വാക്‌സിന് ഫലപ്രാപ്തി കുറവ്; ചൈനയുടെ കോവിഡ് പ്രതിരോധ വാക്സിനുകൾ വാങ്ങിയ രാജ്യങ്ങളിൽ രോഗവ്യാപനം വർദ്ധിക്കുന്നതായി പരാതി

ബഹ്‌റൈൻ: ചൈനയ്ക്ക് തിരിച്ചടി. ചൈനയുടെ കോവിഡ് പ്രതിരോധ വാക്സിനുകൾ വാങ്ങിയ രാജ്യങ്ങളിൽ രോഗവ്യാപനം വർദ്ധിക്കുന്നതായി പരാതി. ജനസംഖ്യയുടെ 50 മുതൽ 68 ശതമാനം വരെ ആളുകൾക്ക് വാക്സിനേഷൻ ഫലപ്രദമായി നടപ്പാക്കിയ പല രാജ്യങ്ങളിലും കോവിഡ് അതിവേഗത്തിൽ പടർന്നു പിടിക്കുകയാണെന്നാണ് വിവരം.

മംഗോളിയ, ചിലി, സീഷെൽസ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലാണ് രോഗവ്യാപനം വർധിച്ചിരിക്കുന്നത്. വാക്‌സിന്റെ ഫലപ്രാപ്തിയില്ലായ്മയാണ് രോഗവ്യാപനം വർധിക്കുന്നതിന് ഇടയാക്കുന്നതെന്നാണ് ഉയരുന്ന പരാതി. യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് ചൈനയുടെ കോവിഡ് വാക്‌സിനായ സീനോഫാം അംഗീകരിച്ചത്. ഇപ്പോൾ മദ്ധ്യേഷ്യയിൽ ഏറ്റവും അധികം രോഗം സ്ഥിരീകരിക്കുന്നത് ഈ രണ്ട് രാജ്യങ്ങളിലാണ്.

കൊവിഡ് നിയന്ത്രണങ്ങളെ പാടേ ഉപേക്ഷിക്കുന്നതാണ് രോഗ വ്യാപനം വർധിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാരണമെന്നാണ് ഗവേഷകർ പറയുന്നത്. ഫൈസർ വാക്സിൻ വിതരണം ചെയ്ത ഇസ്രയേലാണ് ലോകത്തിൽ വാക്സിൻ നിരക്കിൽ രണ്ടാമതുള്ളത്. ഇവിടെ പത്ത് ലക്ഷം പേരിൽ 4.95 ആണ് രോഗ നിരക്ക്. സീനോഫാം വിതരണ ചെയ്ത സീഷെൽസിൽ രോഗ നിരക്ക് 716 ആണ്. ചൈനയും അവരുടെ വാക്സിൻ ലഭിച്ച 90 രാജ്യങ്ങളും ഭാഗികമായി മാത്രം പ്രതിരോധശേഷി നേടിയതാണ്. ലോകശക്തിയാകാൻ ഒരവസരമായാണ് ചൈന വാക്‌സിൻ നയതന്ത്രത്തെ കണ്ടത്. ചൈനയുടെ ഈ പ്രതീക്ഷകൾക്ക് മേലാണ് നിലവിൽ കരിനിഴൽ വീണിരിക്കുന്നത്.