രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നു ;ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

Covid

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്ഥിതിഗതികള്‍ നിസ്സാരമായി കാണരുത്.കോവിഡ് സ്ഥിതി വഷളായെന്നും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ വേഗത കഴിഞ്ഞതവണത്തേതിനേക്കാള്‍ കൂടുതലാണെന്നും അടുത്ത നാല് ആഴ്ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണെന്നും കേന്ദ്രം അറിയിച്ചു. കോവിഡ് കേസുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നീതി ആയോഗ് അംഗം പ്രൊഫസര്‍ വിനോദ് കെ പോള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ ലഭ്യമായ വാക്‌സിനുകള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും യാതൊരു മടിയും കൂടാതെ വാക്‌സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കോവിഡ് സ്ഥിതി ഗൗരവമായി കാണാനും മാസ്‌ക് ധരിക്കാനും പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും വിനോദ് കെ പോള്‍ ആവശ്യപ്പെട്ടു. അതേസമയം കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വളരെകുറവായതിനാല്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആശങ്ക പ്രകടിപ്പിച്ചു. കോവിഡ് ടെസ്റ്റ് 70 ശതമാനമോ അതില്‍ കൂടുതലായി നടത്താനോ ആണ് കേന്ദ്രം നിര്‍ദേശിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഛത്തീസ്ഗഢിലെ സ്ഥിതിയും വളരെ ആശങ്ക ജനിപ്പിക്കുന്നതാണെന്ന് രാജേഷ് ഭൂഷണ്‍ പറഞ്ഞു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ ആറു ശതമാനവും രാജ്യത്തെ മൊത്തം മൂന്ന് ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഛത്തീസ്ഗഢില്‍ നിന്നാണ്.

ഛത്തീസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ദിവസേനയുള്ള കോവിഡ് കേസുകളുടെ വര്‍ദ്ധനവും മരണങ്ങളും വലിയവെല്ലുവിളി ഉയര്‍ത്തുന്നു. രാജ്യത്ത് സജീവമായ കേസുകളില്‍ 58 സതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങളില്‍ 34 ശതമാനം മഹാരാഷ്ട്രയില്‍ നിന്നാണ്. അതേസമയം ഛത്തീസ്ഗഢിലെയും പഞ്ചാബിലെയും കോവിഡ് മരണസംഖ്യ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്ന് രാജേഷ് ഭൂഷണ്‍ പറഞ്ഞു.