റോക്കി ഭായിയെ പിന്നിലാക്കി കാന്താര; ഹോംബാലെ ഫിലിംസിന്റെ പുത്തന്‍ നേട്ടം

റിഷഭ് ഷെട്ടിയുടെ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് കാന്താര. കന്നഡ പതിപ്പിന് വന്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം, ഇതര ഭാഷകളിലെ ബോക്‌സ് ഓഫീസുകളിലും വെന്നിക്കൊടി പാറിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ നേട്ടം പങ്കുവച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്.

‘കെജിഎഫ് 2’വിന് ലഭിച്ചതിനേക്കാള്‍ വന്‍ സ്വീകാര്യതയാണ് കാന്താര നേടുന്നതെന്ന് ഹോംബാലെ ഫിലിംസ് അറിയിച്ചതായി ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിരിക്കുന്നു. കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഹോംബാലെ പ്രൊഡക്ഷന്‍സിന്റെ ചിത്രം ആയിരിക്കുകയാണ് കാന്താര ഇപ്പോള്‍.

ചിത്രത്തിന്റെ ഒര്‍ജിനല്‍ കന്നഡ പതിപ്പ് തിയറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 30 ന് ആയിരുന്നു. പിന്നാലെ തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകളും റിലീസിനെത്തി. രണ്ട് ദിവസം മുന്‍പാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് വിതരണം ചെയ്ത ചിത്രം കേരളത്തിലും ആവേശം തീര്‍ക്കുകയാണ്. മൂന്ന് ദിവസം മുന്‍പാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്. ഈ ദിവസങ്ങളിലായി 17.05 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.