Entertainment (Page 95)

ആദിപുരുഷ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ സിനിമക്കെതിരെയും സംവിധായകനെതിരെയും വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇത്ര അധികം പണം ചിലവാക്കി നിര്‍മ്മിക്കുന്ന ഒരു ചിത്രത്തില്‍ നിന്ന് കാര്‍ട്ടൂണിന് സമാനമായ പ്രകടനം അല്ല പ്രതീക്ഷിക്കുന്നത് എന്ന തരത്തിലായിരുന്നു ആളുകളുടെ പ്രതികരണം.

എന്നാല്‍, വിമര്‍ശനങ്ങളെല്ലാം മാറ്റി നിര്‍ത്തി പ്രശംസ ഏറ്റുവാങ്ങുകയാണ് ചിത്രത്തിന്റെ 3ഡി ടീസര്‍. ഹൈദരാബാദിലാണ് ചിത്രത്തിന്റെ 3ഡി ടീസര്‍ ലോഞ്ച് ചെയ്തത്. ലോഞ്ചിന് പിന്നാലെ സംവിധായകനെ തേടി എത്തിയത് മികച്ച പ്രതികരണങ്ങളാണ്. നായകനായ പ്രഭാസാണ് ആദ്യ പ്രതികരണവുമായി എത്തിയത്. തന്റെ ചിത്രം 3 ഡി ആയി കണ്ടത് ത്രില്ലടിപ്പിച്ചു എന്നാണ് താരത്തിന്റെ പ്രതികരണം. വലിയ സ്‌ക്രീനില്‍ ആദ്യമായാണ് 3 ഡിയില്‍ താന്‍ തന്നെ കാണുന്നത്.അതിനാല്‍ ഞാന്‍ എന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. മൃഗങ്ങളുടെ രംഗങ്ങള്‍ വളരെ ആകാംഷ നിറച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ചിത്രത്തിന്റെ ടീസറിന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ രംഗത്തെത്തിയിരുന്നു. 3ഡിയില്‍ തയ്യാറാക്കപ്പെടുന്ന ചിത്രം ബിഗ് സ്‌ക്രീനിനെ ഉദ്ദേശിച്ചുള്ളതാണെന്നും മൊബൈല്‍ സ്‌ക്രീനില്‍ കണ്ടാല്‍ അത് ആസ്വദിക്കാനാവില്ലെന്നുമായിരുന്നു സംവിധായകന്‍ ഓം റാവത്തിന്റെ പ്രതികരണം.

ബോളിവുഡിന്റെ ബിഗ്-ബി അമിതാഭ് ബച്ചന്റെ 80-ാം പിറന്നാളിനോടനുബന്ധിച്ച് ഫിലിം ഹെറിറ്റേജ് ഫൗണ്ടേനും പിവിആറും ചേര്‍ന്ന് ആദരസൂചകമായി എബി ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു. ഇന്ന് മുതല്‍ പിറന്നാള്‍ ദിനമായ 11 വരെയാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.

‘ബച്ചന്‍ ബാക്ക് ടു ദി ബിഗിനിങ്’ എന്ന് പേരിട്ടിരിക്കുന്ന ചലച്ചിത്ര മേളയില്‍ 22 സ്‌ക്രീനുകളിലായി ബച്ചന്റെ 11 ക്ലാസിക്ക് സിനിമകളാണ് ഇന്ത്യയുടെ പല നഗരങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്. ‘എന്റെ സിനിമാ യാത്ര തുടങ്ങിയ ചലച്ചിത്രങ്ങള്‍ക്കൊപ്പം…ഡോണും മിലിയും പുറത്തിറങ്ങി അന്‍പത് വര്‍ഷത്തോളമായി കഴിഞ്ഞു…ഇപ്പോള്‍ വീണ്ടും ഈ സിനിമകള്‍ പ്രദര്‍ശനത്തിനെത്തുകയാണ്…കൂടുതല്‍ ക്ലാസിക്കുകള്‍ ബിഗ് സ്‌ക്രീനില്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നു…’അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തു.

200-ലധികം സിനിമകളില്‍ അഭിനയിച്ച ബച്ചന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. മികച്ച നടനുള്ള നാല് ദേശീയ അവാര്‍ഡുകള്‍, ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്, അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ അവാര്‍ഡ് എന്നിങ്ങനെ സിനിമ മേഖലയില്‍ ബച്ചന്‍ വാരിക്കൂട്ടിയ പുരസ്‌കാരങ്ങള്‍ ഏറെയാണ്. 1984 ല്‍ പദ്മശ്രീ, 2001 ല്‍ പത്മഭൂഷണ്‍, 2015 ല്‍ പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി ഇന്ത്യ ആദരിച്ചിട്ടുണ്ട്. സിനിമാ ലോകത്തിന് നല്‍കിയ സംഭാവനകള്‍ക്ക് ഫ്രാന്‍സ് സര്‍ക്കാര്‍ 2007 ല്‍ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ നൈറ്റ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ നല്‍കി ആദരിച്ചിരുന്നു. ബാസ് ലുഹ്മാന്റെ ദി ഗ്രേറ്റ് ഗാറ്റ്‌സ്ബി (2013) എന്ന ഹോളിവുഡ് ചിത്രത്തിലും ബച്ചന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ന്യൂഡല്‍ഹി: രാജരാജ ചോളന്‍ ഹിന്ദു രാജാവല്ലെന്ന് പറയുന്നത് കേട്ട് താന്‍ അമ്ബരന്നുവെന്ന് മുന്‍ എംപിയും ജമ്മു കശ്മീര്‍ ഭരിച്ച അവസാന രാജാവായ രാജാ ഹരി സിങ്ങിന്റെ മകന്‍ കൂടിയുമായ ഡോ.കരണ്‍ സിങ്ങ്.

‘ശിവന്‍ ആദിമകാലം മുതലേയുള്ള ഒരു ഹിന്ദു ദൈവമാണ്. ശ്രീനഗര്‍ മുതല്‍ രാമേശ്വരം വരെയുള്ള ദശലക്ഷക്കണക്കിന് ഭക്തരുടെ തീവ്രമായ അര്‍പ്പണത്തിന് പാത്രമായ ദൈവമാണത്. ചോള രാജാവ് പണികഴിപ്പിച്ച ശിവക്ഷേത്രം മികച്ച ക്ഷേത്രങ്ങളില്‍ ഒന്നാണ്. അത് വാസ്തുശില്‍പകലയുടെ അത്ഭുതമായാണ് അറിയപ്പെടുന്നത്. ചോളരാജാവ് പണികഴിപ്പിച്ച തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തില്‍ പല തവണ ഞാന്‍ തൊഴുതിട്ടുണ്ട്. ശിവഭക്തര്‍ ഹിന്ദു അല്ലെന്ന് പറയുന്നത് കതോലിക്കര്‍ ക്രിസ്ത്യാനികളല്ലെന്ന് പറയുന്നതിന് തുല്ല്യമാണ്. ഇത്തരത്തിലുള്ള വാചകക്കസര്‍ത്തുകള്‍ നമ്മുടെ മഹത്തായ ഹിന്ദു മതത്തെ താറടിക്കാനും ആശയക്കുഴപ്പത്തിലാക്കാനും മാത്രമേ ഉതകൂ. അത് സ്വീകാര്യമല്ല. ഹിന്ദു എന്ന വാക്ക് പിന്നീട് ചേര്‍ക്കപ്പെട്ടതായിരിക്കാം. പക്ഷെ ശൈവ, വിഷ്ണു, ഹനുമാന്‍, ഗണേശ, മഹാലക്ഷ്മി, മഹാകാളി എന്നിവയെല്ലാം നൂറ്റാണ്ടുകളായി സനാതന ധര്‍മ്മത്തിന്റെ ഭാഗമായിരുന്നു. ശൈവമതം, വൈഷ്ണവമതം, ശക്തി എന്നിവ ഹിന്ദു മതത്തിന്റെ മൂന്ന് വഴിത്താരകളാണ്. ലോകമെമ്ബാടും ഇതിന് കോടിക്കണക്കായ ഭക്തരുണ്ട്’- കരണ്‍ സിങ്ങ് അഭിപ്രായപ്പെട്ടു.

മണിരത്‌നത്തിന്റെ പൊന്നിയിന്‍ ശെല്‍വന്‍ എന്ന സിനിമ പുറത്തുവന്ന ശേഷം സംവിധായകന്‍ വെട്രിമാരനാണ് രാജ രാജ ചോള രാജാവ് ഹിന്ദുവല്ലെന്ന വിവാദപ്രസ്താവന ആദ്യം നടത്തിയത്. പിന്നാലെ നടന്‍ കമലഹാസനും ഇതിനെ പിന്തുണച്ചു. വൈഷണവം, ശൈവം, സമാനം എന്നീ മൂന്ന് വിശ്വാസധാരകളാണ് ആദ്യം ഉണ്ടായിരുന്നതെന്നും ഹിന്ദു എന്ന വാക്ക് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നതാണെന്നും അതുകൊണ്ട് ചോള രാജവംശം ഹിന്ദുമതമല്ലെന്നുമാണ് കമലഹാസന്‍ പറഞ്ഞത്.

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയെ താല്‍ക്കാലികമായി സിനിമയില്‍ നിന്ന് വിലക്കിയ സംഭവത്തില്‍ മമ്മൂട്ടി നടത്തിയ പ്രതികരണത്തെ വിമര്‍ശിച്ച് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ രംഗത്ത്.

ജി സുരേഷ് കുമാറിന്റെ വാക്കുകള്‍

മമ്മൂട്ടിയെ പോലൊരാള്‍, കാര്യങ്ങള്‍ മനസിലാക്കിയ ശേഷം മാത്രം പ്രതികരിക്കണമായിരുന്നു. നടന്റെ പ്രതികരണത്തിന് പിന്നാലെ തന്നോട് പല മാധ്യമ പ്രവര്‍ത്തകരും ചോദ്യങ്ങളുമായി വന്നിരുന്നു. എന്നാല്‍ പരിശോധിച്ച ശേഷം പറയാമെന്ന് ഞാന്‍ മറുപടി നല്‍കി. ഇപ്പോള്‍ വിഷയം പൂര്‍ണ്ണമായി മനസിലാക്കിയ ശേഷമാണ് ഞാന്‍ പ്രതികരിക്കുന്നത്. മമ്മൂട്ടിയോ മോഹന്‍ലാലോയെന്നല്ല ആരു പറഞ്ഞാലും വിഷയത്തില്‍ ഞങ്ങള്‍ ശക്തമായി പ്രതികരിക്കും. അതിന് ആരെയും ഞങ്ങള്‍ ഭയപ്പെടുന്നില്ല. പണ്ട് തിലകന്‍ ഉള്‍പ്പടെയുള്ള പല അഭിനേതാക്കളെയും താരങ്ങളുടെ സംഘടനായ അമ്മ വിലക്കിയിട്ടുണ്ട്. അന്ന് നിര്‍മ്മാതാക്കളുടെ സംഘടന അതിനെ ചോദ്യം ചെയ്തിട്ടില്ല. അതേപോലെ അന്തസ്സുള്ള നിലപാട് മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നു.

ഓസ്‌കര്‍ അവാര്‍ഡിന് മത്സരിക്കാനൊരുങ്ങി രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’. മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 14 വിഭാഗങ്ങളില്‍ ചിത്രം മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പാന്‍ നളിന്‍ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’യാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ബാഹുബലി 2ന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം 550 കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. 1150 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. തിയറ്റര്‍ റിലീസിന് പിന്നാലെ നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.

രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.

മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ ഷിബു എന്ന കഥാപാത്രമായി സിനിമാപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ നടന്‍ ഗുരു സോമസുന്ദരത്തിന് ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡ്‌സില്‍ മികച്ച നടനുള്ള പുരസ്‌കാരം. ചിത്രം സംവിധാനം ചെയ്ത ബേസില്‍ ജോസഫിന് മികച്ച സംവിധായകനുള്ള ഏഷ്യന്‍ അക്കാദമി പുരസ്‌കാരവും ലഭിച്ചു. മികച്ച വിഷ്വല്‍ എഫ്.എക്‌സ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും മിന്നല്‍ മുരളിക്കാണ് ലഭിച്ചിരിക്കുന്നത്.

ഏഷ്യ – പസഫിക് റീജിയണിലെ 16 രാജ്യങ്ങളില്‍ നിന്നുമുള്ള സിനിമകളും ടെലിവിഷന്‍ പരമ്പരകളും പരിഗണിച്ചതില്‍ നിന്നാണ് ഇന്ത്യയില്‍ നിന്നും ‘മിന്നല്‍ മുരളി’ ഈ അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 52-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, സൈമ അവാര്‍ഡ്‌സ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം മിന്നല്‍ മുരളിക്ക് ലഭിച്ചിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ വീണ്ടും അംഗീകാരം തേടിയെത്തിയിരിക്കുന്നത്.

അതേസമയം, ആരണ്യകാണ്ഡം എന്ന തമിഴ് ചിത്രത്തിലായിരുന്നു ഗുരു സോമസുന്ദരം ആദ്യമായി അഭിനയിച്ചത്. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായി. 2015-ല്‍ കോഹിന്നൂര്‍ എന്ന മലയാളം സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മിന്നല്‍ മുരളിയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായി മാറിയ അദ്ദേഹം ചട്ടമ്പി എന്ന സിനിമയിലും അഭിനയിച്ചിരുന്നു. നാലാം മുറ, ചേര, കാപ്പ, ഇന്ദിര, നീരജ തുടങ്ങിയ മലയാളം സിനിമകളും ഗുരു സോമസുന്ദരം അഭിനയിച്ച് പുറത്തിറങ്ങാനായിരിക്കുന്നുണ്ട്.

ഭോപ്പാല്‍: ഓം റൗത്തിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനാകുന്ന രാമായണം ആസ്പദമാക്കിയുള്ള ‘ആദിപുരുഷി’നെതിരെ കേസ് കൊടുക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

‘ആദിപുരുഷിന്റെ ട്രെയിലര്‍ ഞാന്‍ കണ്ടു, അതില്‍ എതിര്‍ക്കപ്പെടേണ്ട രംഗങ്ങളുണ്ട്. ഹിന്ദു ദേവന്മാരുടെ കഥാപാത്രങ്ങളുടെ വസ്ത്രവും രൂപവും യഥാര്‍ത്ഥ വിധത്തിലല്ല ആവിഷ്‌കരിച്ചിരിക്കുന്നത്’- മിശ്ര വ്യക്തമാക്കി.

‘ഹനുമാന്‍ജി ധരിച്ചിരിക്കുന്നത് ലെതറാണ്. പുരാണങ്ങളിലുള്ള വസ്ത്രധാരണ രീതി ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഈ രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുകയാണ്. ഇത്തരം രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ഞാന്‍ സംവിധായകന്‍ ഓം റൗത്തിന് കത്തെഴുതും. അവ നീക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയസൂര്യ നായകനായ ചിത്രം ‘ഈശോ’ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി. ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഈശോ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍, കഴിഞ്ഞ ദിവസം ഈശോ റിലീസ് ചെയ്തിരുന്നു. സോണി ലിവിലൂടെ ഡയറക്ട് ഒടിടി ആയാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയതിന് പിന്നാലെ തന്റെ അഭിപ്രായം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പി സി ജോര്‍ജ്.

‘ഈശോ എന്ന ചിത്രത്തില്‍ ആദ്യം മുതല്‍ ഏറെ തര്‍ക്കം ഉള്ള ആളായിരുന്നു ഞാന്‍. ഈശോ എന്നത് ഒരു വ്യക്തിയുടെ പേരാണ്. എനിക്ക് തെറ്റ് പറ്റിയത് അവിടെയാണ്. ക്രൈസ്റ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഞാന്‍ പറഞ്ഞതിനകത്ത് കാര്യമുണ്ടായിരുന്നേനെ. നോട്ട് ഫ്രം ബൈബിള്‍ എന്ന് കണ്ടപ്പോഴാണ് പ്രതികരിച്ചത്. പക്ഷേ നാദിര്‍ഷ പറഞ്ഞത് സിനിമ കണ്ടിട്ട് തീരുമാനം പറയാനായിരുന്നു. ഇന്ന് സിനിമ കണ്ടപ്പോള്‍ അന്ന് നാദിര്‍ഷ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് മനസ്സിലായെന്നും’ പി സി ജോര്‍ജ് പറഞ്ഞു. ‘ഇന്നത്തെ തലമുറയിലെ മാതാപിതാക്കള്‍ കണ്ടിരിക്കേണ്ട ചിത്രമാണിത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സിനിമയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തെ പ്രശ്‌നങ്ങള്‍ വളരെ വ്യക്തമായി തന്നെ ചിത്രത്തില്‍ പറയുന്നുണ്ട്. ചില കുശുമ്ബന്മാര്‍ ആണ് എന്നോട് സിനിമയെ കുറിച്ച് മോശമായി പറഞ്ഞതെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാള ചലച്ചിത്രം ‘ഹോളി ഫാദറി’ ലെ അഭിനയ മികവിന് രാജു തോട്ടത്തില്‍ 5th GODARD INTERNATIONAL FILM FESTIVAL – ല്‍ മികച്ച നടനുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടം നേടി.

ഓര്‍മ്മയുടെയും മറവിയുടെയും നൂല്‍പ്പാലത്തിലൂടെ ജീവിക്കുന്ന അറുപത് വയസുള്ള പിതാവിന്റെ ജീവിത സന്ധ്യയിലെ നൊമ്ബരമുണര്‍ത്തുന്ന ജീവിതം രാജു തോട്ടം റൊസാരിയോ എന്ന കഥാപാത്രത്തിലൂടെ അവിസ്മരണീയമായി ആവിഷ്‌കരിച്ചതിനാണ് ഈ മികച്ചനടനുള്ള നോമിനേഷന്‍. 87 രാജ്യങ്ങള്‍ പങ്കെടുത്ത ഈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നടനുള്ള നോമിനേഷന്‍ ലഭിക്കുന്ന ഏക ഇന്ത്യക്കാരനാണ് അമേരിക്കന്‍ മലയാളി കൂടിയായ രാജു തോട്ടം.

അതേസമയം, പതിനാലോളം ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ‘ ഹോളി ഫാദറിലെ’ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാജു തോട്ടത്തിന് ഇതുവരെ ആറ് തവണ മികച്ച നടനുള്ള സംസ്ഥാന – ദേശീയ- അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ റോട്ടറി സദന്‍ ഓഡിറ്റോറിയത്തില്‍ വച്ച് പന്ത്രണ്ടാം തിയ്യതിയാണ് ഫെനല്‍ സ്‌ക്രീനിങ്ങും പുരസ്‌കാരദാനവും.

തിയേറ്ററുകളില്‍ വന്‍ വിജയവുമായി മുന്നേറുകയാണ് മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’. സെപ്റ്റംബര്‍ 30-ന് റിലീസ് ചെയ്ത ചിത്രം 230 കോടിയാണ് ഇതിനോടകം സ്വന്തമാക്കിയത്.

ഇപ്പോഴിതാ, സിനിമയെ അഭിനന്ദിച്ചിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. പൊന്നിയിന്‍ സെല്‍വന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുകയാണ് രജനികാന്തിന്റെ വാക്കുകള്‍. ‘പൊന്നിയിന്‍ സെല്‍വനി’ല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജയം രവിയാണ് ഈ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

‘ആ ഒരു മിനിറ്റ് സംഭാഷണം എന്റെ ദിനവും വര്‍ഷവും അവിസ്മണീയമാക്കി. എന്റെ കരിയറിന് ഒരു പുതിയ അര്‍ത്ഥം നല്‍കി. താങ്കളുടെ നല്ല വാക്കുകള്‍ക്കും കുട്ടികളെപ്പോലെയുള്ള ഉത്സാഹത്തിനും തലൈവര്‍ക്ക് നന്ദി. സിനിമയും എന്റെ പ്രകടനവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. താങ്കളുടെ വാക്കുകള്‍ക്ക് മുന്നില്‍ ഞാന്‍ വിനീതനും അനുഗ്രഹീതനുമാണ്’ എന്നാണ് ജയം രവി ട്വിറ്ററില്‍ കുറിച്ചത്.