കോവിഡ് വൈറസ് മനുഷ്യ നിർമ്മിതമോ? കൃത്യമായ മറുപടി നൽകാതെ ചൈന

covid

ബെയ്ജിംഗ്: കോവിഡ് വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് ലോകത്തിന്റെ സംശയങ്ങൾക്ക് മുന്നിൽ കൃത്യമായ മറുപടി നൽകാൻ കഴിയാതെ പരുങ്ങലിലായി ചൈനീസ് ശാസ്ത്രജ്ഞർ. കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ച് വീണ്ടും അന്വേഷണം വേണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചൈന ഇതുവരെ അംഗീകരിച്ചിട്ടില്ല. കോവിഡ് വൈറസ് വുഹാനിലെ ലാബിൽ നിന്നും ചോർന്നതാണെന്നും മനുഷ്യ നിർമ്മിതമാണെന്നുമാണ് പൊതുവെ ഉയരുന്ന ആരോപണം. അന്വേഷണത്തോട് സഹകരിക്കാതിരിക്കുന്ന ചൈനയുടെ മനോഭാവമാണ് ഈ ആരോപണത്തിൽ ഴമ്പുണ്ടെന്ന നിഗമനത്തിലേക്ക് ലോകരാജ്യങ്ങളെ എത്തിക്കുന്നത്.

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന വൈറസാണ് കോവിഡിന് കാരണമാകുന്നതെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. കോവിഡ് വൈറസ് ലാബിൽ നിന്ന് ചോർന്നതാണെന്ന വാദത്തിന് തെളിവുകളൊന്നുമില്ലെന്നാണ് വീണ്ടും വീണ്ടും ചൈന ആവർത്തിക്കുന്നത്. ചെനീസ് ഉന്നത ശാസ്ത്ര ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച ബെയ്ജിംഗിൽ വെച്ചും ഇക്കാര്യം ആവർത്തിച്ചിരുന്നു. മനുഷ്യ നിർമ്മിതമെന്ന വാദം നിലനിൽക്കില്ല. വുഹാൻ ലബോറട്ടറിയിൽ ഒരിക്കലും വൈറസ് ഉണ്ടായിരുന്നില്ലെന്നും ലാബ് ലീക്ക് അന്വേഷണം കൂടുതലായി നടത്തേണ്ട ആവശ്യമില്ലെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ ആവശ്യത്തിനോടുള്ള മറുപടിയായി ചൈന പറയുന്നത്. കോവിഡ് കണ്ടെത്തിയെന്ന് കരുതുന്ന പ്രാഥമിക ഉറവിട വസ്തുക്കളിലേക്ക് വിദേശ അന്വേഷക സംഘങ്ങളെ പ്രവേശിപ്പിക്കുവാൻ ചൈന തയ്യാറല്ല.