കേരളത്തിൽ വാക്സിൻ പ്രതിസന്ധിയ്ക്ക് താൽക്കാലിക പരിഹാരം

vaccine

തിരുവനന്തപുരം: കേരളത്തിൽ വാക്സിൻ പ്രതിസന്ധിയ്ക്ക് താൽക്കാലിക പരിഹാരം. വ്യാഴാഴ്ച ആറര ലക്ഷം ഡോസ് കൊവിഡ് വാക്സിനാണ് കേരളത്തിലെത്തിയിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായി അഞ്ചര ലക്ഷം കൊവിഷീൽഡ് വാക്സിനുകളും ഒരു ലക്ഷം ഡോസ് കോവാക്സിനുമാണ് വിതരണത്തിനായി എത്തിയിട്ടുള്ളത്. വാക്സിൻ ക്ഷാമത്തോടെ പ്രവർത്തനം നിർത്തിവെച്ച വാക്സിൻ വിതരണ കേന്ദ്രങ്ങളും ഇതോടെ പ്രവർത്തനം പുനരാരംഭിക്കും.

കൊച്ചി, കോഴിക്കോട് റീജിയണുകള്‍ക്ക് ഒന്നര ലക്ഷം വീതം കൊവീഷീല്‍ഡും കൈമാറി. കൊച്ചിയിലും കോഴിക്കോടും വാക്‌സിന്‍ എത്തിച്ച ശേഷം ഇന്നലെ രാത്രി 8.30തോടെയാണ് ഇന്‍ഡിഗോ വിമാനം തലസ്ഥാനത്തെത്തിയത്. വാക്‌സിന്‍ സ്‌റ്റോക്കില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് വാക്‌സിനേഷന്‍ നിലച്ചിരുന്നു. ഇന്ന് മുതല്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ വീണ്ടും സജീവമായി തുടങ്ങും.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിലെ കണക്ക് അനുസരിച്ച് കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് രോഗികളുടെ എണ്ണം കൂടുതലുള്ളത്. ഈ രണ്ട് ജില്ലകളിലും രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി കർശന നിയന്ത്രണങ്ങളാണ് അതാത് ജില്ലാ ഭരണകൂടങ്ങളും ഏർപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് മൂന്നര ലക്ഷം ഡോസ് വാക്സിനും കോഴിക്കോട്, എറണാകുളം ജില്ലകളിൽ ഒന്നര ലക്ഷം വാക്സിനും എത്തിച്ചിട്ടുണ്ട്. ഈ വാക്സിനുകള്‍ പ്രാദേശിക കേന്ദ്രങ്ങളിലേക്ക് എത്തിച്ച് ഓരോ ജില്ലകളിലേക്കും വിതരണം ചെയ്യും.