Health (Page 225)

health minister

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ക്രഷിംഗ് കര്‍വ് എന്ന പേരില്‍ വാക്‌സിനേഷന്‍ പദ്ധതി വിപുലപ്പെടുത്തുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. യോഗ്യരായ എല്ലാവര്ക്കും വാക്‌സിന് നല്കും. ആവശ്യമുള്ളത്രയും വാക്‌സിന് നല്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷന് പ്രവര്ത്തനങ്ങള് ദ്രുതഗതിയിലാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 60 വയസ്സിന്‍ മുകളില്‍ പ്രായമുള്ള നല്ല ശതമാനം ആളുകള്‍ക്കും വാക്‌സിന് നല്കി. സംസ്ഥാനത്ത് 11 ശതമാനം പേര്ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് സിറോ സര്‍വേ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വലിയ ആള്‍ക്കൂട്ടം ഉണ്ടായിയെന്നും പലസ്ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോള് പാലിക്കപ്പെട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഏപ്രില്‍ മാസം നിര്‍ണായകമാണ്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. നിയന്ത്രണങ്ങളില് വിട്ടുവീഴ്ച ചെയ്യില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി./]-9

n95

ഭുവനേശ്വര്‍ : കോവിഡ് പശ്ചാത്തലത്തില്‍ പുതിയ പഠനങ്ങളുമായി ഭുവനേശ്വര്‍ ഐഐടി. സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുമ്പോള്‍ വായില്‍ നിന്നും സ്രവകണങ്ങള്‍ പുറത്തെത്തുമെന്നും ശ്വാസം വിടുമ്പോള്‍ അഞ്ച് സെക്കന്‍ഡിനകം ഇവ നാലടിയോളം ദൂരമെത്തുമെന്നും ലീക്ക് വരുന്ന മാസ്‌കുകള്‍ വെല്ലുവിളിയാണുയര്‍ത്തുന്നതെന്നും ഗവേഷകര്‍ പറയുന്നു. അതിനാല്‍ അഞ്ച് ലെയറുള്ള മാസ്‌കാണ് ധരിക്കേണ്ടതെന്നും അത്രയും ലെയറുകളുള്ളതിനാല്‍ സ്രവകണങ്ങള്‍ പുറത്തെത്താന്‍ സാധ്യത വളരെ കുറവായിരിക്കുമെന്നും ഗവേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്‍-95 മാസ്‌ക് ഉപയോഗിക്കുന്നതുവഴി സ്രവകണങ്ങള്‍ പുറത്തെത്തുന്നത് പരമാവധി തടയാന്‍ കഴിയും.

കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുന്നത് ഫലപ്രദമല്ലെന്ന പഠനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികള്‍ പോലും സര്‍ജിക്കല്‍ മാസ്‌കുകളുടെയും ഷീല്‍ഡുകളുടെയും ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണെന്നും പഠനം നിരീക്ഷിക്കുന്നു.

modi

ന്യൂഡൽഹി; കോവിഡ് രണ്ടാം വ്യാപനം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ സാഹചര്യമാണെന്നു മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ ശ്രദ്ധ വേണം.മൈക്രോ കണ്ടെയ്ൻമെന്റ് സോണുകള്‍ക്കാണു നമ്മൾ പ്രാധാന്യം നൽകേണ്ടത്. ഇവിടങ്ങളിൽ‌ കൂടുതൽ ശ്രദ്ധ വേണം. രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതു കൊറോണക്കാലത്താണു ജീവിക്കുന്നതെന്നു ജനത്തെ ഓർമിപ്പിക്കും. കർഫ്യൂവിനെ ‘കൊറോണ കർഫ്യു’ എന്നു വിശേഷിപ്പിക്കുന്നതു നല്ലതായിരിക്കും.പോസിറ്റിവിറ്റി റേറ്റ് അഞ്ച് ശതമാനത്തിൽ താഴെ എത്തിക്കണം. വൈറസിനെതിരെ പോരാടാൻ ഇന്ന് രാജ്യത്തിന് കൂടുതൽ സാഹചര്യങ്ങളുണ്ട്.

ഏപ്രിൽ 11നും 14നും ഇടയിൽ ‘വാക്സീൻ ഫെസ്റ്റിവലുകൾ’ സംഘടിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് 24 മണിക്കൂറിനിടെ 1.26 ലക്ഷം പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ പ്രതികരണം. സംസ്ഥാനങ്ങൾ 70 ശതമാനം ആർടിപിസിആർ പരിശോധനകളെന്ന ലക്ഷ്യം പൂർത്തിയാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് തിരിച്ചറിയാനും പോരാടാനും ഇതുമാത്രമാണു വഴി. സ്വയം മുൻകൈയെടുത്തു പരിശോധിക്കുന്നതും പ്രധാനമാണ്.

ഇപ്പോള്‍ കൂടുതൽ കേസുകളിലും ലക്ഷണങ്ങളില്ല. ചെറിയ രോഗങ്ങളായിരിക്കുമെന്നാണ് ആൾക്കാർ കരുതുന്നത്. അങ്ങനെ ആ കുടുംബത്തിനാകെ കോവിഡ് ബാധിക്കാൻ ഇടയാകുന്നു.രണ്ടാം തരംഗം നേരിടാൻ യുദ്ധസമാനമായ നടപടികളാണ് ആവശ്യം. പരിശോധന കൂട്ടണം. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ അതീവശ്രദ്ധ വേണം. അതെസമയം കോവിഡ് ബാധ രൂക്ഷമായ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലേക്കു കേന്ദ്ര സംഘത്തെ അയക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില തൃപ്തികരമാണെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.
വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് ഉമ്മന്‍ചാണ്ടി. നേരത്തെ പിണറായി വിജയനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

pinarayi

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. ക്വാറന്റീനില്‍ കഴിയവെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. കണ്ണൂരിലെ വീട്ടില്‍ നിന്നും അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. മുഖ്യമന്ത്രിയുമായി ഈ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കാലത്ത് നിരവധി യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.ഒരുമാസം മുമ്പ് കൊവിഡ് പ്രതിരോധ വാക്സിന്റെ ആദ്യഡോസ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു.മുഖ്യമന്ത്രിയുടെ മകളും മരുമകനും കോവിഡ് ചികിത്സയിലാണ്. മകള്‍ വീണയ്ക്ക രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

ന്യൂഡല്‍ഹി : കോവിഡ് -19 വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായതില്‍ യുകെ ആസ്ഥാനമായ ആസ്ട്രാസെനെക അതിന്റെ നിര്‍മ്മാണ പങ്കാളിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് നിയമപരമായ നോട്ടീസ് നല്‍കി എന്ന് സിഇഒ അഡാര്‍ പുനവല്ല.സെറം ഇന്‍സ്റ്റിറ്റ്യൂട്ട് യുകെയിലേക്ക് വാക്‌സിനുകള്‍ കയറ്റുമതി വൈകിയതിനെത്തുടര്‍ന്നാണ് കമ്പനി നിയമപരമായ മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് കോവാക്‌സ് പ്രോഗ്രാമിന്റെ ഭാഗമായ മറ്റ് രാജ്യങ്ങളിലേക്കുള്ള വിതരണവും ശരിയായി നടത്താന്‍ കഴിഞ്ഞില്ല.

കയറ്റുമതി നിര്‍ത്തലാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനമാണ് വാക്‌സിന്‍ ലഭ്യതയില്‍ കാലതാമസമുണ്ടാക്കിയതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആരോപിക്കുന്നു. കോവിഡ് -19 കേസുകളില്‍ വന്‍ കുതിച്ചുചാട്ടത്തിനിടയിലാണ് വാക്‌സിന്‍ കയറ്റുമതി മന്ദഗതിയിലാക്കാന്‍ മാര്‍ച്ച് പകുതിയോടെ കേന്ദ്രം തീരുമാനിച്ചത്. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് രോഗപ്രതിരോധ കുത്തിവയ്പ്പ് വിപുലീകരിച്ചതിനുശേഷം വാക്‌സിനുകള്‍ക്കായുള്ള ആവശ്യവും ഉയര്‍ന്നു.ഇന്ത്യയില്‍ നല്‍കുന്ന വാക്‌സിനുകളില്‍ ഭൂരിഭാഗവും കോവിഷീല്‍ഡ് ആണ്. ബാക്കിയുള്ളത് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ആണ്.

സെറം ഇതുവരെ 100 ദശലക്ഷം ഡോസുകള്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്, അതേസമയം 60 ദശലക്ഷം ഡോസുകള്‍ കയറ്റുമതി ചെയ്തു. അതേസമയം, സിഇഒ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് താല്‍ക്കാലികമായി മുന്‍ഗണന നല്‍കുമെന്ന ആരോപണവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും അഡാര്‍ പുനവല്ല ആരോപിച്ചു.ഇക്കാര്യം ഉടന്‍ പരിഹരിക്കപ്പെടുമെന്നും സര്‍ക്കാരിന് ഇത് അറിയാമെന്നും കമ്പനി വൃത്തങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചില രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകള്‍ കാരണം വാക്‌സിനുകളുടെ പരിമിതമായ വിതരണവും ഡിമാന്‍ഡും വര്‍ദ്ധിക്കുന്നതിനാല്‍, ലോകത്തിന്റെ പല ഭാഗങ്ങളിലും ക്ഷാമവും വിതരണ പരിമിതികളും ഉണ്ടാകുന്നതെന്ന് അഡാര്‍ പുനവല്ല പറഞ്ഞു.

വെല്ലിങ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസിലന്‍ഡില്‍ താത്കാലികവിലക്ക്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ സാഹചര്യത്തിലാണ് ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്. ഈ വിലക്ക് ഇന്ത്യയില്‍ നിന്ന് തിരികെ പോകുന്ന ന്യൂസിലന്‍ഡ് പൗരന്മാര്‍ക്കും ബാധകമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകളാണ് പ്രതിദിനം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും ലോക്ക് ഡൗണ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

covid

ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി തമിഴ്‌നാട്. ആരാധനാലയങ്ങളില്‍ ആളെക്കൂട്ടുന്ന ഉത്സവങ്ങള്‍ മറ്റു മതപരമായ ചടങ്ങുകള്‍ എന്നിവ നിരോധിച്ചു. ചെന്നൈ നഗരത്തിലെ മൊത്ത വ്യാപാര മാര്‍ക്കറ്റായ കോയമ്പേടില്‍ കച്ചവടക്കാര്‍ക്ക് മാത്രമേ പ്രവേശിക്കാനാവൂ. ചെറുകിട വ്യാപാരത്തിന് ഇവിടെ നിയന്ത്രണമേര്‍പ്പെടുത്തി.ഹോട്ടലുകളിലും ചായക്കടകളിലും ആകെയുള്ള സീറ്റുകളില്‍ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഇതു കൂടാതെ രാത്രി പതിനൊന്ന് മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കുവാനും പാടില്ല.ക്ലബ്ബുകള്‍, പാര്‍ക്കുകള്‍, മ്യൂസിയം, മൃഗശാല തുടങ്ങിയ വിനോദ സ്ഥലങ്ങളിലും ആകെ ശേഷിയുടെ പകുതി ആളുകളെ മാത്രമേ പ്രവേശിക്കാന്‍ അനുവാദമുണ്ടാവുകയുള്ളു. ചെന്നൈ നഗരത്തിലും, ജില്ലകള്‍ തമ്മിലും ബന്ധിപ്പിച്ച് കൊണ്ടുള്ള ബസ് സര്‍വീസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.

covid

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ വരുന്ന മൂന്നാഴ്ച നിര്‍ണായകമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിച്ചു. സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂ.45 വയസ് കഴിഞ്ഞവര്‍ കഴിയുന്നതും വേഗത്തില്‍ കോവിഡ് വാക്‌സിനെടുക്കേണ്ടതാണ്.തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കും വോട്ട് ചെയ്യാന്‍ പോയ പൊതുജനങ്ങള്‍ക്കും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം കോവിഡ് പരിശോധന നടത്തേണ്ടതാണ്.

ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം കൂടുതൽ രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. കോവിഡ്​ വ്യാപനം പിടിച്ചു നിർത്താൻ ബംഗളൂരു നഗരത്തിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അപ്പാർട്ട്​മെന്‍റുകളിലും റെസിഡൻഷ്യൽ കോംപ്ലക്​സുകളിലും നീന്തൽക്കുളം, ജിംനേഷ്യം, പാർട്ടി ഹാളുകൾ എന്നിവയുടെ പ്രവർത്തനം വിലക്കിയിട്ടുണ്ട്​. ആളുകൾ ഒരുമിച്ച്​ കൂടുന്നത്​ പരമാവധി ഒഴിവാക്കണമെന്നും കർണാടക സർക്കാർ നിർദേശിച്ചു.

പൊതുസ്ഥലങ്ങളിലെ റാലികൾ, പ്രതിഷേധ പ്രകടനങ്ങൾ, മറ്റ്​ പരിപാടികൾ എന്നിവക്ക്​ നിയന്ത്രണമുണ്ടെന്ന്​ ബംഗളൂരു പൊലീസ്​ കമീഷണർ കമൽ പന്ത്​ പറഞ്ഞു. കഴിഞ്ഞ ദിവസം 6000 പേർക്കാണ്​ കർണാടകയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​.