മൊഡേണ വാക്‌സിൻ; അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡിസിജിഐ

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കി രാജ്യം. കോവിഡിനെതിരെ ഒരു വാക്സിന് കൂടി രാജ്യത്ത് അനുമതി നൽകി. മൊഡേണ വാക്സിനാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയത്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ)യാണ് വാകിസിന്റെ ഉപയോഗത്തിന് അനുമതി നൽകിയത്.

വാക്സിൻ ഇറക്കുമതി ചെയ്യാൻ അനുമതി തേടി മരുന്ന് നിർമ്മാണ കമ്പനിയായ സിപ്ലയാണ് ഡിസിജിഐയെ സമീപിച്ചത്. 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകണമെന്നായിരുന്നു സിപ്ലയുടെ ആവശ്യം. നിലവിൽ, കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് V എന്നീ വാക്‌സിനുകൾ രാജ്യത്ത് വിതരണാനുമതി ലഭിച്ചിരിക്കുന്നത്.

മൊഡേണ വാക്സിൻ ഇറക്കുമതി ചെയ്യാനുള്ള അനുമതി തേടി സിപ്ല കഴിഞ്ഞ ദിവസമാണ് ഡ്രഗ് കൺട്രോളറെ സമീപിച്ചത്. മൊഡേണ വാക്സിന് 90 ശതമാനത്തോളം പ്രതിരോധ ശേഷിയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ വാക്‌സിന് ലഭിച്ചിരിക്കുന്നത്. അമേരിക്കയിൽ 12 കോടിയോളം ആളുകൾക്ക് ഫൈസർ, മൊഡേണ വാക്സിനുകളാണ് നൽകിയിരിക്കുന്നത്.