കേരളത്തിലെ വാക്‌സിന്‍ വിതരണം സമ്പൂര്‍ണ പരാജയമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം : കേരളത്തിലെ കോവിഡ് വാക്‌സിന്‍ വിതരണം സമ്പൂര്‍ണ പരാജയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കോവിഡിനെ മുതലെടുത്ത് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ വാക്‌സിന്‍ വിതരണത്തിലും രാഷ്ട്രീയം കലര്‍ത്തുകയാണ്.

വാക്‌സിന്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും, അത് കിട്ടാതെ മടങ്ങേണ്ടി വന്ന നൂറുകണക്കിന് സാധാരണക്കാരുടെ പരാതിക്ക് പരിഹാരം കാണാനാണ് നിലമേല്‍ പഞ്ചായത്ത് പ്രസിഡന്റും മറ്റുള്ള മെമ്പര്‍മാരും ആശുപത്രി സന്ദര്‍ശിച്ചത്. അവരുടെ പരാതി കേള്‍ക്കുക പോലും ചെയ്യാതെ വനിത മെമ്പര്‍മാരോട് പോലും തട്ടിക്കയറിയ ഡോക്ടറെയാണ് യഥാര്‍ത്ഥത്തില്‍ പ്രതിയാക്കി കേസെടുക്കേണ്ടത്.

വ്യക്തമായ അന്വേഷണവും കൃത്യമായ തെളിവുകളുമില്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ ഗുണ്ടായിസ്സമാണ്. ജനാധിപത്യ വിരുദ്ധമാണ്. ഇതിനെ അതിശക്തമായി തന്നെ കോണ്‍ഗ്രസ് നേരിടും.

എന്തുകൊണ്ടാണ് വാക്‌സിന്‍ സ്ലോട്ടുകള്‍ തുറക്കുന്ന സമയം ജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്.? ആരോഗ്യ രംഗത്തെ സിപിഎം അനുകൂലികള്‍ വഴി സിപിഎം ബ്രാഞ്ച്/ ലോക്കല്‍ കമ്മിറ്റികള്‍ക്ക് സ്ലോട്ട് ഓപണ്‍ ആകുന്ന സമയത്തെക്കുറിച്ചുള്ള വിവരം മുന്‍പേ ലഭിക്കുന്നുവെന്ന ആക്ഷേപം വ്യാപകമായി നിലനില്ക്കുന്നുണ്ട്. അവരുമായി ബന്ധപ്പെടുന്നവര്‍ക്ക് യാതൊരു തര്‍ക്കവുമില്ലാതെ വാക്‌സിന്‍ ലഭിക്കുന്നു. രക്ഷിതാക്കളുടെ വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ പഠന സമയം പൂര്‍ണമായും നഷ്ടപ്പെടുത്തി ഇന്റര്‍നെറ്റിന് മുന്നിലിരിക്കേണ്ടി വരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ഇതിനോടകം തന്നെ കേട്ടിട്ടുണ്ട്. ജോലി ചെയ്യേണ്ടുന്ന സമയം മുഴുവനായും വീട്ടിലെ മുതിര്‍ന്നവരുടെ വാക്‌സിന്‍ ബുക്ക് ചെയ്യാന് മാറ്റി വെക്കേണ്ടുന്ന ഗതികേടിലേയ്ക്ക് കേരളത്തിലെ യുവാക്കളും എത്തിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

തൊഴിലെടുക്കുകയും മാതാപിതാക്കളെ നോക്കുകയും, കുടുബം പുലര്‍ത്തുകയും ചെയ്യുന്ന ലക്ഷക്കണക്കിന് യുവാക്കളും സര്‍ക്കാരിന്റെ പിടിവാശിയില്‍ പൊതുഗതാഗതം ഉപയോഗിക്കാനും പൊതു ഇടങ്ങളില്‍ പരീക്ഷ എഴുതാനും നിര്‍ബദ്ധിതരായ വിദ്യാര്‍ത്ഥികളും നോക്കി നില്‌ക്കെ പാര്‍ട്ടിക്കാരിയായ കമ്മീഷന്‍ അധ്യക്ഷക്ക് പിന്‍വാതില്‍ കൂടി വാക്‌സിന്‍ ലഭിച്ചത് സര്ക്കാരിന് സാധാരണക്കാരോടുള്ള സമീപനത്തിന്റെ വ്യക്തമായ ഉദാഹരണമാണ്.

ഇതെല്ലാം മറികടന്നു വാക്‌സിന്‍ ബുക്ക് ചെയുന്നവര്‍ക്ക് പോലും അത് ലഭിക്കുന്നില്ലെന്ന ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്ക്കുന്നത്. അതിന്റെ ചെറിയ പരിച്ഛേദമാണ് നിലമേല്‍ പഞ്ചായത്തില് കണ്ടത്. അലോട്‌മെന്റ് ലഭിച്ചവരെ മാറ്റി നിര്‍ത്തി സിപിഎമ്മിന്റെ ലിസ്റ്റിലുള്ളവര്‍ക്ക് വാക്‌സിന്‍ കൊടുത്തതിനെയാണ് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ചോദ്യം ചെയ്തത്. അത് ജനാധിപത്യ സംസ്‌കാരത്തിന്റെ ഭാഗമാണ്. രോഗ പ്രതിരോധം പിണറായി വിജയന്റെ ഔദാര്യമല്ല, അത് ജനങ്ങളുടെ അവകാശമാണ്.

എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചു കൊണ്ടുള്ള രാഷ്ട്രീയ വിവേചനമാണ് വാക്‌സിന്‍ വിതരണത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത്. അത് കയ്യും കെട്ടി ഞങ്ങള്‍ നോക്കി നില്ക്കുമെന്ന് പിണറായി വിജയന്‍ കരുതണ്ട.

വിരട്ടലും ഭീഷണിപ്പെടുത്തലും കോണ്‍ഗ്രസുകാരോട് വേണ്ട മിസ്റ്റര്‍ പിണറായി വിജയന്‍. പോലീസിനെ ഉപയോഗിച്ചു ഞങ്ങളുടെ പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനാണ് ഉദ്ദേശമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഞങ്ങളും നിര്‍ബന്ധിതരാകും. ഇത് കമ്മ്യൂണിസ്റ്റ് ചൈനയല്ലെന്നും പോലീസ് രാജ് ഇവിടെ വിലപ്പോവില്ലെന്നും കേരള പോലീസിനെയും ഞാന്‍ ഓര്‍മിപ്പിക്കുന്നു.

കേരളത്തിലെ കോവിഡ് പ്രതിരോധവും, വാക്‌സിന്‍ വിതരണവും സമ്പൂര്‍ണ്ണ പരാജയമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേരിട്ടുളള നിയന്ത്രണം ഐസിഎംആര്‍ വിദഗ്ധ സമിതി ഏറ്റെടുക്കണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണ്.