Health (Page 166)

തിരുവനന്തപുരം: ഒറ്റ ദിവസം കൊണ്ട് നാലര ലക്ഷം പേർക്ക് വാക്സിൻ നൽകി കേരളം. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ ലഭിച്ചാൽ ഏറ്റവും നന്നായി കൊടുത്തു തീർക്കും എന്ന് കേരളം ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണെന്ന് വീണാ ജോർജ് പറഞ്ഞു. ഇന്നലെ വൈകുന്നേരം ലഭിച്ച 2 ലക്ഷം ഡോസ് വാക്‌സിനും ചേർത്ത് ഇന്ന് രാവിലെ കേരളത്തിൽ ഉണ്ടായിരുന്നത് 602980 ഡോസ് വാക്‌സിനാണെന്ന് മന്ത്രി അറിയിച്ചു.

ഇന്ന് വന്ന 38,860 ഡോസ് കോവാക്സിൻ ഉൾപ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. മികച്ച രീതിയിൽ വാക്സിൻ നൽകുന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് സംസ്ഥാനത്തെ വാക്സിനേഷൻ. ആരോഗ്യ പ്രവർത്തകർക്കും മുന്നണി പേരാളികൾക്കുമുള്ള ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനത്തിലെത്തിച്ചു. ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേർക്കാണ് വാക്സിൻ നൽകിയത്. ഇതോടെ ഒരു ദിവസം 4 ലക്ഷത്തിന് മുകളിൽ വാക്സിൻ നൽകാൻ കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് 1522 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തിൽ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. അര ലക്ഷത്തിലധികം പേർക്ക് ഇന്ന് മൂന്ന് ജില്ലകൾ വാക്സിൻ നൽകി. 59,374 പേർക്ക് വാക്സിൻ നൽകിയ കണ്ണൂർ ജില്ലയാണ് മുമ്പിൽ. 53,841 പേർക്ക് വാക്സിൻ നൽകി തൃശൂർ ജില്ലയും 51,276 പേർക്ക് വാക്സിൻ നൽകി കോട്ടയം ജില്ല തൊട്ട് പുറകിലുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,83,89,973 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,28,23,869 പേർക്ക് ഒന്നാം ഡോസ് വാക്സിനും 55,66,104 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 2011ലെ സെൻസസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേർക്ക് ഒന്നാം ഡോസും 16.66 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഈ സെൻസസ് അനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 53.43 ശതമാനം പേർക്ക് ഒന്നാം ഡോസും 23.19 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഇത് കേന്ദ്ര ശരാശരിയേക്കാൾ വളരെ മുന്നിലാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

amster mims

കോഴിക്കോട് : ഹൃദയത്തിന്റെ മഹാധമനിയിലുണ്ടായ വീക്കത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗിയുടെ ജീവന്‍ അതീവ സങ്കീര്‍ണ്ണമായ ഡേവിഡ് പ്രൊസീജ്യറിലൂടെ രക്ഷിച്ചെടുത്തു. ഹൃദയത്തെയും ധമനികളേയും ബാധിക്കുന്ന രോഗാവസ്ഥകളില്‍ ഏറ്റവും സങ്കീര്‍ണ്ണമായ ഒന്നായ മഹാധമനിയിലെ അന്യൂറിസം ബാധിച്ചാണ് വടകര സ്വദേശിയായ 58 വയസ്സുകാരന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സ തേടിയെത്തിയത്. അടിയന്തര ശസ്ത്രക്രിയ നിര്‍വ്വഹിക്കുവാന്‍ വൈകുന്ന ഓരോ മണിക്കൂറിലും രോഗിയുടെ ജീവന്‍ രക്ഷപ്പെടാനുള്ള സാധ്യത 10% കണ്ട് കുറയും എന്നതാണ് ഈ രോഗാവസ്ഥയുടെ ഏറ്റവും വലിയ വെല്ലുവിളി.

മഹാധമനിയില്‍ സംഭവിക്കുന്ന വീക്കത്തിന് പൊട്ടല്‍ സംഭവിച്ചാല്‍ ഉടനടിയുള്ള മരണമായിരിക്കും രോഗിയെ കാത്തിരിക്കുന്ന വിധി. ഈ അവസ്ഥയില്‍ ചികിത്സ തേടിയെത്തുന്ന സാഹചര്യത്തില്‍ മഹാധമനിയുടെ അസുഖം ബാധിച്ച ഭാഗം മുറിച്ച് മാറ്റിയ ശേഷം കൊറോണറി ആര്‍ട്ടറികളും കൃത്രിമ അയോര്‍ട്ടിക് വാല്‍വും കൃത്രിമ മഹാധമനിയിലേക്ക് വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ രീതിയില്‍ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ച് ജീവന്‍ രക്ഷിച്ചെടുത്താല്‍ രോഗി ജീവിതകാലം മുഴുവന്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കഴിക്കേണ്ടി വരും. ഇത് പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുകയും, തുടര്‍ച്ചയായി കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തേണ്ടി വരുന്നത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാക്കുകയും ചെയ്യും.

ഈ സാഹചര്യത്തെ കൂടി പരിഗണിച്ചാണ് അയോര്‍ട്ടിക് വാല്‍വ് മുറിച്ച് മാറ്റാതെ അസുഖബാധിതമായ മഹാധമനിമാത്രം നീക്കം ചെയ്യുന്ന ഡേവിഡ്‌സ് ചികിത്സാ രീതി നിര്‍വ്വഹിക്കാന്‍ തീരുമാനിച്ചത്. യഥാര്‍ത്ഥത്തില്‍ ഹൃദയം മാറ്റിവെക്കുന്ന ശസ്ത്രക്രിയയേക്കാള്‍ മൂന്ന് മടങ്ങ് സങ്കീര്‍ണ്ണതകളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ് ഡേവിഡ്‌സ് പ്രൊസീജ്യര്‍ എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. അനില്‍ ജോസ് പറഞ്ഞു. ഡോ. ശരത് (സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയാക് അനസ്‌തേഷ്യ), ഡോ. ഷബീര്‍ (കണ്‍സല്‍ട്ടന്റ്, കാര്‍ഡിയാക് അനസ്‌തേഷ്യ), ഗിരീഷ് എച്ച് (പെര്‍ഫ്യൂഷനിസ്റ്റ്) എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചു.

covid

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ആരംഭിക്കാന്‍ തീരുമാനമായി. സെപ്റ്റംബറോടു കൂടി വാക്‌സിന്‍ നല്‍കാന്‍ തീരുമാനമായെന്ന് എയിംസ് മേധാവി ഡോ റണ്‍ദീപ് ഗുലേറിയയാണ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചിരിക്കുന്നത്.

സൈഡസ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും, ഓഗസ്റ്റോടെയോ സെപ്റ്റംബറോടെ അവസാനിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ പരീക്ഷണം അവസാനിക്കുമ്പോഴേക്കും രാജ്യത്തിന് അനുമതി ലഭിക്കണം. മാത്രമല്ല, ഫൈസര്‍ വാക്സിന്‍ യുഎസ് റെഗുലേറ്റര്‍ – ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ, സെപ്റ്റംബറോടെ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും, ഇത് കോവിഡ് വ്യാപനത്തെ തടയാന്‍ വളരെയധികം സഹായകമാകുമെന്നും എയിംസ് മേധാവി വ്യക്തമാക്കി.

സെപ്റ്റംബറോടെ 12 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സൈഡസ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ സംബന്ധിച്ച ദേശീയ വിദഗ്ദ്ധ സംഘത്തിന്റെ തലവനായ ഡോ. എന്‍.കെ അറോറ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എയിംസ് തലവന്റെ സ്ഥിരീകരണവും പുറത്തുവന്നിരിക്കുന്നത്.

മോഡേണ കൊറോണ വൈറസ് വാക്സിന്‍ 12 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ യൂറോപ്യന്‍ മെഡിക്കല്‍ ബോഡി വെള്ളിയാഴ്ച അംഗീകരിച്ചിരുന്നു. മാത്രമല്ല, 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ബയോ എന്‍ടെക് വാക്സിന്‍ നല്‍കാനുള്ള അനുമതി മെയ് മാസത്തില്‍ അമേരിക്കയും നല്‍കിയിരുന്നു.

ഇന്ത്യയില്‍ 42 കോടി ഡോസ് വാക്സിന്‍ ആണ് ഇതുവരെ നല്‍കിയിട്ടുള്ളത്. ഈ വര്‍ഷാവസാനത്തോടെ ജനസംഖ്യയിലെ മുതിര്‍ന്നവരെ പൂര്‍ണമായി വാക്സിനേറ്റ് ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യം.

തിരുവനന്തപുരം : കേരളത്തിലെ കോവിഡ് വാക്‌സിന്‍ വിതരണം സമ്പൂര്‍ണ പരാജയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കോവിഡിനെ മുതലെടുത്ത് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ വാക്‌സിന്‍ വിതരണത്തിലും രാഷ്ട്രീയം കലര്‍ത്തുകയാണ്.

വാക്‌സിന്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും, അത് കിട്ടാതെ മടങ്ങേണ്ടി വന്ന നൂറുകണക്കിന് സാധാരണക്കാരുടെ പരാതിക്ക് പരിഹാരം കാണാനാണ് നിലമേല്‍ പഞ്ചായത്ത് പ്രസിഡന്റും മറ്റുള്ള മെമ്പര്‍മാരും ആശുപത്രി സന്ദര്‍ശിച്ചത്. അവരുടെ പരാതി കേള്‍ക്കുക പോലും ചെയ്യാതെ വനിത മെമ്പര്‍മാരോട് പോലും തട്ടിക്കയറിയ ഡോക്ടറെയാണ് യഥാര്‍ത്ഥത്തില്‍ പ്രതിയാക്കി കേസെടുക്കേണ്ടത്.

വ്യക്തമായ അന്വേഷണവും കൃത്യമായ തെളിവുകളുമില്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ ഗുണ്ടായിസ്സമാണ്. ജനാധിപത്യ വിരുദ്ധമാണ്. ഇതിനെ അതിശക്തമായി തന്നെ കോണ്‍ഗ്രസ് നേരിടും.

എന്തുകൊണ്ടാണ് വാക്‌സിന്‍ സ്ലോട്ടുകള്‍ തുറക്കുന്ന സമയം ജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്.? ആരോഗ്യ രംഗത്തെ സിപിഎം അനുകൂലികള്‍ വഴി സിപിഎം ബ്രാഞ്ച്/ ലോക്കല്‍ കമ്മിറ്റികള്‍ക്ക് സ്ലോട്ട് ഓപണ്‍ ആകുന്ന സമയത്തെക്കുറിച്ചുള്ള വിവരം മുന്‍പേ ലഭിക്കുന്നുവെന്ന ആക്ഷേപം വ്യാപകമായി നിലനില്ക്കുന്നുണ്ട്. അവരുമായി ബന്ധപ്പെടുന്നവര്‍ക്ക് യാതൊരു തര്‍ക്കവുമില്ലാതെ വാക്‌സിന്‍ ലഭിക്കുന്നു. രക്ഷിതാക്കളുടെ വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ പഠന സമയം പൂര്‍ണമായും നഷ്ടപ്പെടുത്തി ഇന്റര്‍നെറ്റിന് മുന്നിലിരിക്കേണ്ടി വരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ഇതിനോടകം തന്നെ കേട്ടിട്ടുണ്ട്. ജോലി ചെയ്യേണ്ടുന്ന സമയം മുഴുവനായും വീട്ടിലെ മുതിര്‍ന്നവരുടെ വാക്‌സിന്‍ ബുക്ക് ചെയ്യാന് മാറ്റി വെക്കേണ്ടുന്ന ഗതികേടിലേയ്ക്ക് കേരളത്തിലെ യുവാക്കളും എത്തിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

തൊഴിലെടുക്കുകയും മാതാപിതാക്കളെ നോക്കുകയും, കുടുബം പുലര്‍ത്തുകയും ചെയ്യുന്ന ലക്ഷക്കണക്കിന് യുവാക്കളും സര്‍ക്കാരിന്റെ പിടിവാശിയില്‍ പൊതുഗതാഗതം ഉപയോഗിക്കാനും പൊതു ഇടങ്ങളില്‍ പരീക്ഷ എഴുതാനും നിര്‍ബദ്ധിതരായ വിദ്യാര്‍ത്ഥികളും നോക്കി നില്‌ക്കെ പാര്‍ട്ടിക്കാരിയായ കമ്മീഷന്‍ അധ്യക്ഷക്ക് പിന്‍വാതില്‍ കൂടി വാക്‌സിന്‍ ലഭിച്ചത് സര്ക്കാരിന് സാധാരണക്കാരോടുള്ള സമീപനത്തിന്റെ വ്യക്തമായ ഉദാഹരണമാണ്.

ഇതെല്ലാം മറികടന്നു വാക്‌സിന്‍ ബുക്ക് ചെയുന്നവര്‍ക്ക് പോലും അത് ലഭിക്കുന്നില്ലെന്ന ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്ക്കുന്നത്. അതിന്റെ ചെറിയ പരിച്ഛേദമാണ് നിലമേല്‍ പഞ്ചായത്തില് കണ്ടത്. അലോട്‌മെന്റ് ലഭിച്ചവരെ മാറ്റി നിര്‍ത്തി സിപിഎമ്മിന്റെ ലിസ്റ്റിലുള്ളവര്‍ക്ക് വാക്‌സിന്‍ കൊടുത്തതിനെയാണ് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ചോദ്യം ചെയ്തത്. അത് ജനാധിപത്യ സംസ്‌കാരത്തിന്റെ ഭാഗമാണ്. രോഗ പ്രതിരോധം പിണറായി വിജയന്റെ ഔദാര്യമല്ല, അത് ജനങ്ങളുടെ അവകാശമാണ്.

എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചു കൊണ്ടുള്ള രാഷ്ട്രീയ വിവേചനമാണ് വാക്‌സിന്‍ വിതരണത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത്. അത് കയ്യും കെട്ടി ഞങ്ങള്‍ നോക്കി നില്ക്കുമെന്ന് പിണറായി വിജയന്‍ കരുതണ്ട.

വിരട്ടലും ഭീഷണിപ്പെടുത്തലും കോണ്‍ഗ്രസുകാരോട് വേണ്ട മിസ്റ്റര്‍ പിണറായി വിജയന്‍. പോലീസിനെ ഉപയോഗിച്ചു ഞങ്ങളുടെ പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനാണ് ഉദ്ദേശമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഞങ്ങളും നിര്‍ബന്ധിതരാകും. ഇത് കമ്മ്യൂണിസ്റ്റ് ചൈനയല്ലെന്നും പോലീസ് രാജ് ഇവിടെ വിലപ്പോവില്ലെന്നും കേരള പോലീസിനെയും ഞാന്‍ ഓര്‍മിപ്പിക്കുന്നു.

കേരളത്തിലെ കോവിഡ് പ്രതിരോധവും, വാക്‌സിന്‍ വിതരണവും സമ്പൂര്‍ണ്ണ പരാജയമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേരിട്ടുളള നിയന്ത്രണം ഐസിഎംആര്‍ വിദഗ്ധ സമിതി ഏറ്റെടുക്കണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണ്.

ന്യൂഡല്‍ഹി : സ്റ്റിറോയ്ഡ് ഉപയോഗിച്ച് കോവിഡ് രോഗം ഭേദമായ രോഗികള്‍ക്ക് കരളിന് തകരാറുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ‘രണ്ടാം തരംഗത്തിലെ ഏപ്രില്‍ മെയ് മാസങ്ങളില്‍ കോവിഡ് മുക്തരായ ധാരാളം രോഗികളെ സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് മാസത്തിനിടെ ഏതാണ്ട് 14 കോവിഡ് മുക്തരായ രോഗികളാണ് കരളില്‍ പഴുപ്പു കെട്ടിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് ഗംഗാറാം ആശുപത്രി പ്രൊഫസര്‍ അനില്‍ അറോറ പറഞ്ഞു. 28 നും 74 വയസ്സിനും ഇടയിലുള്ള പത്ത് പുരുഷന്മാരെയും നാല് സ്ത്രീകളെയുമാണ് ആശുപത്രിയെത്തിച്ചത്. മൂന്ന് രോഗികള്‍ക്ക് വയറില്‍ നിന്ന് രക്തം പോകുന്ന അവസ്ഥയുണ്ടായിരുന്നു

അതിനാല്‍ കറുത്ത നിറത്തിലായിരുന്നു ഇവര്‍ക്ക് മലം പോയിരുന്നത്. ഇവരില്‍ എട്ട് രോഗികള്‍ക്കാണ് കോവിഡ് ബാധിച്ചപ്പോള്‍ സ്റ്റിറോയ്ഡ് നല്കിയിരുന്നത്. ആറ് രോഗികള്‍ക്ക് കരളില്‍ ഒന്നിലധികം വലിയ പഴുപ്പ് നിറഞ്ഞ മുഴകള്‍ ഉണ്ടായിരുന്നു, അതില്‍ 5 രോഗികള്‍ക്ക് എട്ട് സെന്റിമീറ്ററലിലധികം വലിപ്പമുള്ള അസാധാരണ മുഴകളായിരുന്നു. ഏറ്റവും വലുത് 19 സെന്റിമീറ്റര്‍ വലുപ്പമുള്ളതാണ് , ”അറോറ പറഞ്ഞു.ഇത്തരത്തിലുള്ള മുഴകള്‍ രോഗപ്രതിരോധ ശേഷിയുള്ള രോഗികളില്‍ കാണുന്നത് അപൂര്‍വമാണെന്നും ഡോക്ടര്‍ അറോറ പറഞ്ഞു.

olympics

ന്യൂഡല്‍ഹി : ടോക്യോ ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന താരങ്ങള്‍ക്കുള്ള പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചു. സ്വര്‍ണം നേടുന്ന താരങ്ങള്‍ക്ക് 75 ലക്ഷം രൂപയും വെള്ളി നേടുന്ന താരങ്ങള്‍ക്ക് 40 ലക്ഷവും വെങ്കല മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് 25 ലക്ഷം രൂപയുമാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും ഓരോ ലക്ഷം രൂപ വീതം നല്‍കുമെന്നും ഐഒഎ അറിയിച്ചു. ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ ഓരോ അംഗത്തിനും നിത്യ ചെലവിനായി 50 ഡോളര്‍ വീതം പോക്കറ്റ് അലവന്‍സായി അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി ഐഒഎ 15 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത്ത പറഞ്ഞു.ഇന്ന് ടോക്യോയില്‍ തുടങ്ങുന്ന ഒളിംപിക്‌സ് ഓഗസ്റ്റ് എട്ടിന് സമാപിക്കും.

covid

ബെയ്ജിംഗ്: കോവിഡ് വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് ലോകത്തിന്റെ സംശയങ്ങൾക്ക് മുന്നിൽ കൃത്യമായ മറുപടി നൽകാൻ കഴിയാതെ പരുങ്ങലിലായി ചൈനീസ് ശാസ്ത്രജ്ഞർ. കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ച് വീണ്ടും അന്വേഷണം വേണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചൈന ഇതുവരെ അംഗീകരിച്ചിട്ടില്ല. കോവിഡ് വൈറസ് വുഹാനിലെ ലാബിൽ നിന്നും ചോർന്നതാണെന്നും മനുഷ്യ നിർമ്മിതമാണെന്നുമാണ് പൊതുവെ ഉയരുന്ന ആരോപണം. അന്വേഷണത്തോട് സഹകരിക്കാതിരിക്കുന്ന ചൈനയുടെ മനോഭാവമാണ് ഈ ആരോപണത്തിൽ ഴമ്പുണ്ടെന്ന നിഗമനത്തിലേക്ക് ലോകരാജ്യങ്ങളെ എത്തിക്കുന്നത്.

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന വൈറസാണ് കോവിഡിന് കാരണമാകുന്നതെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. കോവിഡ് വൈറസ് ലാബിൽ നിന്ന് ചോർന്നതാണെന്ന വാദത്തിന് തെളിവുകളൊന്നുമില്ലെന്നാണ് വീണ്ടും വീണ്ടും ചൈന ആവർത്തിക്കുന്നത്. ചെനീസ് ഉന്നത ശാസ്ത്ര ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച ബെയ്ജിംഗിൽ വെച്ചും ഇക്കാര്യം ആവർത്തിച്ചിരുന്നു. മനുഷ്യ നിർമ്മിതമെന്ന വാദം നിലനിൽക്കില്ല. വുഹാൻ ലബോറട്ടറിയിൽ ഒരിക്കലും വൈറസ് ഉണ്ടായിരുന്നില്ലെന്നും ലാബ് ലീക്ക് അന്വേഷണം കൂടുതലായി നടത്തേണ്ട ആവശ്യമില്ലെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ ആവശ്യത്തിനോടുള്ള മറുപടിയായി ചൈന പറയുന്നത്. കോവിഡ് കണ്ടെത്തിയെന്ന് കരുതുന്ന പ്രാഥമിക ഉറവിട വസ്തുക്കളിലേക്ക് വിദേശ അന്വേഷക സംഘങ്ങളെ പ്രവേശിപ്പിക്കുവാൻ ചൈന തയ്യാറല്ല.

covid

ജനീവ: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. കോവിഡ് ഡെൽറ്റ വകഭേദം വരും മാസങ്ങളിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. 124 രാജ്യങ്ങളിലാണു നിലവിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ചത്തെക്കാൾ 13 രാജ്യങ്ങളിൽ കൂടി ഡെൽറ്റ സാന്നിധ്യം പുതുതായി സ്ഥിരീകരിച്ചുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും ശേഖരിച്ച കോവിഡ് സാംപിളുകളിൽ 75 ശതമാനത്തിലും ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. മറ്റുള്ള എല്ലാ വകഭേദങ്ങൾക്കുമേലും ഡെൽറ്റ ആധിപത്യം സ്ഥാപിക്കുമെന്നും ഇനിയുള്ള മാസങ്ങളിൽ രോഗവ്യാപനത്തിനു വഴിതെളിക്കുക ഈ വകഭേദമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ബ്രിട്ടനിൽ ആദ്യം സ്ഥിരീകരിച്ച ആൽഫ വകഭേദവും ദക്ഷിണാഫ്രിക്കയിൽ ആദ്യം സ്ഥിരീകരിച്ച ബീറ്റയും ബ്രസീലിൽ ആദ്യം സ്ഥിരീകരിച്ച ഗാമ വകഭേദവും ആശങ്കയ്ക്ക് വഴി വെയ്ക്കുന്നുണ്ട്. 180 രാജ്യങ്ങളിലാണ് ആൽഫാ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. ബീറ്റ വകഭേദം 130 രാജ്യങ്ങളിലും ഗാമ 78 രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 20 മുതലുള്ള 4 ആഴ്ചകളിൽ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബോട്‌സ്വാന, ബ്രിട്ടൻ, ചൈന, ഡെൻമാർക്ക്, ഇന്ത്യ, ഇന്തൊനീഷ്യ, ഇസ്രായേൽ, പോർച്ചുഗൽ, റഷ്യ, സിംഗപ്പുർ, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിൽനിന്നു ശേഖരിച്ച സാർസ്‌കോവ്-2 സീക്വൻസുകളിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം 75 ശതമാനത്തിൽ അധികമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

34 ലക്ഷം കോവിഡ് കേസുകളാണ് ജൂലൈ 12 മുതൽ 18 വരെയുള്ള കാലയളവിൽ ലോകത്താകമാനം പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുൻപത്തെ ആഴ്ചയെക്കാൾ രോഗവ്യാപനത്തിൽ 12 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. രോഗവ്യാപനം ഇതേ നിരക്കിൽ തുടർന്നാൽ അടുത്ത 3 ആഴ്ചയ്ക്കുള്ളിൽ ലോകത്തെ 20 കോടി ആളുകളിൽ രോഗം പുതുതായി സ്ഥിരീകരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. രോഗവ്യാപനം വർധിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ചും ലോകാരോഗ്യ സംഘടന വിശദീകരിച്ചു. വ്യാപന ശക്തി കൂടുതലുള്ള പുതിയ വകഭേദങ്ങൾ, സുരക്ഷാ മുൻകരുതലുകളിലെ ഇളവുകൾ, സാമൂഹിക ഒത്തുചേരലുകൾ, ഇപ്പോഴും വാക്‌സീൻ സ്വീകരിക്കാത്തവരായുള്ള ആളുകൾ തുടങ്ങിയ കാരണങ്ങൾ മൂലമാണ് രോഗവ്യാപനത്തിന്റെ തോത് ഉയരുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ന്യൂഡല്‍ഹി: പക്ഷിപ്പനി ബാധിച്ച് പതിനൊന്നുകാരന്‍ മരിച്ചു. ഡല്‍ഹി എയിംസിലാണ് സംഭവം. രാജ്യത്ത് ആദ്യമായാണ് പക്ഷിപ്പനി വൈറസായ എച്ച്5എന്1 സ്ഥിരീകരിക്കുന്നത്.കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആശുപത്രി ജീവനക്കാര്‍ക്ക് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് ജനുവരി ആദ്യം പക്ഷിപ്പനി പടര്‍ന്നു പിടിച്ചിരുന്നു. എന്നാല്‍ മനുഷ്യരില്‍ ബാധിക്കാത്ത എച്ച്5എന്‍8 വൈറസ് സാന്നിധ്യമായിരുന്നു സ്ഥിരീകരിച്ചത്.പക്ഷികളില്‍ കടുത്ത ശ്വാസകോശ അണുബാധയുണ്ടാക്കുന്ന രോഗമാണ് പക്ഷിപ്പനി. എന്നാല്‍ ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്ന സാധ്യത കുറവാണന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

mims

കോഴിക്കോട് : ആസ്റ്റര്‍ മിംസിലെ ഒഫ്താല്‍മോളജി വിഭാഗം കൂടുതല്‍ സൗകര്യങ്ങളോടെ വിപുലീകരിച്ചു. നേത്ര ബാങ്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇതിനോടനുബന്ധിച്ച് ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ സേവന ലഭ്യത ഉറപ്പ് വരുത്തുന്ന രീതിയിലാണ് പുതിയ ഡിപ്പാര്‍ട്ട്മെന്റ് സജ്ജീകരിച്ചിരിക്കുന്നത്.

നവീകരിച്ച സെന്ററിന്റെ ഉദ്ഘാടനം കോഴിക്കോട് ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍ സിഇഒ ഫര്‍ഹാന്‍ യാസീന്‍ നിര്‍വഹിച്ചു. ചീഫ് ഓഫ് മെഡിക്കല്‍ സെര്‍വിസസ് ഡോ എബ്രഹാം മാമ്മന്‍, ഡോ സുനിത മാത്യു (സീനിയര്‍ കണ്‍സള്‍ട്ടണ്ട് ആന്‍ഡ് ഹെഡ് ഒഫ്താല്‍മോളജി), ഡോ ശര്‍മിള എം വി( സീനിയര്‍ കണ്‍സള്‍റ്റന്റ് ആന്‍ഡ് റെറ്റിന സ്‌പെഷ്യലിസ്‌റ്), ഡോ സുജിത് വി നായനാര്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ്& ക്യാറ്റ്‌റാറ്റ്, കോര്‍ണിയ ആന്‍ഡ് റീഫ്‌റാക്റ്റീവ് സര്‍ജന്‍) ഡോ ഫറാസ് അലി (സീനിയര്‍ കണ്‍സള്‍ട്ടന്റ്) ഡോ നിര്‍മല്‍ എ ജെ ( കണ്‍സള്‍ട്ടന്റ് & പീഡിയാട്രിക് ഓഫ്താല്‍മോളജിസ്‌റ്), ഡോ പ്രവിത അഞ്ചന്‍ (എ ജി എം ഓപ്പറേഷന്‍സ് എന്നിവര്‍ പങ്കെടുത്തു.