12 വയസിനുമേൽ പ്രായമുള്ള കുട്ടികൾക്ക് ഓഗസ്റ്റോടെ കോവിഡ് വാക്സിൻ ലഭ്യമായേക്കും; ഐസിഎംആർ

ന്യൂഡൽഹി: രാജ്യത്ത് 12 വയസിനുമേൽ പ്രായമുള്ള കുട്ടികൾക്ക് ഓഗസ്റ്റോടെ കോവിഡ് വാക്സിൻ ലഭ്യമായേക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് മൂന്നാം തരംഗം വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും ഐസിഎംആർ അറിയിച്ചു. അതിനാൽ രാജ്യത്തെ ജനങ്ങൾക്കും വാക്സിൻ കുത്തിവെക്കാൻ ആറ് മുതൽ എട്ട് മാസം വരെ സാവകാശം ലഭിച്ചേക്കുമെന്ന് ഐസിഎംആർ കോവിഡ് വർക്കിങ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ.കെ അറോറ വ്യക്തമാക്കി.

വരും ദിവസങ്ങളിൽ പ്രതിദിനം ഒരുകോടി പേർക്ക് വാക്സിൻ കുത്തിവെക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. സൈഡസ് കാഡില വാക്സിന്റെ പരീക്ഷണം ഏതാണ്ട് പൂർത്തിയായി ക്കഴിഞ്ഞു. ജൂലായ് അവസാനത്തോടെയോ ആഗസ്റ്റോടെയോ ഈ വാക്സിൻ 12 – 18 പ്രായപരിധിയിലുള്ള കുട്ടികൾക്ക് കുത്തിവച്ച് തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം കുട്ടികൾക്കും വാക്സിൻ ലഭ്യമാക്കുന്നത് കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായകമാകുമെന്നാണ് എയിംസ് മേധാവി അറിയിച്ചിരിക്കുന്നത്. സ്‌കൂളുകൾ തുറക്കാൻ ഇത് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഉപയോഗിച്ച് രണ്ട് മുതൽ 18 വയസുവരെയുള്ള കുട്ടികളിൽ നടത്തിയ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ സെപ്റ്റംബറിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ സമയം ആകുമ്പോഴേക്കും രാജ്യത്തെ കുട്ടികൾക്ക് വാക്സിൻ ലഭ്യമായേക്കും. ഫൈസർ വാക്സിന് അനുമതി ലഭിച്ചാൽ അതും കുട്ടികൾക്ക് വിതരണം ചെയ്യാം.