Entertainment (Page 94)

കോട്ടയം: കെ.ആര്‍. നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ചെയര്‍മാനായി പ്രശസ്ത സംവിധായകന്‍ സയ്യിദ് അക്തര്‍ മിര്‍സ ചുമതലയേറ്റു. വിദ്യാര്‍ഥികളും ജീവനക്കാരുമായി ആശയ വിനിമയം നടത്തുമെന്നും പുതിയ ചുമതലയെ വലിയ അവസരമായി കാണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍ തന്നെ മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടിനെ മുന്നോട്ട് നയിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും വിദ്യാര്‍ഥികളും ജീവനക്കാരുമായി ആശയ വിനിമയം നടത്തുമെന്നും സയ്യിദ് അക്തര്‍ മിര്‍സ പറഞ്ഞു. ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയാണ് ലക്ഷ്യം. അടൂര്‍ പങ്കുവെച്ചത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണെന്നും അദ്ദേഹം ഒരു മഹാനായ കലാകാരനാണെന്നും മിര്‍സ കൂട്ടിച്ചേര്‍ത്തു. സയ്യിദ് മിര്‍സ ചുമതലയേറ്റതിനെ സ്വാഗതം ചെയ്യുന്നതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്‌സില്‍ മൂന്ന് വിഭാഗങ്ങളില്‍ അവാര്‍ഡ് കരസ്ഥമാക്കി രാജമൗലിയുടെ ‘ആര്‍.ആര്‍.ആര്‍’. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷന്‍ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ആര്‍.ആര്‍.ആറിന്റെ അവാര്‍ഡ് നേട്ടം.

അവാര്‍ഡ് സ്വീകരിച്ച ശേഷം രാജമൗലി ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍ക്കുള്ള പ്രത്യേക നന്ദി അറിയിച്ചു. അവാര്‍ഡ് ലഭിച്ചതിലെ സന്തോഷം വാക്കുകള്‍ കൊണ്ട് വിവരിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. ഗോള്‍ഡന്‍ ഗ്ലോബിലെ പുരസ്‌കാര നേട്ടത്തിന് പിന്നാലെയാണ് ഓസ്‌കര്‍ നാമനിര്‍ദേശം ചിത്രം സ്വന്തമാക്കിയത്.

ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ‘ആര്‍.ആര്‍.ആര്‍’ ലോക ചലച്ചിത്ര ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അജയ് ദേവ്ഗണ്‍, ഒലീവിയ മോറിസ്, ആലിയ ഭട്ട്, സമുദ്രക്കനി, അലിസണ്‍ ഡൂഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കോട്ടയം: യുവ സംവിധായകന്‍ മനു ജെയിംസ് (31) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. അഹാന കൃഷ്ണകുമാര്‍, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍, ലെന, ലാല്‍ തുടങ്ങിയവര്‍ അഭിനയിച്ച ‘നാന്‍സി റാണി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഇദ്ദേഹം.

ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് മരണം. കുറവിലങ്ങാട് ചിറത്തിടത്തില്‍ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂര്‍ പ്ലാത്തോട്ടത്തില്‍ സിസിലി ജെയിംസിന്റെയും മകനാണ്. നൈന മനു ജെയിംസ് ആണ് ഭാര്യ.

2004ല്‍ സാബു ജെയിംസ് സംവിധാനം ചെയ്ത ‘ഐ ആം ക്യുരിയസ്’ എന്ന ചിത്രത്തിലൂടെ ബാല താരമായാണ് ചലച്ചിത്ര പ്രവേശം. പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് ഇന്‍ഡസ്ട്രികളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു.

ന്യൂഡല്‍ഹി: മുഗളന്മാര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ താജ്മഹലും ചെങ്കോട്ടയും പൊളിക്കണമെന്ന നടന്‍ നസിറുദ്ദീന്‍ ഷായുടെ വാക്കുകള്‍ വിവാദത്തില്‍.

നടന്റെ വാക്കുകള്‍

‘മുഗളന്മാര്‍ ഇവിടെ വന്നത് കൊള്ളയടിക്കാനല്ല, ഇവിടെ സ്ഥിരതാമസമാക്കാനാണ് . അവരുടെ സംഭാവന നിഷേധിക്കാനാവില്ല. മുഗളന്മാര്‍ തെറ്റ് ചെയ്തുവെന്ന് തോന്നുന്നുണ്ടെങ്കില്‍ താജ്മഹലും ചെങ്കോട്ടയും പൊളിക്കണം. മുഗളന്മാരുടെ കാലത്താണ് തെറ്റ് സംഭവിച്ചതെന്ന് വിശ്വസിക്കുന്നത് ഞെട്ടിപ്പിക്കുന്നതും പരിഹാസ്യവുമാണ്.

നാദിര്‍ഷായെയും തൈമൂറിനെയും പോലുള്ളവര്‍ കൊള്ളയടിക്കാനാണ് ഇവിടെ എത്തിയത്. എന്നാല്‍, മുഗളന്മാര്‍ ഇവിടെ വന്നത് കൊള്ളയടിക്കാനല്ല, താമസിക്കാനാണ്. ആര്‍ക്കാണ് അവരുടെ സംഭാവന നിഷേധിക്കാന്‍ കഴിയുക? എല്ലാത്തിനും മുഗളന്മാരെ കുറ്റപ്പെടുത്തുന്നത് ചരിത്രത്തോട് നീതി പുലര്‍ത്തില്ല. ചരിത്രപുസ്തകങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തേക്കാള്‍ മുഗളന്മാരെ മഹത്വപ്പെടുത്തുന്നുണ്ട്. മുഗളന്മാര്‍ ഇത്ര മോശക്കാരായിരുന്നുവെങ്കില്‍ എന്തുകൊണ്ട് അവരെ എതിര്‍ക്കുന്നവര്‍ മുഗളന്മാര്‍ പണിത സ്മാരകങ്ങള്‍ പൊളിച്ചുനീക്കുന്നില്ല? അങ്ങനെ എങ്കില്‍ താജ്മഹലും ചെങ്കോട്ടയും കുത്തബ് മിനാറും പൊളിക്കണം.’

നീണ്ട ഇടവേളക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെ തിരിച്ചുവന്നിരിക്കുകയാണ് നടി ഭാവന. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വീഡിയോയിലൂടെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഭാവന.

അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഒരുപാട് ടെന്‍ഷനുണ്ടെന്നും ആദ്യ സിനിമ പുറത്തിറങ്ങുന്ന അതെ ഫീലാണ് ഇപ്പോഴുള്ളതെന്നും ഭാവന പറഞ്ഞു. എല്ലാവരുടെയും പിന്തുണ വേണമെന്നും തിയേറ്ററുകളില്‍ പോയി തന്നെ സിനിമ കാണണമെന്നും ഭാവന ആവശ്യപ്പെട്ടു. നല്ലതും മോശമായതുമായ സിനിമാ റിവ്യൂകള്‍ പങ്കുവെക്കണമെന്നും നടി അറിയിച്ചു.

അതെ സമയം ഭാവനയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് തെന്നിന്ത്യന്‍ സിനിമാ ലോകം. നീണ്ടനാളുകള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ടൈഗര്‍ ഷ്രോഫ്, മാധവന്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, പാര്‍വതി തുടങ്ങിയവര്‍ ഭാവനയ്ക്ക് ആശംസകളുമായി എത്തി. സിനിമയില്‍ ഷറഫുദ്ദീനാണ് നായക വേഷത്തില്‍ എത്തുന്നത്. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ ആറു വര്‍ഷത്തിന് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമാകുന്ന ഭാവനയ്ക്ക് ആശംസകളുമായി സിനിമാ ലോകം. മാധവന്‍, കുഞ്ചാക്കോ ബോബന്‍, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാര്‍വതി തിരുവോത്ത്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവരുടെ വീഡിയോ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ആദില്‍ മൈമുനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷറഫുദ്ദീനാണ് ഭാവനയ്‌ക്കൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിജി ബാല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നു. ബോണ്‍ബോമി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ ഖാദര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണിലാണ് ഭാവന മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ചത്. ഷാജി കൈലാസ്, ഭദ്രന്‍ എന്നിവരുടെ ചിത്രങ്ങളാണ് ഭാവനയുടെ മലയാളത്തിലെ മറ്റ് പ്രോജക്ടുകള്‍.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ വന്‍ വിജയമാണ് നേടിയത്. ഇപ്പോഴിതാ ആയിരം കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. 250 കോടി ചിലവില്‍ ഒരുക്കിയ ചിത്രം. റിലീസ് ചെയ്ത 27 ദിവസം കൊണ്ടാണ് ചരിത്ര നേട്ടം കൈവരിച്ചത്.

ജനുവരി 25 ന് ലോകമെമ്ബാടും റിലീസിനെത്തിയ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 620 കോടിയാണ് നേടിയത്. രാജ്യത്തിന് പുറത്ത് നിന്നും 380 കോടിയും. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം ബോളിവുഡിന്റെ ചരിത്രം തന്നെ മാറ്റിക്കുറിക്കുന്ന ഒന്നായിരുന്നു.

ഹിന്ദി കൂടാതെ തെന്നിന്ത്യന്‍ ഭാഷകളിലും പഠാന്‍ റിലീസിനെത്തിയിരുന്നു. റിലീസിന് മുമ്‌ബേ തന്നെ വിവാദങ്ങളില്‍ കുടുങ്ങിയ ചിത്രമായിരുന്നു പഠാന്‍. ഗാനരംഗത്ത് ദീപിക പദുക്കോണ്‍ കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയടക്കമുള്ള നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സിനിമ റിലീസ് ചെയ്ത ജനുവരി 25 നും വിവിധ ഭാഗങ്ങളില്‍ ചില സിനിമാ തിയേറ്ററുകള്‍ നശിപ്പിച്ചിരുന്നു.

ചുപ്പ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ തനിക്ക് ആദ്യമായി ദാദാ സാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം ലഭിച്ചതില്‍ നന്ദി അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് നന്ദി പറഞ്ഞ് താരം രംഗത്തെത്തിയത്. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് പങ്കിട്ടത്.

‘ഇത് വളരെ പ്രിയപ്പെട്ടത്! ഹിന്ദിയില്‍ എനിക്ക് ലഭിക്കുന്ന ആദ്യ പുരസ്‌കാരം. കൂടാതെ നെഗറ്റീവ് റോളില്‍ മികച്ച നടനുള്ള എന്റെ ആദ്യ പുരസ്‌കാരവും. ഈ ആദരവിന് ദാദസാഹേബ് ഫാല്‍ക്കെ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ ജൂറി അംഗങ്ങളോട് നന്ദി രേഖപ്പെടുത്തുന്നു. എനിക്ക് ശരിക്കും നന്ദി പറയേണ്ടത് ബല്‍ക്കി സാറിനോടാണ്. അദ്ദേഹം എന്നെ ഡാനിയായി എങ്ങനെ കണ്ടുവെന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹം അത് കണ്ടു. എന്നില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന ബോധ്യവും മാര്‍ഗ ദര്‍ശനവുമായിരുന്നു എനിക്കെല്ലാം. ചുപ്പില്‍ എനിക്ക് മികച്ച അനുഭവം തന്നതിന് ബല്‍ക്കി സാറിനും, സഹതാരങ്ങള്‍ക്കും, അണിയറപ്രവര്‍ത്തകര്‍ക്കും എല്ലാവര്‍ക്കും നന്ദി’ -ദുല്‍ഖര്‍ കുറിച്ചു.

കൊച്ചി: സിനിമ- സീരിയല്‍ നടിയും അവതാരകയുമായ സുബി സുരേഷിന്റെ (42) അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു സുബിയുടെ അന്ത്യം.

മിമിക്രി സ്‌കിറ്റുകളിലൂടെയാണ് സുബി കലാരംഗത്തേക്ക് കടന്നു വരുന്നത്. അവതാരക എന്ന നിലയിലാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായത്. സിനിമാലയിലൂടെയും കുട്ടിപ്പട്ടാളം എന്ന ടെലിവിഷന്‍ ഷോയിലൂടെയും സുബിയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടി.

ജീവിതത്തില്‍ ഒരു ബ്രേക്കപ്പ് നേരിട്ട സുബി സുരേഷ് തന്റെ വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്ന് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. ‘അറേഞ്ച് മാര്യേജിനോട് എനിക്ക് താല്‍പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്’- സുബി പറഞ്ഞിരുന്നു. ‘എന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞുകൊണ്ട് ഒരാള്‍ എന്റെ ഒപ്പം കൂടിയിട്ടുണ്ട് ഇപ്പോള്‍. പുള്ളിക്കാരന്‍ ഫെബ്രുവരിയില്‍ വിവാഹം കഴിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് നടക്കുന്നത്. ഏഴുപവന്റെ താലി മാല വരെ ബുക്ക് ചെയ്തിട്ടുണ്ട്’-സുബി വെളിപ്പെടുത്തിയിരുന്നു.

അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവര്‍ക്കെതിരെ പ്രാര്‍ത്ഥിക്കുമെന്നും സുരേഷ് ഗോപി അടുത്തിടെ സുരേഷ് ഗോപി നടത്തിയ പ്രസംഗം വിവാദമായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലടക്കം വിമര്‍ശനം കനത്തതോടെ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തി.

കുറിപ്പിന്റെ പൂര്‍ണരൂപം

‘ഞാന്‍ അടുത്തിടെ നടത്തിയ പ്രസംഗത്തിന്റെ ഒരു വിഡിയോ ക്ലിപ്പ് പ്രചരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ അത് സന്ദര്‍ഭത്തിനനുസരിച്ച് എഡിറ്റ് ചെയ്തതല്ല. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പ്രതികരിക്കണമെന്ന് ഞാന്‍ കരുതി. അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂര്‍ണ്ണവും ചിന്തനീയവുമായ ആശയങ്ങളെ ഞാന്‍ ഒരിക്കലും അനാദരിച്ചിട്ടില്ല. അങ്ങനെ ചെയ്യുകയും ഇല്ല. എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള അവരുടെ വിഷലിപ്തമായ ആഗ്രഹത്തെ തൃപ്തിപ്പെടുത്താനാണ് ഞാന്‍ പറഞ്ഞതിനെ മുറിച്ച് പ്രചരിപ്പിക്കുന്നത്.

എന്റെ മതത്തിന്റെ പ്രദര്‍ശനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളെയും മതപരമായ ആചാരങ്ങള്‍ക്കെതിരായ പ്രദര്‍ശനത്തെയും കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ ശാപമോക്ഷത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കും എന്നാണ് പറഞ്ഞത്. ശബരിമലയിലെ ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയും കുറിച്ചാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് മാത്രമായിരുന്നു എന്റെ ഉദ്ദേശവും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത്. ഞാന്‍ ഇതിനെ പൂര്‍ണമായും എതിര്‍ക്കുന്നു. എന്റെ ഉദ്ദേശത്തെ വഴിതിരിച്ചുവിടേണ്ടതില്ല. ഇത് ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലും അല്ല ഞാന്‍ പറഞ്ഞത്. ഒരിക്കലും ഞാന്‍ അങ്ങനെ പറയുകയുമില്ല’.