Health (Page 189)

തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് രോഗികള്‍ക്കായുള്ള വീട്ടുകാരെ വിളിക്കാം പദ്ധതി കൂടുതല്‍ ആശുപത്രിയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. തിരുവന്തപുരം മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ സഹകരണത്തോടെ ജൂണ്‍ 24 നാണ് പദ്ധതി തുടക്കം കുറിച്ചത്. കോളേജിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹി കൂടിയായ ഡോ.ജോണ്‍ പണിക്കര്‍ പദ്ധതി നടത്തിപ്പിന് എല്ലാ സഹായവും ചെയ്യാന്‍ മുന്നോട്ട് വന്നുവെന്നും പദ്ധതി വഴി അറുപതോളം രോഗികള്‍ക്ക് വീട്ടുകാരെ കാണാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

കോവിഡ് രോഗികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജില്‍ ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കിയത്. വീട്ടിലുള്ളവര്‍ രോഗിയുടെ വിവരങ്ങള്‍ എസ്.എം.എസ്. അയച്ചാല്‍ ആ രോഗികളുമായി വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ് പദ്ധതി.ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകുന്നേരം 3 മുതല്‍ 5 മണിവരെ വീഡിയോ കോള്‍ വഴി തിരികെ വിളിക്കുന്നതാണെന്ന് പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് മന്ത്രി അറിയിച്ചിരുന്നു.അതേസമയം സംസ്ഥാനത്ത് ഇന്നലെ13,550 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

covishield

ന്യൂഡൽഹി: കോവിഷീൽഡിന്റെ അംഗീകാരത്തിനായി യൂറോപ്യൻ മെഡിസിൻ ഏജൻസിക്ക് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് യൂറോപ്യൻ യൂണിയൻ. കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് യൂറോപ്പിലേക്കുള്ള യാത്രകൾക്ക് പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയൻ ഇക്കാര്യം അറിയിച്ചത്. യൂറോപ്യൻ മെഡിസിൻ ഏജൻസി (ഇഎംഎ)ക്ക് കോവിഷീൽഡ് വാക്സിന്റെ അംഗീകാരത്തിനായി ഇന്നലെ വരേയും ഒരു അഭ്യർഥനയും ലഭിച്ചില്ലെന്നാണ് യൂറോപ്യൻ യൂണിയൻ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

യൂറോപ്യൻ യൂണിയന്റെ വാക്സിനേഷൻ പാസ്‌പോർട്ടിൽ കോവിഷീൽഡ് വാക്‌സിൻ ഉൾപ്പെടുത്തുന്ന വിഷയം സംബന്ധിച്ച് നടപടി സ്വീകരിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനോട് അഭ്യർത്ഥന നടത്തിയിരുന്നു. യൂറോപ്യൻ യൂണിയന്റെ കോവിഡ് വാക്സിനേഷൻ പാസ്‌പോർട്ടിൽ കോവിഷീൽഡ് ഉൾപ്പെടുത്താത്തത് മൂലം ഈ വാക്‌സിൻ ഡോസുകൾ സ്വീകരിച്ചവർക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രയ്ക്ക് തടസമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനാവാലയാണ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകിയത്.

ഫൈസർ, മൊഡേണ, ഓക്‌സ്ഫഡ് -ആസ്ട്രസെനകയുടെ വാക്സെർവ്രിയ ( Vaxzervria by AstraZeneca-Oxford), ജോൺസൺ ആൻഡ് ജോൺസൺ എന്നീ നാല് വാക്സിനുകൾക്ക് മാത്രമാണ് യൂറോപ്യൻ യൂണിയൻ വാക്സിനേഷൻ പാസ്പോർട്ട് നൽകുന്നത്. ഈ വാക്‌സിനുകൾ സ്വീകരിച്ചവർക്ക് മാത്രമാണ് പകർച്ചവ്യാധി സമയത്ത് യൂറോപ്യൻ യൂണിയനുള്ളിൽ യാത്ര ചെയ്യാൻ അനുമതി നൽകിയിരിക്കുന്നതും.

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കി രാജ്യം. കോവിഡിനെതിരെ ഒരു വാക്സിന് കൂടി രാജ്യത്ത് അനുമതി നൽകി. മൊഡേണ വാക്സിനാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയത്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ)യാണ് വാകിസിന്റെ ഉപയോഗത്തിന് അനുമതി നൽകിയത്.

വാക്സിൻ ഇറക്കുമതി ചെയ്യാൻ അനുമതി തേടി മരുന്ന് നിർമ്മാണ കമ്പനിയായ സിപ്ലയാണ് ഡിസിജിഐയെ സമീപിച്ചത്. 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകണമെന്നായിരുന്നു സിപ്ലയുടെ ആവശ്യം. നിലവിൽ, കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് V എന്നീ വാക്‌സിനുകൾ രാജ്യത്ത് വിതരണാനുമതി ലഭിച്ചിരിക്കുന്നത്.

മൊഡേണ വാക്സിൻ ഇറക്കുമതി ചെയ്യാനുള്ള അനുമതി തേടി സിപ്ല കഴിഞ്ഞ ദിവസമാണ് ഡ്രഗ് കൺട്രോളറെ സമീപിച്ചത്. മൊഡേണ വാക്സിന് 90 ശതമാനത്തോളം പ്രതിരോധ ശേഷിയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ വാക്‌സിന് ലഭിച്ചിരിക്കുന്നത്. അമേരിക്കയിൽ 12 കോടിയോളം ആളുകൾക്ക് ഫൈസർ, മൊഡേണ വാക്സിനുകളാണ് നൽകിയിരിക്കുന്നത്.

മുംബൈ: ഏപ്രില്‍ ഒന്നിനും ജൂണ്‍ 15 നും ഇടയില്‍ നടത്തിയ സിറോ സര്‍വേ പ്രകാരം മുംബൈയില്‍ 18 വയസില്‍ താഴെയുള്ള 51 ശതമാനം കുട്ടികളിലും കോവിഡ് ആന്റിബോഡി കണ്ടെത്തി. നഗരത്തിലെ വിവിധയിടങ്ങളില്‍ നിന്നു ശേഖരിച്ച 2,176 സാംപിളുകളില്‍ 10-18 പ്രായഗ്രൂപ്പിലുള്ള കുട്ടികളില്‍ 53.43 ശതമാനത്തിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തി.

15-18 ഗ്രൂപ്പില്‍ 51.39 ശതമാനവും ഒന്നിനും നാലിനും ഇടയില്‍ 51.04 ശതമാനവുമാണ് കണ്ടെത്തിയത്. ഒരു വയസിനും 18 വയസിനും ഇടയിലുള്ള കുട്ടികളുടെ സിറോ പ്രിവലന്‍സ് റേറ്റ് 51.18 ശതമാനമാണ്. ആറ്-എട്ട് ആഴ്ചകള്ക്കുള്ളില്‍ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പു നല്കിയതിനു പിന്നാലെയാണ് മുംബൈയിലെ കുട്ടികളുടെ സിറോ സര്‍വേ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

vaccine

തിരുവനന്തപുരം: 18ന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഒറ്റ വിഭാഗമായി കണക്കാക്കി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ഗുരുതര രോഗികള്‍ അടക്കമുള്ള മുന്‍ഗണനാ ഗ്രൂപ്പുകള്‍ നിലനില്‍ക്കും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വാക്‌സിന്‍ സൗജന്യ വിതരണം കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് സംസ്ഥാന സര്‍്ക്കാരിന്റെ ഇത്തരമൊരു തീരുമാനം.

ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി വാക്‌സിന് വിതരണം ഊര്‍ജിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. മൂന്നാം തരംഗത്തിന് മുന്‍പ് നിബന്ധനകള്‍ എടുത്ത് കളഞ്ഞ് എല്ലാവര്‍ക്കും വാക്‌സിന് എളുപ്പം എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

covid

തിരുവനന്തപുരം : കോവിഡ് വാക്‌സിനെടുക്കുന്നതിന് മുന്‍പ് വേദനസംഹാരികള്‍ കഴിക്കുന്നത് വാക്‌സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് ലോകാരോഗ്യസംഘടന. എന്നാല്‍, വാക്‌സീന്‍ എടുത്ത ശേഷം ഉണ്ടാകാറുള്ള പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാനായി പാരസെറ്റാമോള്‍ പോലുള്ള വേദനസംഹാരികള്‍ വേണമെങ്കില്‍ ഉപയോഗിക്കാമെന്നും ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചു. വേദനസംഹാരി വാക്‌സീനു മുന്‍പ് കഴിക്കുന്നത് ആന്റിബോഡി പ്രതികരണത്തെ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മയോ ക്ലിനിക്കിലെ വാക്‌സീന്‍ റിസര്‍ച്ച് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ഗ്രിഗറി പോളണ്ട് പറഞ്ഞു.

വാക്‌സീന്‍ എടുത്ത കൈയില്‍ വേദന, തലവേദന, ക്ഷീണം, ശരീരവേദന, പനി, കുളിര്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങളാണ് വാക്‌സീന്‍ എടുത്തവരില്‍ സാധാരണ കണ്ടുവരുന്നത്. ഇവ സങ്കീര്‍ണ സ്വഭാവത്തിലുള്ളതല്ല. പലര്‍ക്കും രണ്ടു ദിവസത്തിനപ്പുറം ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറില്ല. എന്നാല്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ആന്റിഹിസ്റ്റമിന്‍ മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദേശം തേടിയ ശേഷം മാത്രമേ വാക്‌സീന്‍ എടുക്കാവൂ എന്ന് ഡബ്ലിന്‍ ട്രിനിറ്റി കോളജിലെ പ്രഫ ലൂക്ക് ഒ നീല്‍ പറഞ്ഞു.

ന്യൂഡൽഹി: രാജ്യത്ത് 12 വയസിനുമേൽ പ്രായമുള്ള കുട്ടികൾക്ക് ഓഗസ്റ്റോടെ കോവിഡ് വാക്സിൻ ലഭ്യമായേക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് മൂന്നാം തരംഗം വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും ഐസിഎംആർ അറിയിച്ചു. അതിനാൽ രാജ്യത്തെ ജനങ്ങൾക്കും വാക്സിൻ കുത്തിവെക്കാൻ ആറ് മുതൽ എട്ട് മാസം വരെ സാവകാശം ലഭിച്ചേക്കുമെന്ന് ഐസിഎംആർ കോവിഡ് വർക്കിങ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ.കെ അറോറ വ്യക്തമാക്കി.

വരും ദിവസങ്ങളിൽ പ്രതിദിനം ഒരുകോടി പേർക്ക് വാക്സിൻ കുത്തിവെക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. സൈഡസ് കാഡില വാക്സിന്റെ പരീക്ഷണം ഏതാണ്ട് പൂർത്തിയായി ക്കഴിഞ്ഞു. ജൂലായ് അവസാനത്തോടെയോ ആഗസ്റ്റോടെയോ ഈ വാക്സിൻ 12 – 18 പ്രായപരിധിയിലുള്ള കുട്ടികൾക്ക് കുത്തിവച്ച് തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം കുട്ടികൾക്കും വാക്സിൻ ലഭ്യമാക്കുന്നത് കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായകമാകുമെന്നാണ് എയിംസ് മേധാവി അറിയിച്ചിരിക്കുന്നത്. സ്‌കൂളുകൾ തുറക്കാൻ ഇത് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഉപയോഗിച്ച് രണ്ട് മുതൽ 18 വയസുവരെയുള്ള കുട്ടികളിൽ നടത്തിയ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ സെപ്റ്റംബറിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ സമയം ആകുമ്പോഴേക്കും രാജ്യത്തെ കുട്ടികൾക്ക് വാക്സിൻ ലഭ്യമായേക്കും. ഫൈസർ വാക്സിന് അനുമതി ലഭിച്ചാൽ അതും കുട്ടികൾക്ക് വിതരണം ചെയ്യാം.

തിരുവനന്തപുരം: സംസ്ഥാനത്തിന് 2,65,160 ഡോസ് വാക്‌സിൻ കൂടി ലഭ്യമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച്ച എറണാകുളത്ത് 61,150 ഡോസ് കോവീഷീൽഡ് വാക്‌സിനും കോഴിക്കോട് 42,000 ഡോസ് കോവീഷീൽഡ് വാക്‌സിനും എത്തിയിരുന്നു. ഇതുകൂടാതെ ശനിയാഴ്ച്ച തിരുവനന്തപുരത്ത് 1,08,510 ഡോസ് കോവാക്‌സിനും 53,500 ഡോസ് കോവീഷീൽഡ് വാക്‌സിനും എത്തി. സംസ്ഥാനത്തിന് 1,28,82,290 ഡോസ് വാക്‌സിനാണ് ഇതുവരെ ലഭിച്ചത്.

വെള്ളിയാഴ്ച്ച 1,70,976 പേരാണ് സംസ്ഥാനത്ത് വാക്‌സിനെടുത്തത്. 1234 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,05,02,531 പേർ വാക്‌സിന്റെ ഒന്നാം ഡോസും 29,76,526 രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 1,34,79,057 പേരാണ് വാക്‌സിൻ കുത്തിവെയ്‌പ്പെടുത്തത്.

ന്യൂയോര്‍ക്ക്: 10 മാസത്തിനുള്ളില്‍ 43 തവണ കോവിഡ് ബാധിച്ച് 72കാരനായ ഡേവ് സ്മിത്ത്. ബ്രിട്ടനിലെ മുന്‍ ഡ്രൈവിംഗ് പരിശീലകനായ ഡേവിന് ഏഴിലേറെ തവണ വെന്റിലേറ്ററിന്റെയും ഓക്‌സിജന്റെയും സഹായം തേടേണ്ടി വന്നിട്ടും കോവിഡിന് പിടികൊടുക്കാതെ അദ്ദേഹം ഇപ്പോഴും ബ്രിട്ടനിലെ ബ്രിസ്റ്റോളില്‍ ജീവനോടെ ഇരിക്കുന്നു. ലോകത്തില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ കൊവിഡ് ചികിത്സ ഒരുപക്ഷേ ഡേവിലായിരിക്കും നടത്തിയിട്ടുണ്ടാകുക എന്ന് ബ്രിട്ടനിലെ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

കൊവിഡില്‍ നിന്ന് മുക്തരായാലും കുറച്ചു നാള്‍ ശരീരത്തില്‍ കൊവിഡ് വൈറസിന്റെ കണികകള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും എന്നാല്‍ ഡേവിന്റെ ശരീരത്തില്‍ ആക്ടീവ് ആയ കൊവിഡ് വൈറസിനെ ആണ് കണ്ടെത്തിയിരുന്നതെന്നും ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി രോഗങ്ങളെ ചികിത്സിക്കുന്ന എഡ് മോറാന്‍ പറഞ്ഞു.

ജനീവ: ദരിദ്ര രാജ്യങ്ങളിൽ കോവിഡ് വാക്‌സിൻ കിട്ടാനില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വാക്‌സിനേഷനിൽ ആഗോള തലത്തിലുള്ള അസമത്വത്തെ ലോകാരോഗ്യ സംഘടന അപലപിക്കുകയും ചെയ്തു. സമ്പന്ന രാജ്യങ്ങൾ സൊസൈറ്റികൾ തുറക്കുകയും വലിയ അപകടസാധ്യതയില്ലാത്ത ചെറുപ്പക്കാർക്കു പ്രതിരോധ കുത്തിവയ്പ് നടത്തുകയും ചെയ്യുകയാണ്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുമായി വാക്‌സീൻ പങ്കിടാൻ പലരും വിമുഖത കാണിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് വിമർശിച്ചു.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റ ലോകമാകെ വ്യാപിക്കുന്നതിനാൽ ആഫ്രിക്കയിൽ രോഗബാധയിലും മരണത്തിലും കഴിഞ്ഞയാഴ്ചത്തേക്കാൾ 40% വർധനയുണ്ടയി. വളരെ അപകടകരമായ സ്ഥിതിയാണിതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഗോള സമൂഹം എന്ന നിലയിൽ നമ്മുടെ ലോകം പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. എച്ച്‌ഐവി / എയ്ഡ്‌സ് പ്രതിസന്ധിയുടെ കാലത്ത്, ആഫ്രിക്കൻ രാജ്യങ്ങൾക്കു സങ്കീർണമായ ചികിത്സകൾക്കു സാധിക്കില്ലെന്നു ചിലർ വാദിച്ചിരുന്നതിന് തുല്യമായ സന്ദർഭമാണിപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയ്ക്ക് ലോകരാജ്യങ്ങൾ വാക്‌സിൻ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.