Entertainment (Page 211)

കൊച്ചി: മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനെതിരായ പരാതിയില്‍ നാല് ആഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഹൈക്കോടതി.

ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് കുഞ്ഞാലി മരയ്ക്കാരുടെ കുടുംബാംഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും നടപടിയായില്ലെന്ന് ചൂണ്ടിക്കാട്ടി മരയ്ക്കാര്‍ കുടുംബാംഗമായ മുഫീദ അറാഫത് മരയ്ക്കാരാണ് ഹര്‍ജി നല്‍കിയത്.

സെന്‍സര്‍ ബോര്‍ഡിനും കേന്ദ്ര സര്‍ക്കാരിനും 2020 ഫെബ്രുവരിയില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. റൂള്‍ 32 പ്രകാരം നടപടി എടുക്കണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.

പരാതി കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും സെന്‍സര്‍ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കുഞ്ഞാലി മരക്കാരുടെ ജീവിതത്തെ വസ്തുതാവിരുദ്ധമായി ചിത്രീകരിക്കുന്നതായി സിനിമയുടെ ടീസറില്‍ നിന്നും വ്യക്തമാകുന്നെന്നും, ഇത് സാമുദായിക വിദ്വേഷം ജനിപ്പിക്കാന്‍ കാരണമാകുമെന്നും മുഫീദ പറയുന്നു. വിദഗ്ധ സമിതി പരിശോധിച്ചതിന് ശേഷം മാത്രമേ ചിത്രത്തിന് അനുമതി നല്‍കാവൂ എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

മുംബൈ: നീലച്ചിത്ര നിര്‍മാണത്തിന് അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കെതിരായി ബോളിവുഡ് താരം ശില്പാ ഷെട്ടിയുടെ മൊഴി. ഭര്‍ത്താവിന്റെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ ബിസിനസ്സ് എന്തായിരുന്നുവെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും ശില്പാ ഷെട്ടി പൊലീസിന് മൊഴി നല്‍കി.

അഭിനയ ജീവിതവുമായി വളരെ തിരക്കിലായിരുന്നുവെന്നും അതിനാല്‍ ഭര്‍ത്താവിന്റെ ജോലി എന്തായിരുന്നുവെന്ന് അന്വേഷിക്കാന്‍ സാധിച്ചില്ലെന്നും ശില്പാ ഷെട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഹോട്ട്‌ഷോട്ട്‌സ്, ബോളിഫേം എന്നീ ആപ്പുകളെ കുറിച്ചും തനിക്ക് അറിവില്ലായിരുന്നുവെന്നും ശില്പാ ഷെട്ടി പറഞ്ഞു. രാജ് കുന്ദ്രയ്‌ക്കെതിരെ മുംബൈ പൊലീസ് സമര്‍പ്പിച്ച 1400 പേജ് കുറ്റപത്രത്തില്‍ ബോളിവുഡ് അഭിനേത്രി കൂടിയായ ശില്പാ ഷെട്ടിയേയും സാക്ഷിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ജൂലായ് 19നാണ് രാജ് കുന്ദ്രയേയും കൂട്ടാളികളേയും നീലച്ചിത്ര നിര്‍മാണത്തിന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതില്‍ നാലു പേര്‍ അന്വേഷണ സമയത്തു തന്നെ രാജ് കുന്ദ്രയ്‌ക്കെതിരായി മൊഴി നല്‍കിയിരുന്നു. ഇവരെ കേസില്‍ മാപ്പുസാക്ഷികളാക്കിയേക്കും.

അതേസമയം, താന്‍ നിര്‍മ്മിച്ചവ ലൈംഗികതയുടെ അതിപ്രസരമുള്ള ചിത്രങ്ങളായിരുന്നില്ലെന്നും മറിച്ച് സ്‌നേഹപ്രകടനങ്ങള്‍ മാത്രമായിരുന്നു അവയിലുണ്ടായിരുന്നതെന്നുമായിരുന്നു രാജ് കുന്ദ്ര കോടതിയില്‍ വാദിച്ചത്.

കൊച്ചി: ചലച്ചിത്ര അഭിനയ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന സലിം കുമാറിന് ആശംസകള്‍ നേര്‍ന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. നമ്മെ പൊട്ടിച്ചിരിപ്പിച്ചും ഇടയ്‌ക്കൊക്കെ കണ്ണു നനയിപ്പിച്ചും വിസ്മയിപ്പിച്ചും വെള്ളിത്തിരയില്‍ നാം കണ്ട മഹാനടനമാണ് സലിം കുമാറെന്ന് ഫേസ്ബുക്കില്‍ കുറിപ്പില്‍ സുധാകരന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

സ്വതന്ത്രമായ അഭിപ്രായങ്ങളും സത്യസന്ധമായ നിലപാടുകളും വെച്ചു പുലര്‍ത്തുന്ന കലാകാരനാണ് പ്രിയപ്പെട്ട സലിംകുമാര്‍. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ മുഖം നോക്കാതെ പറയാന്‍ ധൈര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മനുഷ്യനാണ് അദ്ദേഹം.

നമ്മെ പൊട്ടിച്ചിരിപ്പിച്ചും ഇടയ്‌ക്കൊക്കെ കണ്ണു നനയിപ്പിച്ചും വിസ്മയിപ്പിച്ചും വെള്ളിത്തിരയില്‍ നാം കണ്ട മഹാനടനം രണ്ടര പതിറ്റാണ്ട് പിന്നിടുന്നു.

സിനിമാ-അഭിനയ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന സലിം കുമാറിന് ആശംസകള്‍.

ഇനിയുമൊരുപാട് സിനിമകളിലൂടെ നമ്മളെ രസിപ്പിക്കാന്‍ അവസരം ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

കൊച്ചി: എസ്.ഐയെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച് നടനും എംപിയുമായ സുരേഷ്‌ഗോപിക്കെതിരെ സ്്ക്രീന്‍ഷോട്ട് പങ്കുവെച്ച് വിമര്‍ശനവുമായി നടന്‍ വിനായകന്‍. ഗൂഗിളില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന റിസള്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു വിനായകന്റെ വിമര്‍ശനം. ‘പൊലീസിനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് വാങ്ങിച്ച് സുരേഷ് ഗോപി’ എന്ന തെരച്ചില്‍ ഫലത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് താരം പോസ്റ്റ് ചെയ്തത്.

അതേസമയം, പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനങ്ങളും കമന്റായി വരുന്നുണ്ട്. അഞ്ചാറ് സിനിമയില്‍ അഭിനയിച്ചു പത്തു കാശ് ആയപ്പോ ലുമിയര്‍ സഹോദരന്മാരും ജെ സി ഡാനിയേളും ഒക്കെ സ്വന്തം അളിയന്മാരായി എന്നായിരിക്കും വിചാരം..കഷ്ടപ്പെടുന്ന കാലത്തും സുരേഷ്ഗോപി ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വപ്നത്തിലെങ്കിലും കാണാന്‍ തനിക്കു കഴിഞ്ഞിട്ടില്ലല്ലോ. ഇന്നലെ പെയ്ത മഴയില്‍ കുരുത്ത വെറും തകര ആണ് വിനായകന്‍ എന്ന നടന്‍.ഇപ്പൊ നിങ്ങളെ സ്തുതിക്കുന്ന ടീമുകള്‍ തന്നെ നാളെ നിങ്ങളെ തെറിവിളിക്കുന്നതും കാണാം… കര്‍മം എന്നാല്‍ സുമ്മാവ…ബൂമറങ് പോലെ വന്തിടും.. നിശ്ചയമെന്നായിരുന്നു ഒരാളുടെ കമന്റ്.

വിവാദമാകുന്ന സംഭവങ്ങളില്‍ നേരിട്ട് പ്രതികരണം പറയാതെ ഇത്തരത്തില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെക്കുന്നത് വിനായകന്റെ രീതിയാണ്. തന്റെ സ്‌ക്രീന്‍ഷോട്ട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ ആ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും താരം പോസ്റ്റു ചെയ്യാറുണ്ട്.

ന്യൂഡല്‍ഹി: താലിബാന്റെ പിടിയിലായ അഫ്ഗാനില്‍ നിന്നുള്ള രക്ഷാദൗത്യം പ്രമേയമാക്കി ചിത്രം ബോളിവുഡില്‍ ഒരുങ്ങുന്നു. ഗരുഡ് എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

അഫ്ഗാനില്‍ നടന്ന യാഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചിത്രീകരിക്കുന്ന സിനിമയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക സേനായൂണിറ്റായ ഗരുഡ് കമാന്‍ഡോ ഫോഴ്സിലെ ഒരു ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്.

അഫ്ഗാനിലെ രക്ഷാദൗത്യ പ്രവര്‍ത്തനങ്ങളാണ് ചിത്രത്തില്‍ പ്രധാനമായും ആവിഷ്‌കരിക്കുന്നതെന്നും 2022 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ ഗരുഡ് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

അജയ് കപൂറും സുഭാഷ് കാലെയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായകനെയോ അഭിനേതാക്കളെയോ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കെജിഎഫിന്റെ സംഗീത സംവിധായകന്‍ രവി ബാസ്രുറാണ് ഗരുഡിന് പശ്ചാത്തല സംഗീതമൊരുക്കുന്നത്. തിരക്കഥയും സംഭാഷണവും നിധി സിംഗ് ധര്‍മ നിര്‍വഹിക്കും.

മുബൈ: ബോളിവുഡ് താരം സോനു സൂദിന്റെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. മുംബൈയിലും ലഖ്നൗവിലുമായി ആറ് സ്ഥലങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. സോനുവിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഓഫീസുകളിലും താരവുമായി ബന്ധമുള്ള ലഖ്നൗവിലെ കമ്പനിയിലുമായിരുന്നു പരിശോധന.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ വളരെ ജനശ്രദ്ധ പിടിച്ചുപറ്റിയ താരം കൂടിയാണ് സോനു. അതേസമയം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ താരം നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ച് വരികയാണ്.

അടുത്തിടെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു പ്രോജക്റ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി സോനു ചുമതല ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ പരിശോധനയെന്നത് ശ്രദ്ധേയമാണ്.

മുന്‍പ് 2012ലും നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് സോനു സൂദിന്റെ ഓഫിസുകളില്‍ പരിശോധന നടത്തിയിരുന്നു.

ലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ത്രില്ലറായി ഏറ്റെടുത്ത ‘ജോജി’ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കാണ് ജോജി തെരഞ്ഞെടുക്കപ്പെട്ടത്. സിനിമ തിരഞ്ഞെടുക്കപ്പെട്ട വിവരം സംവിധായന്‍ ദിലീഷ് പോത്തനും, ഫഹദ് ഫാസിലും ഫേസ്ബുക്കില്‍ പങ്കുവച്ചു.

മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം സംവിധായകന്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിച്ച ജോജി ഏപ്രില്‍ ഏഴിനാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ശേഷം, ദേശീയ അന്തര്‍ദേശീയ തലത്തിലും ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ജീവിത കഥ പറയുന്ന പുതിയ ഡോക്യുമെന്ററിയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ദ് അണ്‍നോണ്‍ വാരിയര്‍’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ റിലീസ് ചെയ്തു. നാം അറിഞ്ഞതും അറിയാത്തതുമായ ഉമ്മന്‍ ചാണ്ടിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഡോക്യുമെന്ററിയിലുണ്ട് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ ഡോകുമെന്ററി ആണ് ചാണ്ടി ഉമ്മനു നല്‍കി റിലീസ് ചെയ്തത്.

ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് മക്ബുല്‍ റഹ്‌മാന്‍ ആണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ,് തെലുങ്ക് എന്നീ അഞ്ചു ഭാഷകളിലൊരുക്കിയ ഡോക്യുമെന്ററി സെപ്തംബര്‍ 17-നു റിലീസ് ചെയ്യും. ഹുനൈസ് മുഹമ്മദും ഫൈസല്‍ മുഹമ്മദും ചേര്‍ന്നാണു ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്. രചന നിര്‍വഹിച്ചിരിക്കുന്നത് നിബിന്‍ തോമസും അനന്തു ബിജുവുമാണ്. അനീഷ് ലാല്‍ ആര്‍ എസ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 13 മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.

മുംബൈ: ബോളിവുഡ് താരം കങ്കണയ്ക്ക് അന്തിമ താക്കീത് നല്‍കി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി. ജാവേദ് അക്തറിന്റെ അപകീര്‍ത്തിക്കേസില്‍ കങ്കണ ഹാജരാവാത്തതിനെ തുടര്‍ന്നാണ് കോടതി അന്തിമ താക്കീത് നല്‍കിയത്. ഹാജരായില്ലെങ്കില്‍ നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ജഡ്ജി ആര്‍.ആര്‍ ഖാന്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ആഴ്ചകളിലായി പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നുവെന്നും, കോവിഡ് രോഗലക്ഷണങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചൊവ്വാഴ്ചയും കങ്കണ കോടതിയില്‍ എത്താതിരുന്നത്. കങ്കണയ്ക്ക് ഹാജരാകന്‍ ഒരു അവസരം കൂടി കൊടുക്കുന്നതിനെ ജാവേദ് അക്തറിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. കോടതി നടപടി വൈകിക്കാനുള്ള തന്ത്രമാണ് ഓരോ തവണയും പല കാരണങ്ങള്‍ പറഞ്ഞ് ഹാജരാകാത്തതിന് പിന്നിലെന്ന് അഭിഭാഷകന്‍ ആരോപിച്ചു.

പരാതിക്കാരനായ ജാവേദ് അക്തര്‍ ഭാര്യ ശബാന ആസ്മിയോടൊപ്പം കോടതിയിലെത്തിയിരുന്നു. നേരത്തെ, കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് കങ്കണ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തിങ്കളാഴ്ചയും കോടതിയില്‍ ഹാജരായില്ലെങ്കില്‍ കങ്കണയ്‌ക്കെതിരെ അറസ്റ്റ് നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്.

ലയാളത്തിന്റെ യുവതാരം കുഞ്ചാക്കോ ബോബനും, തമിഴ് സൂപ്പര്‍താരം അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ഒറ്റിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു. ടിപി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ചാക്കോച്ചനും അരവിന്ദ് സ്വാമിയും ലൊക്കേഷനില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

തെന്നിന്ത്യയിലെ രണ്ട് ചോക്ലേറ്റ് താരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ത്രില്ലര്‍ സിനിമയില്‍ ഒന്നിക്കുന്നതിനെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അരവിന്ദ് സ്വാമി ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ്. സജീവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായികയാകുന്നത്. ചിത്രം മലയാളത്തിലും തമിഴിലുമായാണ് റിലീസ് ചെയ്യുന്നത്. തമിഴില്‍ രണ്ടകം എന്ന പേരിലാണ് സിനിമ റിലീസ് ചെയ്യു. ദ് ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അപ്പു ഭട്ടതിരിയാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.