കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍, സെപ്റ്റംബറോടെ നല്‍കിത്തുടങ്ങുമെന്ന് എയിംസ് മേധാവി

covid

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ആരംഭിക്കാന്‍ തീരുമാനമായി. സെപ്റ്റംബറോടു കൂടി വാക്‌സിന്‍ നല്‍കാന്‍ തീരുമാനമായെന്ന് എയിംസ് മേധാവി ഡോ റണ്‍ദീപ് ഗുലേറിയയാണ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചിരിക്കുന്നത്.

സൈഡസ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും, ഓഗസ്റ്റോടെയോ സെപ്റ്റംബറോടെ അവസാനിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ പരീക്ഷണം അവസാനിക്കുമ്പോഴേക്കും രാജ്യത്തിന് അനുമതി ലഭിക്കണം. മാത്രമല്ല, ഫൈസര്‍ വാക്സിന്‍ യുഎസ് റെഗുലേറ്റര്‍ – ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ, സെപ്റ്റംബറോടെ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും, ഇത് കോവിഡ് വ്യാപനത്തെ തടയാന്‍ വളരെയധികം സഹായകമാകുമെന്നും എയിംസ് മേധാവി വ്യക്തമാക്കി.

സെപ്റ്റംബറോടെ 12 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സൈഡസ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ സംബന്ധിച്ച ദേശീയ വിദഗ്ദ്ധ സംഘത്തിന്റെ തലവനായ ഡോ. എന്‍.കെ അറോറ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എയിംസ് തലവന്റെ സ്ഥിരീകരണവും പുറത്തുവന്നിരിക്കുന്നത്.

മോഡേണ കൊറോണ വൈറസ് വാക്സിന്‍ 12 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ യൂറോപ്യന്‍ മെഡിക്കല്‍ ബോഡി വെള്ളിയാഴ്ച അംഗീകരിച്ചിരുന്നു. മാത്രമല്ല, 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ബയോ എന്‍ടെക് വാക്സിന്‍ നല്‍കാനുള്ള അനുമതി മെയ് മാസത്തില്‍ അമേരിക്കയും നല്‍കിയിരുന്നു.

ഇന്ത്യയില്‍ 42 കോടി ഡോസ് വാക്സിന്‍ ആണ് ഇതുവരെ നല്‍കിയിട്ടുള്ളത്. ഈ വര്‍ഷാവസാനത്തോടെ ജനസംഖ്യയിലെ മുതിര്‍ന്നവരെ പൂര്‍ണമായി വാക്സിനേറ്റ് ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യം.