മുംബൈ: ഏപ്രില്‍ ഒന്നിനും ജൂണ്‍ 15 നും ഇടയില്‍ നടത്തിയ സിറോ സര്‍വേ പ്രകാരം മുംബൈയില്‍ 18 വയസില്‍ താഴെയുള്ള 51 ശതമാനം കുട്ടികളിലും കോവിഡ് ആന്റിബോഡി കണ്ടെത്തി. നഗരത്തിലെ വിവിധയിടങ്ങളില്‍ നിന്നു ശേഖരിച്ച 2,176 സാംപിളുകളില്‍ 10-18 പ്രായഗ്രൂപ്പിലുള്ള കുട്ടികളില്‍ 53.43 ശതമാനത്തിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തി.
15-18 ഗ്രൂപ്പില്‍ 51.39 ശതമാനവും ഒന്നിനും നാലിനും ഇടയില്‍ 51.04 ശതമാനവുമാണ് കണ്ടെത്തിയത്. ഒരു വയസിനും 18 വയസിനും ഇടയിലുള്ള കുട്ടികളുടെ സിറോ പ്രിവലന്‍സ് റേറ്റ് 51.18 ശതമാനമാണ്. ആറ്-എട്ട് ആഴ്ചകള്ക്കുള്ളില്‍ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പു നല്കിയതിനു പിന്നാലെയാണ് മുംബൈയിലെ കുട്ടികളുടെ സിറോ സര്‍വേ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

