Health (Page 167)

covid

ചെന്നൈ: കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടാകുമെന്ന് പഠനം. ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സ്റ്റഡീസിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുള്ള കേരളം, ആർ വാല്യു(റിപ്രൊഡക്ടീവ് ഫാക്ടർ)വിലും മുന്നിലാണെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒരു കോവിഡ് രോഗിയിൽ നിന്ന് എത്ര പേർക്ക് രോഗം പകരുമെന്നു കണക്കാക്കുന്നതാണ് ആർ വാല്യു. വൈറസ് വ്യാപനം എത്ര വേഗത്തിലാണെന്ന് ആർ വാല്യുവിലൂടെ മനസ്സിലാക്കാൻ കഴിയും. കേരളത്തിലെ ആർ വാല്യു 1.11 ശതമാനമാണെന്നാണ് പഠനത്തിൽ പറയുന്നത്. അതായത് രോഗബാധിതരായ 100 പേർ 111 പേരിലേക്കാണ് രോഗം പകർത്തുന്നത്. ആർ വാല്യു ഒന്നിൽ കുറവാണെങ്കിൽ, ഉദാഹരണത്തിന് 0.95 ആണെങ്കിൽ, രോഗം ബാധിച്ച നൂറു പേർ മറ്റ് 95 പേരിലേക്ക് അണുബാധ വ്യാപിപ്പിക്കും എന്നാണ്. ജൂലൈ അവസാനവാരം രാജ്യത്തെ ആർ വാല്യു 0.95 ആയിരുന്നുവെന്ന് പഠനം നടത്തിയ ഗവേഷകർ പറയുന്നു.

ആർ വാല്യു 1 നു മുകളിലാണെങ്കിൽ അത് കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ സൂചനയാണ് നൽകുന്നത്. ആർ വാല്യു ഒന്നിൽ കുറവാണെങ്കിൽ നിലവിലുള്ളതിനേക്കാൾ പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും ഗവേഷകർ വിലയിരുത്തുന്നു. രാജ്യത്തിന്റെ പൊതു സ്ഥിതിയേക്കാൾ കേരളത്തിൽ ആർ വാല്യു കൂടുതലാണെന്നാണ് ഗവേഷകർ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന ആർ വാല്യു കേരളത്തിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പുണെ, ഡൽഹി എന്നിവിടങ്ങളിൽ ആർ വാല്യു ഒന്നിന് അടുത്താണ്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം മൂർധന്യാവസ്ഥയിലെത്തിയതിന് ശേഷം രാജ്യത്തെ ആർ വാല്യു കുറഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും വർധനവ് ഉണ്ടായിരിക്കുകയാണെന്നും ഗവേഷകർ വിശദമാക്കി.

തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രം. പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന് വലിയ വീഴ്ച്ചയുണ്ടായതായി കേന്ദ്രം വിമർശിച്ചു. ഇളവുകൾ നൽകുന്നതിൽ സംസ്ഥാനം വലിയ ജാഗ്രത കാണിക്കണമെന്നാണ് കേന്ദ്രം സംസ്ഥാനത്തിന് നൽകിയ നിർദ്ദേശം. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചു.

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആകെ കോവിഡ് കേസുകളിൽ 50 ശതമാനത്തിലധികം കേരളത്തിലാണെന്നും കേന്ദ്രം വിമർശിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് വീണ്ടും കേസുകൾ കൂടുകയാണ്. അടുത്തിടെ നടന്ന ആഘോഷ പരിപാടികളിൽ ഇളവ് അനുവദിച്ചത് തീവ്ര വ്യാപനത്തിന് കാരണമായെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു.

കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ കേസുകൾ വർധിക്കുന്നതിന്റെ തോത് വളരെ കൂടുതലാണ്. സംസ്ഥാനത്തെ സ്ഥിതിഗതികൾ മനസിലാക്കാൻ കേന്ദ്രത്തിന്റെ മറ്റൊരു സംഘം ഉടൻ കേരളത്തിലെത്തും. ജൂലായ് 10 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് 91,617 പുതിയ കോവിഡ് കേസുകളും 775 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയതിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ ജാഗ്രത പാലിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. രണ്ട് മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണമെന്നും ആൾക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നും വീണാ ജോർജ് അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നത്. പരമാവധി പേരെ പരിശോധന നടത്തി രോഗികളെ കണ്ടെത്തി അവരെ ക്വാറന്റൈനിലാക്കുകയും അവർക്ക് ചികിത്സ നൽകുകയും ചെയ്യുന്നു. ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പരിശോധനയാണ് നടന്നത്. 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 മാത്രമാണുള്ളത്. ഇന്ന് 1,63,098 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. പോസിറ്റീവായ ഒരാളെപ്പോലും വിട്ടുപോകാതിരിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ വകുപ്പുകളും വളരെ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ പൊതു സമൂഹം വളരെ പിന്തുണയാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

ദേശീയ തലത്തിൽ തന്നെ കേരളത്തിന്റെ കോവിഡ് പ്രതിരോധ സംവിധാനം വളരെ മികച്ചതാണെന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണത്തെ കേന്ദ്ര സംഘവും ഇതംഗീകരിച്ചതാണ്. സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത് ഡെൽറ്റാ വൈറസാണ്. രണ്ടാം തരംഗത്തിൽ കുതിച്ചുയരാമായിരുന്ന ടി.പി.ആറിനെ വളരെ ദിവസം 10 ശതമാനത്തിൽ തന്നെ നിർത്തിയിരുന്നു. ഇപ്പോൾ ടി.പി. ആർ ചെറുതായി ഉയർന്നെങ്കിലും ആശങ്ക വേണ്ട. കേസിന്റെ കാര്യത്തിൽ ഏപ്രിൽ പകുതിയോടെയാണ് രണ്ടാം തരംഗം ഇവിടെ ആരംഭിച്ചത്. മേയ് മാസത്തിലാണ് 43,000 ത്തിലധികം രോഗികളുണ്ടായത്. ഏറ്റവും പുതിയ സിറോ സർവയലൻസ് സർവേയിൽ കേരളത്തിൽ 42 ശതമാനം പേർക്കാണ് ആന്റിബോഡി കണ്ടെത്തിയത്. ഇനിയും 50 ശതമാനത്തിലധികം പേർക്ക് രോഗം വരാൻ സാധ്യതയുണ്ട്. അവരെ സുരക്ഷിതമാക്കാൻ പരമാവധി പേർക്ക് വാക്സിൻ നൽകാൻ ശ്രമിക്കുകയാണ് കേരളം. ദേശീയ തലത്തിൽ ജനസംഖ്യയുടെ 10 ലക്ഷമെടുത്താൽ ഏറ്റവുമധികം വാക്സിൻ നൽകുന്ന സംസ്ഥാനത്തിലൊന്നാണ് കേരളമെന്നും ആരോഗ്യമന്ത്രി വിശദമാക്കി.

സംസ്ഥാനത്ത് ചികിത്സ കിട്ടാതെയും ഓക്സിജൻ കിട്ടാതേയും ആരും ബുദ്ധിമുട്ടിയിട്ടില്ല. രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഐ.സി.യു.വിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ്. കൂടുതൽ പേർ വാക്സിൻ എടുത്തതിനാൽ അവർ ഗുരുതരാവസ്ഥയിലേക്ക് പോകുന്നില്ല എന്നതാണ് കാണിക്കുന്നത്. കേന്ദ്ര സംഘം നാളെ വൈകുന്നേരം സംസ്ഥാനത്ത് വരുമെന്നറിയിച്ചിട്ടുണ്ടെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

covid

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താത്ക്കാലിക പരിഹാരം. സംസ്ഥാനത്ത് 9,72,590 ഡോസ് വാക്സിൻ കൂടി ലഭ്യമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. 8,97,870 ഡോസ് കോവിഷീൽഡ് വാക്സിനും 74,720 ഡോസ് കോവാക്സിനുമാണ് സംസ്ഥാനത്തിന് ലഭിച്ചത്.

എറണാകുളത്ത് 5 ലക്ഷം കോവീഷീൽഡ് വാക്സിൻ ബുധനാഴ്ച്ച വൈകുന്നേരത്തോടെ എത്തിയിട്ടുണ്ട്. നേരത്തെ എറണാകുളത്ത് 1,72,380 ഡോസ് കോവിഷീൽഡ് വാക്സിനും കോഴിക്കോട് 77,220 ഡോസ് കോവീഷിൽഡ് വാക്സിനും എത്തിയിരുന്നു. തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 1,48,270 ഡോസ് കോവീഷീൽഡ് വാക്സിൻ രാത്രിയോടെ എത്തുന്നതാണ്. ലഭ്യമായ വാക്സിൻ എത്രയും വേഗം വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികൾ പുരോഗമിക്കുന്നതായി ആരോഗ്യ മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇപ്പോൾ ലഭിച്ച വാക്സിൻ മൂന്ന് നാല് ദിവസത്തേക്ക് മാത്രമേയുള്ളൂ. അതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ വാക്സിൻ ആവശ്യമുണ്ട്. വാക്സിൻ ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് എത്രയും വേഗം ആവശ്യമായ വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാർ നടത്തിയ ചർച്ചയിൽ കേരളത്തിന് കൂടുതൽ വാക്സിൻ ഡോസുകൾ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയിരുന്നു.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,90,02,710 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,32,86,462 പേർക്ക് ഒന്നാം ഡോസ് വാക്സിനും 57,16,248 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേർക്ക് ഒന്നാം ഡോസും 16.28 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

സ്തീകളാണ് വാക്സിൻ സ്വീകരിച്ചവരിൽ മുന്നിലുള്ളത്. 98,77,701 സ്ത്രീകളും, 91,21,745 പുരുഷൻമാരുമാണ് വാക്സിനെടുത്തത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 49,27,692 പേർക്കും 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 66,77,979 പേർക്കും 60 വയസിന് മുകളിലുള്ള 73,97,039 പേർക്കും വാക്സിൻ നൽകിയിട്ടുണ്ട്.

തുള്ളിയും കളയാതെ കിട്ടിയതിനേക്കാൾ കൂടുതൽ പേർക്ക് വാക്സിൻ നൽകി ദേശീയ ശ്രദ്ധ നേടിയ സംസ്ഥാനമാണ് കേരളം. കിട്ടിയ വാക്സിൻ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ വാക്സിൻ ഉപയോഗ നിരക്ക് 105.8 ആണ്. അത് തന്നെയാണ് സംസ്ഥാനത്തിന്റെ വാക്സിനേഷന്റെ നേട്ടമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

വിദേശ രാജ്യങ്ങളില്‍ അപകടകരമെന്ന് കണ്ട് നിരോധിച്ച നിരവധി ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ സുലഭമാണ്. ആരോഗ്യത്തിനെ വളരെയധികം ദോഷകരമായി ബാധിക്കുന്നു എന്നുകണ്ട് വിദേശരാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകളും മിഠായികളുമടക്കമാണ് ഇന്ത്യയില്‍ സുലഭമായി ലഭിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിരോധിച്ചതും ഇന്ത്യയില്‍ വില്‍ക്കുന്നതുമായി ചില ഉത്പന്നങ്ങള്‍ പരിചയപ്പെടാം. ഇവയില്‍ പലതും നമ്മള്‍ ദിവസേന ഉപയോഗിക്കുന്നതാണെന്നതാണ് ശ്രദ്ധേയം.

കിന്‍ഡര്‍ ജോയ്

ഇന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട മിഠായികളില്‍ മുന്‍പന്തിയില്‍ തന്നെയാണ് കിന്‍ഡര്‍ ജോയിയുടെ സ്ഥാനം. എന്നാല്‍, യുഎസില്‍ ഇത് കുട്ടികളുടെ ആരോഗ്യത്തിന് അപകടകരമാണെന്ന് മനസ്സിലാക്കി വില്‍പ്പന നിരോധിച്ചിരിക്കുന്ന ഉത്പന്നമാണ്. യുഎസില്‍ നിങ്ങള്‍ ഇത് വാങ്ങിയാല്‍ നിയമവിരുദ്ധമായ കിന്‍ഡര്‍ എഗ്ഗിന് 2,500 ഡോളര്‍ വരെ പിഴ ഈടാക്കാം. അതേസമയം, ഇന്ത്യയില്‍ ഇതിന്റെ പരസ്യം പോലും പ്രചരിപ്പിക്കുന്നുണ്ട്.

ലൈഫ് ബോയ് സോപ്പ്

കീടാണുക്കള്‍ക്കെതിരെ പൊരുതുന്ന സോപ്പ് എന്ന പര്യായമാണ് ഇന്ത്യയില്‍ ലൈഫ് ബോയിക്കുള്ളത്. എന്നാല്‍, അമേരിക്കയില്‍ ചര്‍മ്മത്തിന് ഹാനികരമായ സോപ്പ് ആയി കണക്കാക്കി ലൈഫ്‌ബോയ് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ചില പ്രത്യേക മൃഗങ്ങളെ കുളിപ്പിക്കാന്‍ മാത്രം അവിടെ ഈ സോപ്പ് ഉപയോഗിക്കുന്നവരുണ്ട്.

റെഡ് ബുള്‍

ഫ്രാന്‍സിലും ഡെന്‍മാര്‍ക്കിലും എനര്‍ജി ഡ്രിങ്ക് ആയ റെഡ് ബുള്‍ നിരോധിച്ചിട്ടുണ്ട്. ലിത്വാനിയയില്‍, 18 വയസ്സിന് താഴെയുള്ളവര്‍ക്കും ഈ എനര്‍ജി ഡ്രിങ്കിന്റെ ഉപഭോഗം നിരോധിച്ചിരിക്കുന്നു. ഈ പാനീയം ഹൃദയാഘാതം, നിര്‍ജ്ജലീകരണം, രക്താതിമര്‍ദ്ദം എന്നിവയ്ക്ക് കാരണമാകുന്നതായി ഈ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പുകള്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ഈ പാനീയം എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളുടയും റെഫ്രിജറേറ്ററില്‍ സുലഭമാണ്.

ഡിസ്പിരിന്‍ ഗുളിക

തലവേദനയില്‍ നിന്ന് ആശ്വാസം നേടാന്‍ നാം സ്ഥിരം കഴിക്കുന്ന സാധാരണ ഗുളികയാണ് ഡിസ്പിരിന്‍. എന്നാല്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിന് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് നിരോധിച്ചിട്ടുണ്ട്.

ജെല്ലി മിായി

അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ജെല്ലി മിഠായിയുടെ വില്‍പ്പന പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. കുട്ടികളില്‍ ശ്വാസതടസ്സം ഉണ്ടാക്കുന്നു എന്ന പേരില്‍ കേസുകള്‍ ഉള്ളതിനാല്‍ അവ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണക്കാക്കിയാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഇവ സുലഭമാണ്.

എന്‍ഡോസള്‍ഫാന്‍, ഡിഡിടി

ഹാനികരമായ ഡിഡിടി, എന്‍ഡോസള്‍ഫാന്‍ എന്നിങ്ങനെ അറുപതിലധികം കീടനാശിനികള്‍ വിദേശത്ത് നിരോധിച്ചിട്ടുണ്ട്. ഈ കീടനാശിനികള്‍ സസ്യങ്ങളിലൂടെ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുകയും മാരകമായ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന കാരണത്താലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.

പാസ്ചറൈസ് ചെയ്യാത്ത പാല്‍

ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്ന അപകടകരമായ സൂക്ഷ്മാണുക്കളും അണുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ യുഎസ്എയിലും കാനഡയിലും പാസ്ചറൈസ് ചെയ്യാത്ത പാല്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ലഭ്യം.

നിമുലിഡ്

അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ എന്നിവയ്ക്ക് പുറമേ ഈ വേദനസംഹാരിയെ മറ്റ് പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നു, കാരണം ഇത് കരളിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ വില്‍പ്പനയുണ്ട്.

ഡി-കോള്‍ഡ് ടോട്ടല്‍

വൃക്കയ്ക്ക് ഹാനികരമാണെന്ന് വ്യക്തമായ ശേഷം ജലദോഷത്തിനുള്ള മരുന്നായ ഡി-കോള്‍ഡ് ടോട്ടല്‍ പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ഈ മരുന്നിന്റെ പരസ്യം സ്ഥിരമായി കാണാം..

ആള്‍ട്ടോ 800

ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ പല രാജ്യങ്ങളിലും നാനോയെപ്പോലെ ആള്‍ട്ടോയും നിരോധിതമാണ്. എന്നാല്‍ ഇന്ത്യന്‍ മിഡില്‍ ക്ലാസ് ഫാമിലിക്കിടയില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന വാഹനമാണിത്.

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന്റെ കണക്കുകൾ നിയമസഭയിൽ വീണാ ജോർജ് അവതരിപ്പിച്ചു.കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാൻ പോകുന്നത്30 ലക്ഷം ഡോസ് വാക്സീനാണെന്നും, ഇതിൽ 22 ലക്ഷം രണ്ടാം ഡോസ് ലഭിക്കേണ്ടവർക്ക് തന്നെ കൊടുക്കേണ്ടതുണ്ടെന്നും സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സീൻ ലഭിച്ചത് 36.95 ശതമാനവും രണ്ടാം ഡോസ് കിട്ടിയവർ 16.01 ശതമാനവുമാണെന്ന് വീണാജോർജ് വ്യക്തമാക്കി
വാക്സീൻ ക്ഷാമം പരിഹരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

സംസ്ഥാനത്തെ വാക്സീൻ സ്പോട്ട് റജിസ്ട്രേഷൻ. കൃത്യമായ മാർഗരേഖയില്ലാത്തതിനാൽ പലയിടത്തും തോന്നും പടിയാണ് വിതരണമെന്ന സംശയമാണ്സംഘർഷങ്ങൾക്കിടയാക്കുന്നതെന്നും വാക്സിൻ വിഭജിച്ച് നൽകേണ്ട ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും ഇതോടെ തമ്മിലടിക്കേണ്ടി വരുന്നു.

പലപ്പോഴും ഒരു വാർഡിലേക്ക് പത്ത് ഡോസ് പോലും കൊടുക്കാൻ പറ്റാതാവുന്നതോടെ പിടിവലിയും അടിയുമാകുന്നു. കേന്ദ്രം നൽകിയിരിക്കുന്ന നിർദേശമൊഴിച്ചാൽ, കൃത്യമായൊരു മാർഗരേഖ സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ നൽകിയിട്ടില്ലെന്നതാണ് പ്രധാന പ്രശ്നം.

തിരുവനന്തപുരം: ഒറ്റ ദിവസം കൊണ്ട് നാലര ലക്ഷം പേർക്ക് വാക്സിൻ നൽകി കേരളം. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ ലഭിച്ചാൽ ഏറ്റവും നന്നായി കൊടുത്തു തീർക്കും എന്ന് കേരളം ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണെന്ന് വീണാ ജോർജ് പറഞ്ഞു. ഇന്നലെ വൈകുന്നേരം ലഭിച്ച 2 ലക്ഷം ഡോസ് വാക്‌സിനും ചേർത്ത് ഇന്ന് രാവിലെ കേരളത്തിൽ ഉണ്ടായിരുന്നത് 602980 ഡോസ് വാക്‌സിനാണെന്ന് മന്ത്രി അറിയിച്ചു.

ഇന്ന് വന്ന 38,860 ഡോസ് കോവാക്സിൻ ഉൾപ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. മികച്ച രീതിയിൽ വാക്സിൻ നൽകുന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് സംസ്ഥാനത്തെ വാക്സിനേഷൻ. ആരോഗ്യ പ്രവർത്തകർക്കും മുന്നണി പേരാളികൾക്കുമുള്ള ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനത്തിലെത്തിച്ചു. ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേർക്കാണ് വാക്സിൻ നൽകിയത്. ഇതോടെ ഒരു ദിവസം 4 ലക്ഷത്തിന് മുകളിൽ വാക്സിൻ നൽകാൻ കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് 1522 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തിൽ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. അര ലക്ഷത്തിലധികം പേർക്ക് ഇന്ന് മൂന്ന് ജില്ലകൾ വാക്സിൻ നൽകി. 59,374 പേർക്ക് വാക്സിൻ നൽകിയ കണ്ണൂർ ജില്ലയാണ് മുമ്പിൽ. 53,841 പേർക്ക് വാക്സിൻ നൽകി തൃശൂർ ജില്ലയും 51,276 പേർക്ക് വാക്സിൻ നൽകി കോട്ടയം ജില്ല തൊട്ട് പുറകിലുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,83,89,973 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,28,23,869 പേർക്ക് ഒന്നാം ഡോസ് വാക്സിനും 55,66,104 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 2011ലെ സെൻസസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേർക്ക് ഒന്നാം ഡോസും 16.66 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഈ സെൻസസ് അനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 53.43 ശതമാനം പേർക്ക് ഒന്നാം ഡോസും 23.19 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഇത് കേന്ദ്ര ശരാശരിയേക്കാൾ വളരെ മുന്നിലാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

amster mims

കോഴിക്കോട് : ഹൃദയത്തിന്റെ മഹാധമനിയിലുണ്ടായ വീക്കത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗിയുടെ ജീവന്‍ അതീവ സങ്കീര്‍ണ്ണമായ ഡേവിഡ് പ്രൊസീജ്യറിലൂടെ രക്ഷിച്ചെടുത്തു. ഹൃദയത്തെയും ധമനികളേയും ബാധിക്കുന്ന രോഗാവസ്ഥകളില്‍ ഏറ്റവും സങ്കീര്‍ണ്ണമായ ഒന്നായ മഹാധമനിയിലെ അന്യൂറിസം ബാധിച്ചാണ് വടകര സ്വദേശിയായ 58 വയസ്സുകാരന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സ തേടിയെത്തിയത്. അടിയന്തര ശസ്ത്രക്രിയ നിര്‍വ്വഹിക്കുവാന്‍ വൈകുന്ന ഓരോ മണിക്കൂറിലും രോഗിയുടെ ജീവന്‍ രക്ഷപ്പെടാനുള്ള സാധ്യത 10% കണ്ട് കുറയും എന്നതാണ് ഈ രോഗാവസ്ഥയുടെ ഏറ്റവും വലിയ വെല്ലുവിളി.

മഹാധമനിയില്‍ സംഭവിക്കുന്ന വീക്കത്തിന് പൊട്ടല്‍ സംഭവിച്ചാല്‍ ഉടനടിയുള്ള മരണമായിരിക്കും രോഗിയെ കാത്തിരിക്കുന്ന വിധി. ഈ അവസ്ഥയില്‍ ചികിത്സ തേടിയെത്തുന്ന സാഹചര്യത്തില്‍ മഹാധമനിയുടെ അസുഖം ബാധിച്ച ഭാഗം മുറിച്ച് മാറ്റിയ ശേഷം കൊറോണറി ആര്‍ട്ടറികളും കൃത്രിമ അയോര്‍ട്ടിക് വാല്‍വും കൃത്രിമ മഹാധമനിയിലേക്ക് വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ രീതിയില്‍ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ച് ജീവന്‍ രക്ഷിച്ചെടുത്താല്‍ രോഗി ജീവിതകാലം മുഴുവന്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കഴിക്കേണ്ടി വരും. ഇത് പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുകയും, തുടര്‍ച്ചയായി കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തേണ്ടി വരുന്നത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാക്കുകയും ചെയ്യും.

ഈ സാഹചര്യത്തെ കൂടി പരിഗണിച്ചാണ് അയോര്‍ട്ടിക് വാല്‍വ് മുറിച്ച് മാറ്റാതെ അസുഖബാധിതമായ മഹാധമനിമാത്രം നീക്കം ചെയ്യുന്ന ഡേവിഡ്‌സ് ചികിത്സാ രീതി നിര്‍വ്വഹിക്കാന്‍ തീരുമാനിച്ചത്. യഥാര്‍ത്ഥത്തില്‍ ഹൃദയം മാറ്റിവെക്കുന്ന ശസ്ത്രക്രിയയേക്കാള്‍ മൂന്ന് മടങ്ങ് സങ്കീര്‍ണ്ണതകളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ് ഡേവിഡ്‌സ് പ്രൊസീജ്യര്‍ എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. അനില്‍ ജോസ് പറഞ്ഞു. ഡോ. ശരത് (സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയാക് അനസ്‌തേഷ്യ), ഡോ. ഷബീര്‍ (കണ്‍സല്‍ട്ടന്റ്, കാര്‍ഡിയാക് അനസ്‌തേഷ്യ), ഗിരീഷ് എച്ച് (പെര്‍ഫ്യൂഷനിസ്റ്റ്) എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചു.

covid

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ആരംഭിക്കാന്‍ തീരുമാനമായി. സെപ്റ്റംബറോടു കൂടി വാക്‌സിന്‍ നല്‍കാന്‍ തീരുമാനമായെന്ന് എയിംസ് മേധാവി ഡോ റണ്‍ദീപ് ഗുലേറിയയാണ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചിരിക്കുന്നത്.

സൈഡസ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും, ഓഗസ്റ്റോടെയോ സെപ്റ്റംബറോടെ അവസാനിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ പരീക്ഷണം അവസാനിക്കുമ്പോഴേക്കും രാജ്യത്തിന് അനുമതി ലഭിക്കണം. മാത്രമല്ല, ഫൈസര്‍ വാക്സിന്‍ യുഎസ് റെഗുലേറ്റര്‍ – ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ, സെപ്റ്റംബറോടെ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും, ഇത് കോവിഡ് വ്യാപനത്തെ തടയാന്‍ വളരെയധികം സഹായകമാകുമെന്നും എയിംസ് മേധാവി വ്യക്തമാക്കി.

സെപ്റ്റംബറോടെ 12 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സൈഡസ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ സംബന്ധിച്ച ദേശീയ വിദഗ്ദ്ധ സംഘത്തിന്റെ തലവനായ ഡോ. എന്‍.കെ അറോറ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എയിംസ് തലവന്റെ സ്ഥിരീകരണവും പുറത്തുവന്നിരിക്കുന്നത്.

മോഡേണ കൊറോണ വൈറസ് വാക്സിന്‍ 12 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ യൂറോപ്യന്‍ മെഡിക്കല്‍ ബോഡി വെള്ളിയാഴ്ച അംഗീകരിച്ചിരുന്നു. മാത്രമല്ല, 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ബയോ എന്‍ടെക് വാക്സിന്‍ നല്‍കാനുള്ള അനുമതി മെയ് മാസത്തില്‍ അമേരിക്കയും നല്‍കിയിരുന്നു.

ഇന്ത്യയില്‍ 42 കോടി ഡോസ് വാക്സിന്‍ ആണ് ഇതുവരെ നല്‍കിയിട്ടുള്ളത്. ഈ വര്‍ഷാവസാനത്തോടെ ജനസംഖ്യയിലെ മുതിര്‍ന്നവരെ പൂര്‍ണമായി വാക്സിനേറ്റ് ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യം.

തിരുവനന്തപുരം : കേരളത്തിലെ കോവിഡ് വാക്‌സിന്‍ വിതരണം സമ്പൂര്‍ണ പരാജയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കോവിഡിനെ മുതലെടുത്ത് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ വാക്‌സിന്‍ വിതരണത്തിലും രാഷ്ട്രീയം കലര്‍ത്തുകയാണ്.

വാക്‌സിന്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും, അത് കിട്ടാതെ മടങ്ങേണ്ടി വന്ന നൂറുകണക്കിന് സാധാരണക്കാരുടെ പരാതിക്ക് പരിഹാരം കാണാനാണ് നിലമേല്‍ പഞ്ചായത്ത് പ്രസിഡന്റും മറ്റുള്ള മെമ്പര്‍മാരും ആശുപത്രി സന്ദര്‍ശിച്ചത്. അവരുടെ പരാതി കേള്‍ക്കുക പോലും ചെയ്യാതെ വനിത മെമ്പര്‍മാരോട് പോലും തട്ടിക്കയറിയ ഡോക്ടറെയാണ് യഥാര്‍ത്ഥത്തില്‍ പ്രതിയാക്കി കേസെടുക്കേണ്ടത്.

വ്യക്തമായ അന്വേഷണവും കൃത്യമായ തെളിവുകളുമില്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ ഗുണ്ടായിസ്സമാണ്. ജനാധിപത്യ വിരുദ്ധമാണ്. ഇതിനെ അതിശക്തമായി തന്നെ കോണ്‍ഗ്രസ് നേരിടും.

എന്തുകൊണ്ടാണ് വാക്‌സിന്‍ സ്ലോട്ടുകള്‍ തുറക്കുന്ന സമയം ജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്.? ആരോഗ്യ രംഗത്തെ സിപിഎം അനുകൂലികള്‍ വഴി സിപിഎം ബ്രാഞ്ച്/ ലോക്കല്‍ കമ്മിറ്റികള്‍ക്ക് സ്ലോട്ട് ഓപണ്‍ ആകുന്ന സമയത്തെക്കുറിച്ചുള്ള വിവരം മുന്‍പേ ലഭിക്കുന്നുവെന്ന ആക്ഷേപം വ്യാപകമായി നിലനില്ക്കുന്നുണ്ട്. അവരുമായി ബന്ധപ്പെടുന്നവര്‍ക്ക് യാതൊരു തര്‍ക്കവുമില്ലാതെ വാക്‌സിന്‍ ലഭിക്കുന്നു. രക്ഷിതാക്കളുടെ വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ പഠന സമയം പൂര്‍ണമായും നഷ്ടപ്പെടുത്തി ഇന്റര്‍നെറ്റിന് മുന്നിലിരിക്കേണ്ടി വരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ഇതിനോടകം തന്നെ കേട്ടിട്ടുണ്ട്. ജോലി ചെയ്യേണ്ടുന്ന സമയം മുഴുവനായും വീട്ടിലെ മുതിര്‍ന്നവരുടെ വാക്‌സിന്‍ ബുക്ക് ചെയ്യാന് മാറ്റി വെക്കേണ്ടുന്ന ഗതികേടിലേയ്ക്ക് കേരളത്തിലെ യുവാക്കളും എത്തിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

തൊഴിലെടുക്കുകയും മാതാപിതാക്കളെ നോക്കുകയും, കുടുബം പുലര്‍ത്തുകയും ചെയ്യുന്ന ലക്ഷക്കണക്കിന് യുവാക്കളും സര്‍ക്കാരിന്റെ പിടിവാശിയില്‍ പൊതുഗതാഗതം ഉപയോഗിക്കാനും പൊതു ഇടങ്ങളില്‍ പരീക്ഷ എഴുതാനും നിര്‍ബദ്ധിതരായ വിദ്യാര്‍ത്ഥികളും നോക്കി നില്‌ക്കെ പാര്‍ട്ടിക്കാരിയായ കമ്മീഷന്‍ അധ്യക്ഷക്ക് പിന്‍വാതില്‍ കൂടി വാക്‌സിന്‍ ലഭിച്ചത് സര്ക്കാരിന് സാധാരണക്കാരോടുള്ള സമീപനത്തിന്റെ വ്യക്തമായ ഉദാഹരണമാണ്.

ഇതെല്ലാം മറികടന്നു വാക്‌സിന്‍ ബുക്ക് ചെയുന്നവര്‍ക്ക് പോലും അത് ലഭിക്കുന്നില്ലെന്ന ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്ക്കുന്നത്. അതിന്റെ ചെറിയ പരിച്ഛേദമാണ് നിലമേല്‍ പഞ്ചായത്തില് കണ്ടത്. അലോട്‌മെന്റ് ലഭിച്ചവരെ മാറ്റി നിര്‍ത്തി സിപിഎമ്മിന്റെ ലിസ്റ്റിലുള്ളവര്‍ക്ക് വാക്‌സിന്‍ കൊടുത്തതിനെയാണ് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ചോദ്യം ചെയ്തത്. അത് ജനാധിപത്യ സംസ്‌കാരത്തിന്റെ ഭാഗമാണ്. രോഗ പ്രതിരോധം പിണറായി വിജയന്റെ ഔദാര്യമല്ല, അത് ജനങ്ങളുടെ അവകാശമാണ്.

എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചു കൊണ്ടുള്ള രാഷ്ട്രീയ വിവേചനമാണ് വാക്‌സിന്‍ വിതരണത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത്. അത് കയ്യും കെട്ടി ഞങ്ങള്‍ നോക്കി നില്ക്കുമെന്ന് പിണറായി വിജയന്‍ കരുതണ്ട.

വിരട്ടലും ഭീഷണിപ്പെടുത്തലും കോണ്‍ഗ്രസുകാരോട് വേണ്ട മിസ്റ്റര്‍ പിണറായി വിജയന്‍. പോലീസിനെ ഉപയോഗിച്ചു ഞങ്ങളുടെ പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനാണ് ഉദ്ദേശമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഞങ്ങളും നിര്‍ബന്ധിതരാകും. ഇത് കമ്മ്യൂണിസ്റ്റ് ചൈനയല്ലെന്നും പോലീസ് രാജ് ഇവിടെ വിലപ്പോവില്ലെന്നും കേരള പോലീസിനെയും ഞാന്‍ ഓര്‍മിപ്പിക്കുന്നു.

കേരളത്തിലെ കോവിഡ് പ്രതിരോധവും, വാക്‌സിന്‍ വിതരണവും സമ്പൂര്‍ണ്ണ പരാജയമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേരിട്ടുളള നിയന്ത്രണം ഐസിഎംആര്‍ വിദഗ്ധ സമിതി ഏറ്റെടുക്കണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണ്.