നിലവിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയവർക്ക് വാക്സിൻ നൽകാൻ ധാരണയായിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിൻ എടുക്കേണ്ടവർക്കും ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്. വാക്സിൻ ലഭ്യത അടിസ്ഥാനമാക്കി വാക്സിനേഷന്‍ സെക്ഷനുകൾ ക്രമീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അമേരിക്കയുടെ ഉപരോധം ഇന്ത്യയിലെയും മറ്റ് ലോകരാജ്യങ്ങളിലെയും വാക്സിൻ ഉത്പാദനത്തെ എങ്ങനെയാണ് ബാധിക്കുന്നത്. കോവിഷീൽഡ്, കോവിവാക്സ് എന്നീ വാക്സിനുകളുടെ ഉത്പാദനത്തിന് ആവശ്യമായ അംസ്കൃത വസ്തുക്കളുടെ കയറ്റുമതിയ്ക്ക് മേലുള്ള ഉപരോധം അമേരിക്ക നീക്കം ചെയ്യണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവാല യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു.ഇന്ത്യയിൽ വാക്സിനുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി നിരോധനം യുഎസ് നീക്കം ചെയ്യണമെന്നാണ് ആവശ്യം.

കൊറിയൻ യുദ്ധ സമയത്ത് സാധനങ്ങളും ഉപകരണങ്ങളും ഉറപ്പാക്കാൻ സഹായിക്കുന്നതിനാണ് 1950ൽ ഈ നിയമം ആദ്യം പാസാക്കിയത്. ‘നിർണായക’ വസ്തുക്കളുടെയും ചരക്കുകളുടെയും ഉൽപാദനവും വിതരണവും വർദ്ധിപ്പിക്കുന്നതിനും ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് അമേരിക്ക ഇത്തരത്തിലൊരു നിയമം നടപ്പിലാക്കിയിരിക്കുന്നത്.ഈ വർഷം ആദ്യം യുഎസ് പ്രതിരോധ ഉൽ‌പാദന നിയമം നടപ്പാക്കാനുള്ള ബൈഡന്റെ തീരുമാനത്തിന്റെ ഫലമായി ചില കോവിഡ് -19 വാക്സിനുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന നിർണായക അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി അമേരിക്ക തടഞ്ഞിരുന്നു.

ഈ നിയമം നടപ്പിലാക്കിയതിന്റെ ഫലമായി രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യാൻ കഴിയാത്ത അസംസ്കൃത വസ്തുക്കളുടെ പട്ടിക വെളിപ്പെടുത്തിയിട്ടില്ല. ഒരു സാധാരണ വാക്സിൻ നിർമാണ പ്ലാന്റ് 9,000 വ്യത്യസ്ത വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏകദേശം 30 രാജ്യങ്ങളിലായി 300 ഓളം വിതരണക്കാരിൽ നിന്നാണ് ഈ വസ്തുക്കൾ ലഭ്യമാക്കുന്നത്.

അസംസ്കൃത വസ്തുക്കൾക്ക് ബദലുകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നാണ് വിവരം. നേരത്തെ ഓർഡറുകൾ നൽകിയ മരുന്ന് കമ്പനികളുടെ നിലവിലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിന് തന്നെ ചില അസംസ്കൃത വസ്തുക്കൾ ഉത്പാദിപ്പിക്കുന്ന കമ്പനികൾ ബുദ്ധിമുട്ടുകയാണ്. ഉത്പാദനം 50 ശതമാനം വർദ്ധിപ്പിക്കേണ്ട സ്ഥിതിയിലാണ് പല കമ്പനികളും.

കോവിഡ് -19 മഹാമാരിയുടെ തുടക്കത്തിൽ, അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെന്റിലേറ്ററുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുക, വൈദ്യസഹായങ്ങളുടെ കയറ്റുമതി പരിമിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ നിയമം നടപ്പാക്കിയിരുന്നു. ഈ വർഷം അധികാരമേറ്റ ശേഷം, പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ആവശ്യമായ ‘നിർണായക’ വസ്തുക്കൾ, ചികിത്സകൾ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി ബൈഡനും ജനുവരി 21 മുതൽ നിയമത്തിന് സാധുത നൽകി.

ഒരാഴ്ച്ചയ്ക്ക് ശേഷം ഫൈസർ, ബയോൺടെക് വാക്സിനുകൾ നിർമ്മിക്കുന്നതിനും നൽകുന്നതിനും നിർണായകമായ ഉൽപ്പന്നങ്ങളുടെ വിതരണം ഉറപ്പാക്കാൻ ഈ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിക്കാൻ ബൈഡൻ ഭരണകൂടം നിർദ്ദേശിച്ചിരുന്നു. എന്നാൽ വീണ്ടും കഴിഞ്ഞ മാസം ജോൺസൺ ആന്റ് ജോൺസൺ വാക്സിന്റെ 24 × 7 ഉൽപ്പാദനം ഉറപ്പാക്കുന്നതിന് മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയ്ക്ക് നിരോധനം ഏർപ്പെടുത്തുന്നതായി ബൈഡൻ പ്രഖ്യാപിച്ചു.

നിർദ്ദിഷ്ട അസംസ്കൃത വസ്തുക്കളുടെ ശേഷി മറ്റ് രാജ്യങ്ങളിലും ഉണ്ടെന്ന് ചില വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, യുഎസാണ് പ്രധാന സംഭാവന നൽകുന്നത്.അത്‌കൊണ്ട് തന്നെ യു‌എസിന്റെ നിയന്ത്രണങ്ങൾ‌ ലോകത്തെ എല്ലാ പ്രധാന വാക്സിൻ വിതരണക്കാരുടെ ഉൽ‌പാദനത്തെ ബാധിക്കുമെന്നാണ് കരുതുന്നത്. കോവിഡ് -19 പ്രതിരോധത്തിനായി നിർമ്മിക്കുന്ന മിക്ക വാക്സിനുകളെയും നിരോധനം ബാധിക്കും. ഇതിൽ കോവിഷീൽഡ്, കോവിവാക്സ് തുടങ്ങിയ വാക്സിനുകളും ഉൾപ്പെടുന്നുണ്ട്.തുടർച്ചയായ നിയന്ത്രണങ്ങൾ പരിമിതമായ വിഭവങ്ങൾക്ക് വേണ്ടിയുള്ള മത്സരത്തിന് കാരണമാകുമെന്ന് മാത്രമല്ല, ചില ഉൽപ്പന്നങ്ങളുടെ റെഗുലേറ്ററി ക്ലിയറൻസുകൾ വൈകിപ്പിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ന്യൂഡൽഹി: അന്തർ സംസ്ഥാന ഓക്സിജൻ നീക്കത്തിന് തടസമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.തങ്ങളുടെ സംസ്ഥാനത്തേക്കുള്ള ഓക്സിജൻ വിതരണം അയൽ സംസ്ഥാനങ്ങൾ തടയുന്നുവെന്ന് ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തുടനീളം ഓക്സിജൻ വിതരണം തടസപ്പെടാതിരിക്കാൻ കേന്ദ്രം ഉത്തരവിറക്കിയത്.

അതാത് സംസ്ഥാനങ്ങളിലെ ആശുപത്രികൾക്ക് മാത്രം ഓക്സിജൻ വിതരണം പരിമിതപ്പെടുത്തിയാൽ മതിയെന്ന നിയന്ത്രണങ്ങൾ ഓക്സിജൻ നിർമാതാക്കൾക്കും വിതരണക്കാർക്കും നൽകിയിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. തങ്ങളുടെ ജില്ലയിലൂടെയോ പ്രദേശങ്ങളിലൂടെയോ മറ്റിടങ്ങളിലേക്ക് ഓക്സിജനുമായി കടന്നുപോകുന്ന വാഹനങ്ങളെ പിടിച്ചെടുക്കാൻ ബന്ധപ്പെട്ട കേന്ദ്രങ്ങൾ ശ്രമിക്കരുതെന്നും ഉത്തരവിൽ നിർദേശിച്ചു.

രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മെഡിക്കൻ ഓക്സിജന് ക്ഷാമം നേരിടുന്നതിനിടെ ഓക്സിജൻ വിതരണം സുഗമമാക്കാനാണ് കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കിയത്.ഓക്സിജനുമായി എത്തുന്ന വാഹനങ്ങളെ തടസമില്ലാതെ കടത്തി വിടണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അന്തർ സംസ്ഥാന മെഡിക്കൽ ഓക്സിജൻ വിതരണത്തിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. വ്യവസായിക ആവശ്യങ്ങൾക്കുള്ള ഓക്സിജൻ വിതരണം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായും ഉത്തരവിൽ പറയുന്നു.

vaccine

തിരുവനന്തപുരം: കേരളത്തിൽ വാക്സിൻ പ്രതിസന്ധിയ്ക്ക് താൽക്കാലിക പരിഹാരം. വ്യാഴാഴ്ച ആറര ലക്ഷം ഡോസ് കൊവിഡ് വാക്സിനാണ് കേരളത്തിലെത്തിയിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായി അഞ്ചര ലക്ഷം കൊവിഷീൽഡ് വാക്സിനുകളും ഒരു ലക്ഷം ഡോസ് കോവാക്സിനുമാണ് വിതരണത്തിനായി എത്തിയിട്ടുള്ളത്. വാക്സിൻ ക്ഷാമത്തോടെ പ്രവർത്തനം നിർത്തിവെച്ച വാക്സിൻ വിതരണ കേന്ദ്രങ്ങളും ഇതോടെ പ്രവർത്തനം പുനരാരംഭിക്കും.

കൊച്ചി, കോഴിക്കോട് റീജിയണുകള്‍ക്ക് ഒന്നര ലക്ഷം വീതം കൊവീഷീല്‍ഡും കൈമാറി. കൊച്ചിയിലും കോഴിക്കോടും വാക്‌സിന്‍ എത്തിച്ച ശേഷം ഇന്നലെ രാത്രി 8.30തോടെയാണ് ഇന്‍ഡിഗോ വിമാനം തലസ്ഥാനത്തെത്തിയത്. വാക്‌സിന്‍ സ്‌റ്റോക്കില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് വാക്‌സിനേഷന്‍ നിലച്ചിരുന്നു. ഇന്ന് മുതല്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ വീണ്ടും സജീവമായി തുടങ്ങും.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിലെ കണക്ക് അനുസരിച്ച് കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് രോഗികളുടെ എണ്ണം കൂടുതലുള്ളത്. ഈ രണ്ട് ജില്ലകളിലും രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി കർശന നിയന്ത്രണങ്ങളാണ് അതാത് ജില്ലാ ഭരണകൂടങ്ങളും ഏർപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് മൂന്നര ലക്ഷം ഡോസ് വാക്സിനും കോഴിക്കോട്, എറണാകുളം ജില്ലകളിൽ ഒന്നര ലക്ഷം വാക്സിനും എത്തിച്ചിട്ടുണ്ട്. ഈ വാക്സിനുകള്‍ പ്രാദേശിക കേന്ദ്രങ്ങളിലേക്ക് എത്തിച്ച് ഓരോ ജില്ലകളിലേക്കും വിതരണം ചെയ്യും.

ലോകമെങ്ങും കൊവിഡ് വ്യാപിച്ച കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇരട്ട മാസ്ക്കുകൾ ഉപയോഗിക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു.രണ്ടു മാസ്ക്കുകൾ ധരിച്ചാൽ ഫലപ്രദമായി കൊറോണ വൈറസിനെ തടയാനാകുമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുല്ലേരിയ പറഞ്ഞു.കൊറോണ വൈറസ് വഹിക്കുന്ന ശ്വസന തുള്ളികള്‍ പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന്, ശസ്ത്രക്രിയാ മാസ്‌കും അതിനു മുകളില്‍ ഒരു തുണി മാസ്‌കും ധരിക്കുന്നതിനെയാണ് ‘ഇരട്ട-മാസ്‌കിംഗ്’ (double masking) എന്ന് പറയുന്നത്.ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം. ഒരു ശസ്ത്രക്രിയാ മാസ്കിന് മുകളിൽ ഒരു തുണി മാസ്ക് ധരിക്കുന്നതാണ് ഉത്തമം.

അല്ലെങ്കിൽ രണ്ട് ലെയർ തുണി മാസ്കുകൾ നിർബന്ധമായും ധരിക്കണമെന്ന് ഡോ. രൺദീപ് വിശദീകരിച്ചു.സർജിക്കൽ മാസ്ക് മാത്രം ധരിച്ചപ്പോൾ കണങ്ങളെ 56.1 ശതമാനവും തുണി മാസ്ക് മാത്രം ധരിച്ചപ്പോൾ 51.4 ശതമാനവും തടഞ്ഞതായി കണ്ടെത്തിയെന്ന് സിഡിസി വ്യക്തമാക്കി.സർജിക്കൽ മാസ്കിന് മുകളിൽ തുണി മാസ്ക് ഉപയോ​ഗിച്ചപ്പോൾ കണങ്ങളെ 85.4 ശതമാനം വരെ തടഞ്ഞതായി കണ്ടെത്താനായെന്ന് വിദ​ഗ്ധർ പറഞ്ഞു. വൈറസ് ബാധ കുറയ്ക്കുന്നതിന് ഉചിതമായ രീതിയിൽ മാസ്ക് ധരിക്കുന്നത് അത്യാവശ്യമാണെന്ന് സിഡിസി വ്യക്തമാക്കി.

90 ശതമാനം ഫിൽട്ടറേഷൻ ഫലപ്രാപ്തി എൻ-95 മാസ്കുകൾക്കാണെന്നും സർജിക്കൽ മാസ്കുകളും തുണി മാസ്ക്കുകളും ചേർന്നുള്ള ഇരട്ട മാസ്ക്കിങ് രീതിക്ക് ഇത് 85 ശതമാനം മുതൽ 90 ശതമാനം വരെയാണെന്ന് ഡോ. രൺദീപ് വിശദീകരിച്ചു. മാസ്കിന്റെ ഫിൽട്ടറിംഗ് സംവിധാനത്തിലൂടെ വായു കടക്കണം, അല്ലാത്തപക്ഷം രോഗം വരാമെന്നും അദ്ദേഹം പറഞ്ഞു.ഡമ്പിൾ മാസ്കിം​ഗ് വൈറസ് ബാധിതരുടെ അപകടസാധ്യത 95.9 ശതമാനം വരെ കുറയ്ക്കുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ അടുത്തിടെ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

ന്യൂഡല്‍ഹി: രാജ്യത്തുണ്ടായിരിക്കുന്ന കോവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. രാജ്യത്തെ ഓക്‌സിജന്‍ വിതരണം, മരുന്ന് വിതരണം, വാക്‌സിന്‍ നയം എന്നിവയിലാണ് സുപ്രീം കോടതി കേസെടുത്തത്. നാളെ കേസ് പരിഗണിക്കുമെന്നും അറിയിച്ചു. ഇതിനായി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ഇക്കാര്യത്തില്‍ വിവിധ കോടതികളിലുളള കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിര്‍ദേശിച്ചു. വ്യത്യസ്ത കോടതികള്‍ വ്യത്യസ്ത വിധികള്‍ പുറപ്പെടുവിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലേക്ക് അവശ്യമരുന്നുകളും ഓക്‌സിജന് സിലിണ്ടറുകളും എത്തിക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് രംഗത്ത്. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായത് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇത്. പ്രതിരോധ മന്ത്രാലയത്തിന് കീഴില് വരുന്ന എല്ലാ സ്ഥാപനങ്ങളോടും വിവിധ സായുധ സേനാ വിഭാഗങ്ങളോടും കൊവിഡിനെ നേരിടാന് തയ്യാറായിരിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച് ചേര്‍ത്ത വെര്‍ച്വല്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഡല്‍ഹി ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നു. 24 മണിക്കൂറിനിടെ മൂന്നുലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും മരണനിരക്ക് 2000 ത്തിന് മുകളിലെത്തിയതും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.