‘കാന്താര’ സിനിമയിലെ ‘വരാഹരൂപം’ എന്ന പാട്ട് തൈക്കുടം ബ്രിഡ്ജിന്റെ നവരസയുടെ തനി പകര്പ്പാണെന്ന ബാന്ഡിന്റെ വാദം നിലനില്ക്കെ സിനിമ ഗാനങ്ങളെയും നാടന് പാട്ടുകളേയും റോക്ക് മ്യൂസിക്കാക്കി ക്രഡിറ്റ് കൊടുക്കാതെ ബാന്ഡ് പ്രസിദ്ധീകരിച്ചതിനെ ചോദ്യം ചെയ്യുകയാണ് സോഷ്യല് മീഡിയയിലെ ഒരു വിഭാഗം ഇ്പ്പോള്.
”ചെക്കേലടിക്കുന്നുണ്ടേ….”, ”അപ്പോഴേ പറഞ്ഞില്ലേ….” എന്നിങ്ങനെയുള്ള നാടന് പാട്ടുകള്ക്ക് ക്രഡിറ്റോ ആ പാട്ടുകളുടെയൊക്കെ ചിരിത്രമോ പറയാനുള്ള മനസ് ബാന്ഡ് കാണിക്കണം എന്നും ഒരു ജനതയുടെ ചരിത്രത്തിന് വില കൊടുക്കുന്നില്ല എന്നുണ്ടെങ്കില് അത് ഇരട്ടത്താപ്പാണ് എന്നുമാണ് സോഷ്യല് മീഡിയ പ്രതികരണങ്ങള്. മലയാളം തമിഴ് ചലച്ചിത്രങ്ങളിലെ പഴയ ഗാനങ്ങള് റോക്ക് മ്യൂസിക്ക് ചേര്ത്തവതരിപ്പിക്കുന്ന തൈക്കുടം ടീമിനും ഹരീഷ് രാമകൃഷ്ണനും, ബിജിബാലും ടീമിനുമൊക്കെ കേരളത്തിലെ നാടന് പാട്ടുകളുടെ പിതൃത്വം ആരെങ്കിലും പതിച്ചു നല്കിയിട്ടുണ്ടോ?? ഇവിടുത്തെ നാടന് പാട്ടും പുള്ളുവന് പാട്ടും തെയ്യവും തിറയും ഒക്കെ വെച്ച് കഴിവുള്ളവര് നല്ല സംഗീതം ചെയ്യും. നല്ലതാണെങ്കില് അവരെ ഭാഷ നോക്കാതെ നാട് നോക്കാതെ മലയാളികള് സ്വീകരിക്കുകയും ചെയ്യും, എന്നാണ് മറ്റൊരു പ്രതികരണം.
അതേസമയം, കേരളം പിന്തുടരുന്ന നിരവധി സംഗീത ശൈലിയില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകള് തയ്യാറാക്കിയത് എന്ന് സംഗീത സംവിധായകന് അജനീഷ് പ്രതികരിച്ചു. വടക്കന് കേരളത്തിലെയും ദക്ഷിണ കര്ണ്ണാടകയിലെയും തുളുനാടന് പാട്ടുകളും സംഗീതവുമാണ് ഇതില് ഉള്ക്കൊള്ളിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ ബൂട്ട കോല ഭാഗത്ത്, റോക്ക് സംഗീതം ഉപയോഗിച്ചിട്ടുണ്ട്. അത് തീവ്രത വര്ദ്ധിപ്പിക്കാന് വേണ്ടിയാണ്. പാഞ്ചുരളി ദൈവത്തെ കാണിക്കാന് കര്ണാടക ശാസ്ത്രീയ സംഗീതവും അവതരിപ്പിച്ചിട്ടുണ്ട്.

