ദരിദ്ര രാജ്യങ്ങളിൽ കോവിഡ് വാക്‌സിൻ കിട്ടാനില്ല; വാക്‌സിനേഷനിൽ ആഗോള തലത്തിലുള്ള അസമത്വത്തെ അപലപിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ദരിദ്ര രാജ്യങ്ങളിൽ കോവിഡ് വാക്‌സിൻ കിട്ടാനില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വാക്‌സിനേഷനിൽ ആഗോള തലത്തിലുള്ള അസമത്വത്തെ ലോകാരോഗ്യ സംഘടന അപലപിക്കുകയും ചെയ്തു. സമ്പന്ന രാജ്യങ്ങൾ സൊസൈറ്റികൾ തുറക്കുകയും വലിയ അപകടസാധ്യതയില്ലാത്ത ചെറുപ്പക്കാർക്കു പ്രതിരോധ കുത്തിവയ്പ് നടത്തുകയും ചെയ്യുകയാണ്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുമായി വാക്‌സീൻ പങ്കിടാൻ പലരും വിമുഖത കാണിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് വിമർശിച്ചു.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റ ലോകമാകെ വ്യാപിക്കുന്നതിനാൽ ആഫ്രിക്കയിൽ രോഗബാധയിലും മരണത്തിലും കഴിഞ്ഞയാഴ്ചത്തേക്കാൾ 40% വർധനയുണ്ടയി. വളരെ അപകടകരമായ സ്ഥിതിയാണിതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഗോള സമൂഹം എന്ന നിലയിൽ നമ്മുടെ ലോകം പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. എച്ച്‌ഐവി / എയ്ഡ്‌സ് പ്രതിസന്ധിയുടെ കാലത്ത്, ആഫ്രിക്കൻ രാജ്യങ്ങൾക്കു സങ്കീർണമായ ചികിത്സകൾക്കു സാധിക്കില്ലെന്നു ചിലർ വാദിച്ചിരുന്നതിന് തുല്യമായ സന്ദർഭമാണിപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയ്ക്ക് ലോകരാജ്യങ്ങൾ വാക്‌സിൻ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.