Health (Page 230)

gadget

പൊതുഗതാഗത സംവിധാനങ്ങള്‍,എ ടി എം മെഷീനുകള്‍, മൊബൈല്‍ ഫോണ്‍- ലാപ്‌ടോപ് പോലുള്ള ഗാഡ്ജറ്റുകളുടെ സ്‌ക്രീനുകള്‍ എന്നിവിടങ്ങളെല്ലാം വൈറസ് വാഹകരാകുമെന്ന് പഠനം. യുഎസിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയായ സിഡിസി ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പൊതു ഇടങ്ങളിലെ പ്രതലങ്ങളില്‍ തൊട്ടാല്‍ പിന്നീട് വായിലോ മൂക്കിലോ കണ്ണിലോ തൊടും മുമ്പ് കൈകള്‍ വൃത്തിയായി സോപ്പും വെള്ളവുമുപയോഗിച്ച് കഴുകിയിരിക്കണമെന്നും കഴിവതും കയ്യുറ ധരിക്കണമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ കഴിവതും പൊതു ഇടങ്ങളില്‍ വെക്കാതിരിക്കണം. ഏറെ സുരക്ഷയോടെ മാത്രമെ ഇത്തരത്തില്‍ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്നും ഗവേഷകര്‍ പറയുന്നു.അതിനിടെ സംസ്ഥാനത്ത് ബുധനാഴ്ച 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.

covid

തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒരാൾ മാത്രമാണ് കാറിൽ യാത്ര ചെയ്യുന്നതെങ്കിലും മാസ്‌ക് ഒഴിവാക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും.വീടിനുപുറത്തിറങ്ങുന്ന എല്ലാവരും ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണം.

വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുന്നതും നിർദ്ദേശങ്ങൾ പാലിക്കാത്തതും പൊലീസ് നിയന്ത്രിക്കും. മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്നലെ 28,606 കേസുകളെടുത്തു. കൊല്ലം സിറ്റിയിലാണ് കൂടുതൽ കേസുകൾ ; 4896 എണ്ണം. കുറവ് കണ്ണൂർ സിറ്റിയിലും കണ്ണൂർ റൂറലിലുമാണ്; 201 വീതം. സാമൂഹിക അകലം പാലിക്കാത്തതിന് 9782 കേസുകളും രജിസ്റ്റർ ചെയ്തു.

കാറിൽ ഒറ്റയ്‌ക്ക് പോകുന്നവർക്കും മാസ്‌ക് നിർബന്ധം

കൊവിഡ് പ്രോട്ടോക്കോളിന് വിരുദ്ധമായ ജനക്കൂട്ടം – 5000 രൂപ

കല്യാണ ചടങ്ങുകളിൽ അമിതമായി ആളുകൾ പങ്കെടുക്കുന്നത് – 5000 രൂപ

ധർണ, റാലി തുടങ്ങിയവയിൽ അമിതമായി ആളുകൾ പങ്കെടുക്കുന്നത് – 5000 രൂപ

കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണങ്ങൾ ലംഘിച്ച് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചാൽ – 2000 രൂപ

ശവസംസ്കാര ചടങ്ങുകളിൽ അമിതമായി ആളുകൾ പങ്കെടുക്കുന്നത് – 2000 രൂപ

ക്വാറന്റൈൻ നിയമങ്ങൾ ലംഘിക്കുന്നത് – 2000 രൂപ

നിയമം ലംഘിച്ച് കടകൾ തുറക്കുക – 500 രൂപ

പൊതു ഇടങ്ങളിൽ തുപ്പുന്നത് – 500 രൂപ

സാമൂഹിക അകലം പാലിക്കാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് – 500 രൂപ

സാനിറ്റൈസർ ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് – 500 രൂപ

സന്ദർശക രജിസ്റ്റർ ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് – 500 രൂപ

മാസ്ക് ധരിക്കാത്തതിന് – 500 രൂപ

സാമൂഹിക അകലം പാലിക്കാത്തതിന് – 500 രൂപ

അനാവശ്യ കാര്യങ്ങൾക്ക് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ സഞ്ചരിച്ചാൽ – 500 രൂപ

തിരുവനന്തപുരം: രാത്രികാലങ്ങളില്‍ 60% ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി. എന്നാല്‍ മാസ്‌ക് ധരിക്കാത്ത ഒരാളെപ്പോലും ബസില്‍ പ്രവേശിപ്പിക്കില്ല. യാത്രാക്കാര്‍ യാത്രയിലുടനീളം മാസ്‌ക് ശരിയായ രീതിയില്‍ ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടര്‍മാര്‍ ഉറപ്പ് വരുത്തും. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല. കണ്ടക്ടര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. എല്ലാ ഡിപ്പോയിലും ജീവനക്കാര്‍ക്ക് കൈ വൃത്തിയാക്കാന്‍ സോപ്പും വെള്ളവും ലഭ്യമാക്കും.ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി തയാറാക്കിയിട്ടുള്ള സ്ലീപ്പര്‍ ബസ് ദിവസേന അണു വിമുക്തമാക്കും. തിരക്കേറിയ രാവിലെ 7 മണി മുതല്‍ രാത്രി 7 മണിവരെ കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രാവിലെ 11 മണി മുതല്‍ 3 മണിവരെയുള്ള സമയവും രാവിലെ 7 മണിക്ക് മുന്‍പും വൈകിട്ട് 7 മണിക്ക് ശേഷവും വരുമാനമുള്ള ട്രിപ്പുകളിലെ ഷെഡ്യൂളുകള്‍ സര്‍വീസ് നടത്തി ജീവനക്കാരുടെ സിംഗിള്‍ ഡ്യൂട്ടി ക്രമീകരിക്കും.

covid

ന്യൂഡൽഹി ∙ കൊറോണ വൈറസിന്റെ യുകെ വകഭേദമാണ് ഡൽഹിയിൽ കോവി‍ഡ് തരംഗത്തിനു പിന്നിലെന്ന് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളാണ് (എൻസിഡിസി) സാംപിളുകൾ അടിസ്ഥാനമാക്കിയുള്ള പഠനം. ഡൽഹിയിൽ യുകെ വകഭേദത്തിലുള്ള വൈറസ് 400 കേസുകളിലും ഇന്ത്യയിലെ ഇരട്ട വകഭേദം 76 കേസുകളിലും കണ്ടെത്തി. ഇന്ത്യയിലാകെ യുകെ വകഭേദത്തിൽ 1,644 കേസുകളാണു റിപ്പോർട്ട് ചെയ്തത്.

1735 കേസുകളിൽ വൈറസ് വകഭേദങ്ങളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. യുകെ വകഭേദത്തിൽ 64 കേസുകൾ മഹാരാഷ്ട്രയിലാണു കണ്ടെത്തിയത്. ആറ് ദക്ഷിണാഫ്രിക്കൻ വകഭേദവും ഒരു ബ്രസീൽ വകഭേദവും 427 ഇന്ത്യൻ ഇരട്ട വകഭേദവും തിരിച്ചറിഞ്ഞു. മഹാരാഷ്ട്രയിൽ 1770 സാംപിളുകളാണു പഠന വിധേയമാക്കിയത്.മാർച്ച് രണ്ടിന് യുകെ വകഭേദത്തിൽ 28 ശതമാനം വർധന കണ്ടെത്തിയിരുന്നു. ഇത് മാർച്ച് അവസാനം ആയപ്പോഴേക്കും 50 ശതമാനം വർധിച്ചതായും സുജിത് കുമാർ സിങ് വ്യക്തമാക്കി.

15,135 സാംപിളുകളുടെ ജിനോം സീക്വൻസിങ് വഴിയാണ് വൈറസ് വകഭേദങ്ങളും കേസുകളുടെ വർധനയും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്.ദക്ഷിണാഫ്രിക്കന്‍ വകഭേദം 112 കേസുകൾ, ഒരു ബ്രസീൽ വകഭേദം, 732 ഇരട്ട വകഭേദ കേസുകളും റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ കോവിഡ് തരംഗം യുകെ വകഭേദവുമായി ബന്ധപ്പെട്ടാണെന്ന് എൻസിഡിസി ഡയറക്ടർ സുജിത് കുമാർ സിങ് പറഞ്ഞു. ഡൽഹിയിൽ വളരെ വ്യത്യസ്തമായ സാഹചര്യമാണുള്ളത്. യുകെ വകഭേദവും ബി 1617ഉം (ഇരട്ട വകഭേദം) ഇവിടെയുണ്ട്.

cm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാഹചര്യം ഗുരുതരമാണെന്നും ശനി, ഞായർ ദിവസങ്ങളിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ ലോക്ഡൗണിന് സമമായിരിക്കുമെന്ന് മുഖ്യമന്ത്രി.സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ അനാവശ്യമായി ആരും പുറത്തിറങ്ങരുത്. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾക്ക് പോകാം. എന്നാൽ കൊവിഡ് മാനഗണ്ഡം പാലിച്ച് തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കൈയിൽ കരുതണം. മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാം. എന്നാൽ പരമാവധി 50 പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ.

ഇൻഡോർ പരിപാടികൾക്ക് 75 പേർക്കും ഔട്ട്ഡൗർ പരിപാടിക്ക് 150 പേർക്കും പങ്കെടുക്കാം. പരിപാടികൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകണം. ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ല. ട്രെയിൻ, വിമാന യാത്രയ്‌ക്ക് പോകുന്നവർ തിരിച്ചറിയൽ രേഖ കരുതണം. ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ പോകുന്നവർ സത്യവാങ്‌മൂലം കരുതണം. വീടുകളിൽ മത്സ്യ വിൽപനയ്‌ക്ക് തടസമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കി സമ്പൂർണ ലോക്‌ഡൗൺ ഒഴിവാക്കി സമ്പദ് വ്യവസ്ഥ മുന്നോട്ട് കൊണ്ടുപോകുന്നെന്ന് ഉറപ്പാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇന്ന് പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രിമാരുമായുള‌ള വീഡിയോ കോൺഫറൻസിൽ കേരളം നടത്തുന്ന ഇടപെടലുകളും കേരളത്തിന്റെ ആവശ്യങ്ങളും കേന്ദ്ര സർക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ടെസ്‌റ്റ് പോസി‌റ്റിവി‌റ്റി നിരക്ക് 3.5 ശതമാനം എത്തിയപ്പോഴാണ് രണ്ടാമത് തരംഗം ശക്തമായതെന്നും അദ്ദേഹം വ്യക്തമാക്കി.ലക്ഷണങ്ങൾ കാണുന്നവർ ഉടൻ ആർടിപിസിആർ പരിശോധനയ്‌ക്ക് വിധേയരാകണം. ഫലം വരും വരെ അവർ ഐസൊലേഷനിൽ കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിൽ സാഹചര്യം നിർണായകമാണ്. നിയന്ത്രണങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതെസമയം കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തെ മുഖ്യമന്ത്രി വിമർശിച്ചു. കൈയിൽ പണമുള‌ളവർ മാത്രം വാക്‌സിൻ വാങ്ങട്ടെ എന്ന നയം ശരിയല്ല. ഒരു ഡോസ് വാക്‌സിന്റെ വില 400 രൂപയാണ്. സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിൻ വാങ്ങാൻ 1300 കോടി രൂപയാകും. വാക്‌സിൻ നയം സംസ്ഥാനങ്ങൾക്ക് അധിക ഭാരം നൽകുന്നു. രാജ്യത്ത് മുഴുവൻ സൗജന്യമായി വാക്‌സിൻ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. കേരളത്തിൽ വാക്‌സിൻ സൗജന്യമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഹരിയാന : ആശുപത്രിയിൽ നിന്ന് കോവിഡ് വാക്‌സിൻ അടങ്ങിയ ബാഗ് മോഷ്ടിച്ച കള്ളൻ തിരികെ നൽകി. 1700 ഡോസ് വാക്സീനടങ്ങിയ ബാഗുമായാണ് ഇയാൾ കടന്നു കളഞ്ഞത്. ഹരിയാനയിലെ ജിന്തിലാണ് സംഭവം. എന്നാൽ, ബാഗിൽ വാക്‌സിനാണെന്നു അറിഞ്ഞതോടെ ക്ഷമാപണം നടത്തി ബാഗ് തിരികെ ഏൽപിക്കുകയായിരുന്നു. ബാഗ് തുറന്നപ്പോഴാണ് വാക്സീനാണെന്ന് തിരിച്ചറിഞ്ഞത്.

ഒടുക്കം മനംമാറ്റമുണ്ടായ കള്ളൻ ഹിന്ദിയിൽ കുറിപ്പു തയ്യാറാക്കി സിവിൽ പോലീസ് സ്റ്റേഷന് സമീപം ബാഗ് എത്തിക്കുകയായിരുന്നു. സ്റ്റേഷന് പുറത്തുള്ള ചായക്കടക്കാരനെയാണ് ഇയാൾ ബാഗ് ഏൽപ്പിച്ചത്.പൊലീസുകാർക്കുള്ള ഭക്ഷണമാണ് ഉള്ളിലെന്നും അത്യാവശ്യമുള്ളതിനാൽ വെറെ സ്ഥലത്ത് ഡെലിവറിക്ക് പോവുകയാണെന്നുമാണ് കടക്കാരനോട് ഇയാൾ പറഞ്ഞത്. അതെ സമയം മോഷ്ടാവിനെ പിടികൂടുന്നതിനായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഉണ്ടായ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ തുടങ്ങികഴിഞ്ഞു. ഇന്ത്യയ്‌ക്ക് പ്രാണവായു നൽകാനായി അയൽരാജ്യങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്.ജർമ്മനി ഉൾപ്പടെയുളള രാജ്യങ്ങളിൽ നിന്നായി മൊബൈൽ ഓക്‌സിജൻ പ്ലാന്റുകൾ രാജ്യത്ത് എത്തിക്കാൻ തീരുമാനിച്ച് കഴിഞ്ഞു.

ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ 23 മൊബൈൽ ഓക്‌സിജൻ പ്ലാന്റുകളാണ് രാജ്യത്ത് എത്തിക്കുക.രാജ്യത്തെ ചില സംസ്ഥാനങ്ങൾക്ക് ഓക്‌സിജൻ അധികം ഉത്പാദിപ്പിക്കാനുളള ശേഷിയുണ്ട്. മഹാരാഷ്ട്രയും ഗുജറാത്തും ഓക്‌സിജൻ ധാരാളം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും വിതരണത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, ഒഡീഷ പോലുളള സംസ്ഥാനങ്ങളിൽ ഓക്‌സിജൻ അധികമുണ്ട്.

ഇത്തരത്തിൽ അധികമുളള സംസ്ഥാനങ്ങളിൽ നിന്ന് ഓക്‌സിജൻ ആവശ്യമുളള സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ഇന്ത്യൻ റെയിൽവേ പ്രത്യേക സർവീസ് ആരംഭിച്ചിട്ടുണ്ട്.പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് മൂന്ന് സേനാ മേധാവിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി നേരിടാൻ സർക്കാരിനെ സഹായിക്കുകയാണ് ലക്ഷ്യം. ലൈറ്റ് കോംബാറ്റ് എയർക്രാഫ്‌റ്റ് (എൽ സി എ) തേജസിനായി വികസിപ്പിച്ചെടുത്ത ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ കൈമാറിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതുപയോഗിച്ച് മിനിട്ടിൽ ആയിരം ലിറ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ കഴിയും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ട്രാൻസ്പോർട്ട് വിമാനമായ സി-17 ന്റെ രണ്ട് വിമാനങ്ങളാണ് ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ വിമാനങ്ങൾ ദൗത്യത്തിന് ഉപയോഗിച്ചേക്കും. ആരോഗ്യപ്രവർത്തകർക്കൊപ്പം മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാനും വ്യോമസേന മുന്നിലുണ്ട്. കൊവിഡ് ടെസ്റ്റിംഗ് സംവിധാനങ്ങൾ ലഡാക്കിൽ എത്തിച്ചതും വ്യോമസേനയുടെ പ്രത്യേക വിമാനങ്ങൾ ഉപയോഗിച്ചാണ്.

കഴിഞ്ഞദിവസം തന്നെ ദൗത്യം ആരംഭിക്കുന്നതിനെക്കുറിച്ച് വ്യോമസേന ട്വിറ്ററിലൂടെ അ‌റിയിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും ഓക്‌സിജൻ ക്ഷാമം രൂക്ഷമായത് പ്രതിസന്ധി സൃഷ്‌ടിച്ച സാഹചര്യത്തിലാണ് പ്രശ്‌നം പരിഹരിക്കാൻ വ്യോമസേന മുന്നിട്ടിറങ്ങിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച വെർച്വൽ യോഗത്തിൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളോടും വിവിധ സായുധ സേനാ വിഭാഗങ്ങളോടും കൊവിഡിനെ നേരിടാൻ തയ്യാറായിരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു.

oxygen

തിരുവനന്തപുരം : ഓക്‌സിജന്‍ ക്ഷാമം മൂലം വിവിധ സംസ്ഥാനങ്ങള്‍ വലയുമ്പോള്‍ ഓക്‌സിജന്‍ മിച്ചമുള്ള ഒരേയൊരു സംസ്ഥാനമായി കേരളം. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ഓക്‌സിജന്‍ ഉത്പാദനം പ്രതിദിനം 199 മെട്രിക്ടണ്‍ ആണ്. കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്റെ അളവ് 35 മെട്രിക്ടണ്ണും കോവിഡിതര രോഗികള്‍ക്ക് ഇത് 45 മെട്രിക്ടണ്ണുമാണ്.സംസ്ഥാനത്തിന്റെമൊത്തം ഓക്‌സിജന്‍ ഉത്പാദന ശേഷി പ്രതിദിനം 204 മെട്രിക്ടണ്ണാണ്.പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും ഓക്‌സിജന്റെ ലഭ്യതയും സംഭരണശേഷിയും എത്രത്തോളമുണ്ടെന്ന് വിലയിരുത്തുകയും ഓക്‌സിജന്‍ കൊണ്ടുപോകുന്നതിനുള്ള പരിമിതികള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുകയുംചെയ്യുന്നു.വരും ദിവസങ്ങളില്‍ കേരളത്തിലും ഓക്‌സിജന്റെ ആവശ്യം വര്‍ധിക്കുമെന്ന് അധികൃതര്‍ കണക്കു കൂട്ടുന്നു. ഏപ്രില്‍ 25 ആകുമ്പോഴേക്കും 105,000 രോഗികള്‍ക്ക് 51.45 മെട്രിക്ടണ്‍ ഓക്‌സിജന്‍ പ്രതിദിനം ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡിതര രോഗികള്‍ക്ക് 47.16 മെട്രിക്ടണ്‍ ഓക്‌സിജനും ആവശ്യമായി വരുമെന്ന് കരുതപ്പെടുന്നു.

ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കോവാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച 10,000 പേരിൽ നാലുപേർക്കും ഓക്‌സ്‌ഫോർഡ്-അസ്ട്രാസെനെക്കയുടെ കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകളുമെടുത്ത 10,000 പേരിൽ മൂന്നുപേർക്കും മാത്രമാണ് വാക്സിനേഷന് ശേഷം വീണ്ടും കോവിഡ് പോസിറ്റീവായത്.ഇതോടെ വാക്സിൻ എടുത്തവർക്ക് വീണ്ടും കോവിഡ് പോസിറ്റീവാകുന്നതിനുള്ള സാധ്യത വളരെ കുറവെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.അതുകൊണ്ട് തന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഏക മാ‍ർഗം വാക്സിനേഷനാണെന്ന് വിദഗ്ധരും ശാസ്ത്രജ്ഞരും അടിവരയിടുന്നു.

ബുധനാഴ്ച സ‍ർക്കാ‍ർ വൃത്തങ്ങൾ പുറത്തുവിട്ട ഈ ഡാറ്റ കൂടുതൽ സംശയങ്ങളെ അകറ്റാനും കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഉത്തേജനം നൽകാനും സഹായിക്കും.നിലവിൽ ഇന്ത്യയിൽ ഉപയോഗത്തിലുള്ള രണ്ട് വാക്സിനുകളും കഠിനമായ രോഗത്തിനെതിരെ പൂർണ്ണ പരിരക്ഷ നൽകുന്നതായാണ് റിപ്പോ‍‍ർട്ടുകൾ.

വൈറസിന്റെ നിലവിലെ രണ്ടാം തരംഗത്തിൽ വാക്സിൻ വിതരണം വർദ്ധിപ്പിക്കുന്നത് വഴി ഇന്ത്യയിലെ ആശുപത്രികളും ആരോഗ്യസംരക്ഷണ മേഖലകളും നേരിടുന്ന ഭാരം വേഗത്തിൽ കുറയ്ക്കാനാകുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.ഒരു വാക്സിനും രോഗത്തിനെതിരെ 100 ശതമാനം വിജയശതമാനം ഉണ്ടെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ ഗുരുതരമായ രോഗം ‌തടയാൻ വാക്സിനുകൾക്ക് കഴിയുമെന്ന് വിദഗ്ധ‍‍ർ ചൂണ്ടിക്കാട്ടുന്നു

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ഭാരത് ബയോടെക് എന്നിവ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷം മറ്റൊരു ഇടക്കാല കണ്ടെത്തൽ പുറത്തുവിട്ടിരുന്നു. ഇത് കോവാക്സിൻ കഠിനമായ കോവിഡിനെതിരെ 100 ശതമാനം ഫലപ്രദമാണെന്നാണ് വ്യക്തമാക്കുന്നത്. അതായത് വാക്സിൻ സ്വീകരിക്കുന്നവർക്ക് ഗുരുതരമായ തരത്തിൽ രോഗം പിടിപെടില്ല. ഗുരുതരമായ രോഗം, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന ഘട്ടം, മരണം എന്നിവ തടയുന്നതിന് കോവിഷീൽഡ് വാക്സിൻ 100 ശതമാനം ഫലപ്രദമാണെന്ന് ഫെബ്രുവരിയിൽ അസ്ട്രസെനെക്കയും വ്യക്തമാക്കിയിരുന്നു.

modi

ന്യൂഡല്‍ഹി : ഒറ്റരാജ്യമായി പ്രവര്‍ത്തിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും നരേന്ദ്രമോദി. കെജ്രിവാളുമായി കോവിഡ് അവലോകനയോഗത്തില്‍ വച്ചുണ്ടായ വാഗ്വാദത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആളുകള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഓക്‌സിജന്‍ എത്തിക്കാന്‍ റെയില്‍വെയും വ്യോമസേനയും രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ വിതരണം ഉറപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ ആരോടാണ് താന്‍ സംസാരിക്കേണ്ടതെന്ന് ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രി വിമര്‍ശിക്കുകയും അരവിന്ദ് കെജ്രിവാള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.